ഷാര്‍ജ പൈതൃകോത്സവത്തിന് ഇന്ന് തുടക്കം
text_fieldsഷാര്‍ജ: ലോകപൈതൃകങ്ങളെ ഒരുകുടക്കീഴില്‍ കൊണ്ടുവരുന്ന വ്യത്യസ്ത സംസ്കാരങ്ങളുടെ ആഘോഷമായ ഷാര്‍ജ പൈതൃകോത്സവത്തിെൻറ 18ാം പതിപ്പിന് ഹര്‍ട്ട് ഓഫ് ഷാര്‍ജയില്‍ ശനിയാഴ്ച തുടക്കമാകും. അടുത്തമാസം 10 വരെ നീളുന്ന ആഘോഷങ്ങള്‍ കോവിഡ് സുരക്ഷാനിയമങ്ങള്‍ കൃത്യമായി പാലിച്ചാണ് അരങ്ങേറുന്നത്.
ഇമാറാത്തി കലാരൂപങ്ങളും സംഗീതവും കരകൗശല ഉൽപന്നങ്ങളും ഭക്ഷണ-പാനീയങ്ങളും വസ്ത്രങ്ങളും ഉത്സവത്തിന് മിഴിവേകുമെന്ന് സംഘാടകരായ ഷാര്‍ജ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് അറിയിച്ചു.ഷാര്‍ജയിലെ റോളക്കും കോര്‍ണിഷിനും ഇടയിലുള്ള കലയുടെ കേളീരംഗമായ പൈതൃക മേഖലയിലും ഖോര്ഫക്കാന് പരമ്പരാഗത ഗ്രാമത്തിലുമാണ് ആഘോഷം.
ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെൻറ് സംഘം ഒരുക്കങ്ങള്‍ വിലയിരുത്തി. ഓരോ പരിപാടിക്കുശേഷവും വേദികള്‍ അണുവിമുക്തമാക്കും. മാസ്ക്കുകളും ൈകയ്യുറകളും സാനിറ്റൈസറുകളും വിതരണം ചെയ്യും. സാധാരണ ദിവസങ്ങളില്‍ 3000 പേരെയും അവധി ദിവസങ്ങളില്‍ 6000 പേരെയുമാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കായി 490 പാര്‍ക്കിങ് സ്ഥലങ്ങള്‍ സജ്ജമാക്കി.
ഷാര്‍ജ തിയറ്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സിന് പിറകില്‍ 400 വാഹനങ്ങള്‍ക്കും അല്‍ സഹാറ മോസ്ക്കിന് സമീപം 40, അല്‍ അര്‍സ മാര്‍ക്കറ്റിന് മുന്നില്‍ 20, ബുഖാത്വിര് ഇന്‍വെസ്റ്റ്മെൻറ് ഗ്രൂപ് കെട്ടിടത്തിന് പിറകില്‍ 30 എന്നിങ്ങനെയാണ് പാര്‍ക്കിങ് സ്ഥലങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രവൃത്തി ദിവസങ്ങളില്‍ വൈകീട്ട് നാലുമുതല്‍ 10 വരെയും വാരാന്ത്യങ്ങളില്‍ അർധരാത്രി വരെയും പ്രവര്‍ത്തിക്കും. മോണ്ടിനെഗ്രോ റിപ്പബ്ലിക് വിശിഷ്ട അതിഥിയും കസാഖ്സ്താന് പ്രത്യേക അതിഥിയുമാണ്.
ബലറൂസ്, മാസിഡോണിയ, ബഷ്കോര്‍ട്ടോസ്താന്‍, തജികിസ്താന്‍, ബള്‍ഗേറിയ, സൗദി അറേബ്യ, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍, മാലദ്വീപ്, യമന്‍, ഈജിപ്ത്, ഇറ്റലി, സ്പെയിന്, ഫ്രാന്‍സ്, സുഡാന്, ലബനാന്, മൊറോക്കോ, ഫലസ്തീന്, അൽജീരിയ, സിറിയ, കെനിയ, തുനീഷ്യ, നെതര്‍ലൻഡ്സ്, മോറിത്താനിയ, ഇറാഖ്, ഇന്ത്യ എന്നിവയാണ് പങ്കെടുക്കുന്ന മറ്റ് രാജ്യങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.