വിരുന്നെത്തിയ ഈ പാട്ടുകാരിക്ക് യൂസുഫ് അലിയെ കാണണം; എ.ആർ. റഹ്മാനുവേണ്ടി പാടണം
text_fieldsദുബൈ: ഇത് റിജിയ റിയാസ്. മണവാട്ടിയായി കോഴിക്കോട് പയ്യോളിയിലെത്തിയ എറണാകുളം കുമ്പളത്തുകാരി. വിവിധ മലയാളം ചാനലുകളിൽ മ്യൂസിക്കൽ റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന അനുഗൃഹീത ഗായിക. ഇപ്പോൾ ഇന്ത്യൻ ചാനലായ സി ടി.വിയിലെ സംഗീത പരിപാടിയായ 'സ്വർണ സ്വർ ഭാരതിലെ' ഏക മലയാളി മത്സരാർഥിയായതിന്‍റെ ത്രില്ലിലാണ് യു.എ.ഇയിൽ വിരുന്നെത്തിയിരിക്കുന്നത്.
പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി പ്രവാസി സംഗീത പ്രേമികളെ പാടിരസിപ്പിക്കാൻ നാട്ടിൽനിന്നെത്താറുള്ള പ്രശസ്ത കലാകാരന്മാരുടെ കൂടെയാണ് റിജിയയും ഇവിടെ എത്തിയത്. ചെറുതും വലുതുമായ പരിപാടികളിൽ പങ്കെടുക്കുന്നതിന്‍റെ തിരക്കുകൾക്കിടയിലാണ് റിജിയ 'ഗൾഫ് മാധ്യമ'വുമായി തന്‍റെ സംഗീത ജീവിതവും സ്വപ്നങ്ങളും പങ്കുവെച്ചത്.
നിരവധി മാപ്പിളപ്പാട്ടുകളുടെ നിർമാതാവായിരുന്ന പിതാവ് എൻ.എം. യൂസുഫ് ആണ് റിജിയയെ സംഗീതലോകത്തേക്ക് കൈപിടിച്ചുയർത്തിയത്. ചെറുപ്പം മുതലേ കർണാടിക് സംഗീതം അഭ്യസിച്ച ഈ മിടുക്കി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ സ്റ്റേജ് ഷോകളിൽ പാടാൻ തുടങ്ങിയിട്ടുണ്ട്. പോക്കിരി രാജ എന്ന സിനിമയിൽ ജാസി ഗിഫ്റ്റിന്‍റെ സംഗീതസംവിധാനത്തിൽ 'കേട്ടില്ലേ കേട്ടില്ലേ ...' എന്നുതുടങ്ങുന്ന ഹിറ്റ് ഗാനത്തിൽ വിജയ് യേശുദാസിന്‍റെയും അൻവർ സാദത്തിന്‍റെയും ഒപ്പം തകർത്തുപാടിയ സ്ത്രീ ശബ്ദത്തിന്‍റെ ഉടമയായ റിജിയ പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് ഈ പാട്ടിലൂടെ സിനിമ പിന്നണിഗാന രംഗത്ത് സാന്നിധ്യം അറിയിച്ചത്. അടുത്തകാലത്ത് 'ചൈനാടൗൺ', 'ഹെലൊ ദുബൈക്കാരൻ' എന്നീ സിനിമകളിലും സംഗീത സംവിധായകൻ കൂടിയായ പ്രിയതമൻ റിയാസ് പയ്യോളി ഈണംപകർന്ന 'ടു ലെറ്റ് അമ്പാടി ടാക്കീസ്', ഇറങ്ങാനിരിക്കുന്ന 'ജെയ്ലർ' തുടങ്ങിയ സിനിമകളിലും പാടി. മലയാള ചാനലുകളിൽ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ റിയാലിറ്റി ഷോകളായ പട്ടുറുമാൽ, ഗന്ധർവസംഗീതം, സൂപ്പർ സ്റ്റാർ 2 എന്നിവയിൽ മാറ്റുരച്ച റിജിയ മൈലാഞ്ചിയിലെ ഗ്രാൻഡ് ഫൈനലിസ്റ്റ് കൂടിയായിരുന്നു.
ഇപ്പോൾ പങ്കെടുക്കുന്നത് സീ ടിവി സംപ്രേഷണം ചെയ്യുന്ന 'സ്വർണ സ്വർ ഭാരതി'ലാണ്. മറ്റു റിയാലിറ്റി ഷോകളിൽനിന്നും വ്യത്യസ്തമായി ഭാരത സംസ്കാരത്തിന്‍റെ പുരാണ വൈവിധ്യങ്ങൾ സംഗീതത്തിൽ കോർത്തിണക്കി പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന പരിപാടിയാണിത്. കൈലാഷ് ഖേർ പോലുള്ള പാട്ടുകാർ വിധികർത്താക്കളായ ഇതിൽ പങ്കെടുക്കാൻ തന്നെ കഠിനാധ്വാനം ഏറെ വേണം. ഹിന്ദി ഭാഷയിലെ ഉച്ചാരണശുദ്ധിയും മുഖ്യഘടകമാണ്. 20 മത്സരാർഥികളിൽ ഒരാളാവുക എന്നതിനൊപ്പം ദക്ഷിണേന്ത്യയിൽനിന്നുള്ള ഏക പ്രതിനിധി എന്ന നിലയിലും മലയാളിക്ക് അഭിമാനിക്കാം.
എം.എ. യൂസുഫ് അലിക്ക് ആദരം അർപ്പിച്ചുകൊണ്ട് കെ.എം.സി.സി നിർമിച്ച 'അഹ്‌ലൻ യാ യൂസുഫ് അലി' എന്ന ആൽബം പാടിയ റിജിയയുടെ സ്വപ്നങ്ങളിൽ ഒന്ന് യൂസുഫ് അലി സാഹിബിനെ ഒരു തവണയെങ്കിലും നേരിൽ കാണണം എന്നതാണ്. എ.ആർ. റഹ്‌മാനുവേണ്ടി ഒരു പാട്ടെങ്കിലും പാടണം എന്നതാണ് പാട്ടുകാരി എന്ന നിലയിൽ തന്‍റെ മറ്റൊരഭിലാഷം എന്ന് രണ്ടുകുട്ടികളുടെ മാതാവ് കൂടിയായ റിജിയ റിയാസ് പങ്കുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.