മയക്കുമരുന്ന് പ്രചരിപ്പിക്കുന്ന ഓൺലൈൻ സൈറ്റുകൾക്കെതിരെ ഷാർജ പൊലീസ്
text_fieldsഷാർജ: നിരോധിത മരുന്നുകളുടെ വിൽപന പ്രോത്സാഹിപ്പിക്കുന്ന ഫോൺകോളുകൾ ലഭിച്ചാൽ നമ്പർ ബ്ലോക്ക് ചെയ്ത് റിപ്പോർട്ട് ചെയ്യണമെന്ന് ഷാർജ പൊലീസ് ആവശ്യപ്പെട്ടു. സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകളിലൂടെയും ഫോൺവിളികളിലൂടെയും മയക്കുമരുന്ന് പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് പൊതുജനങ്ങളോട് ഇക്കാര്യം അഭ്യർഥിച്ചത്. ഇത്തരം കോളുകൾ പലർക്കും പലപ്പോഴായി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് രംഗത്ത് എത്തിയിരിക്കുന്നത്. ഇത്തരം നമ്പറുകളും വെബ്സൈറ്റുകളും സോഷ്യൽ നെറ്റ്വർക്കുകളും ട്രാക്ക് ചെയ്യുന്നുണ്ടെന്നും അവയിൽ പലതും ഇതിനകം തടഞ്ഞിട്ടുണ്ടെന്നും ഷാർജ പൊലീസിലെ ആൻറി നർകോട്ടിക് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ലെഫ്. കേണൽ മജീദ് അൽ അസം പറഞ്ഞു. മയക്കുമരുന്ന് കടത്തുകാരിൽനിന്ന് യുവാക്കളെ സംരക്ഷിക്കാൻ പൊലീസ് രാപ്പകലില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും അസം പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗത്തോട് യു.എ.ഇക്ക് സഹിഷ്ണുതയില്ലാത്ത നയമാണുള്ളത്. മയക്കുമരുന്ന് കടത്ത് ഗുരുതരമായ കുറ്റമാണ്. അന്താരാഷ്ട്രനിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ യു.എ.ഇയിൽ നിയമവിരുദ്ധമായ മയക്കുമരുന്ന് ഉപയോഗത്തിെൻറ നിരക്ക് കുറവാണ്. സ്കൂളുകളിലും തെരുവുകളിലും പൊതുസ്ഥലങ്ങളിലും മയക്കുമരുന്നിനെതിരായ യുദ്ധം എന്നത്തേക്കാളും പ്രധാനമാണിപ്പോൾ. മയക്കുമരുന്ന് ആസക്തിയുടെ പാത രണ്ടുതരത്തിൽ അവസാനിക്കും. ഒന്നുകിൽ ആ വ്യക്തി മരിക്കും അല്ലെങ്കിൽ, അയാൾ ജയിലിൽ അവസാനിക്കും -അസം മുന്നറിയിപ്പ് നൽകി.
കുട്ടികളെ അവഗണിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നത് മയക്കുമരുന്നിന് അടിമയാകാൻ ഇടയാക്കുമെന്നതിനാൽ മാതാപിതാക്കൾ അവരെ ശരിയായി പരിപാലിക്കണമെന്ന് പുനരധിവാസ വിഭാഗം മേധാവി ലെഫ്. കേണൽ അമർ അൽ ഹർമൂദി പറഞ്ഞു. പല മയക്കുമരുന്ന് ഡീലർമാരും ഇൻറർനെറ്റ് വഴി മയക്കുമരുന്ന് വാങ്ങുകയും ഓൺലൈൻവഴി പണം അയക്കുകയും ചെയ്യുന്നു. പല വെബ്സൈറ്റുകളും വ്യത്യസ്ത തരം മയക്കുമരുന്നുകളും നിയന്ത്രിത മരുന്നുകളും പ്രോത്സാഹിപ്പിക്കുന്നുവെന്ന് മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ വിഭാഗം ഡയറക്ടർ റാഷിദ് അൽ ഷെയ്ഹി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.