ആത്മഹത്യ അല്ല, അതിജീവനമാണ് പരിഹാരം
text_fieldsപ്രവാസ ലോകത്തുനിന്ന് ആത്മഹത്യ വാർത്തകൾ കേൾക്കുന്നത് പതിവായി. ജീവിതം അവസാനിപ്പിക്കുന്നതോടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്ന തെറ്റായ ചിന്താഗതിയാണ് പലരെയും ആത്മഹത്യയിലേക്ക് നയിക്കുന്നത്. നമ്മെ ആശ്രയിച്ചു ജീവിക്കുന്നവരെ പാതിവഴിയിലുപേക്ഷിച്ചും അവരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിട്ടുമാണ് നമ്മുടെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നതെന്ന ബോധ്യം ഉണ്ടായാൽ ആത്മഹത്യക്ക് ഒരു പരിധിവരെ പരിഹാരമാകും. മനസ്സിലെ വിഷമങ്ങളും സങ്കടങ്ങളും ആരെങ്കിലുമായി പങ്കുവെക്കുന്നതും ഇത്തരം ചിന്താഗതികളിൽ നിന്ന് രക്ഷനേടാൻ ഉപകരിക്കും. ആത്മഹത്യ ലക്ഷണങ്ങൾ കാണിക്കുന്ന സുഹൃത്തുക്കളെ ചേർത്തുപിടിക്കാനും അവരുടെ മനസ്സറിഞ്ഞ് പ്രശ്നങ്ങൾ പരിഹരിക്കാനും നാം ഓരോരുത്തരും മുൻകൈയെടുക്കണം.
ആത്മഹത്യയുടെ കാരണങ്ങൾ
ആത്മഹത്യയും മാനസികാരോഗ്യ പ്രശ്നങ്ങളും തമ്മിൽ വലിയ ബന്ധമുണ്ട്. കുടുംബത്തിലെ ആത്മഹത്യയുടെ ചരിത്രം, മാനസിക വൈകല്യങ്ങൾ, വിഷാദം, വ്യക്തിത്വ വൈകല്യങ്ങൾ തുടങ്ങിയവ ആത്മഹത്യക്ക് കാരണമാകാറുണ്ട്. പരാജയങ്ങൾ, ബന്ധം വിഛേദിക്കൽ, സാമ്പത്തിക ബുദ്ധിമുട്ട്, മറ്റുള്ളവരുടെ ഭീഷണി, വിട്ടുമാറാത്ത രോഗം, വേദന, മറ്റുള്ളവരുടെ പ്രകോപനമായ പ്രവൃത്തിയും സംസാരവും, നിരാശ, നിസ്സഹായത, മാനസികസമ്മർദം, ഒറ്റപ്പെടൽ, തൊഴിൽനഷ്ടം, സ്ഥലംമാറ്റം ഇവയെല്ലാം ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങളായി മനുഷ്യൻ തിരഞ്ഞെടുക്കുന്നു. നിരാശയോ നിസ്സഹായതയോ അനുഭവപ്പെടുേമ്പാൾ ദുരിതം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം ജീവിതം അവസാനിപ്പിക്കുകയാണെന്ന് അവർ കരുതുന്നു. വർധിച്ച സമ്മർദം കാരണം അവർക്ക് യുക്തിപരമായി ചിന്തിക്കാൻ കഴിയുന്നില്ല. ഇതാണ് ആത്മഹത്യയിലേക്കു നയിക്കുന്നത്.
തിരിച്ചറിയാതെ പോകരുത്
ആത്മഹത്യ മുനമ്പിലേക്കാണ് നമ്മുടെ യാത്രെയങ്കിൽ അതു തിരിച്ചറിഞ്ഞ് മുൻകൂട്ടി തടഞ്ഞില്ലെങ്കിൽ അപകടമാണ്. ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെടുന്ന അവസ്ഥകളും ജീവിക്കാൻ പ്രത്യേകിച്ച് ഒരു കാരണവുമില്ലെന്ന തോന്നലുമുണ്ടായാൽ സൂക്ഷിക്കണം. ജീവനൊടുക്കുന്നതിനെ കുറിച്ചുള്ള ചിന്തകൾ മനസ്സിൽ തോന്നുേമ്പാൾ തന്നെ അതില്ലാതാക്കാൻ ശ്രമിക്കണം. നമ്മുടെ സുഹൃത്തുക്കളിൽ ഈ ലക്ഷണം കണ്ടാൽ അവരെ മാനസികമായി കരുത്തരാക്കാൻ ഓരോരുത്തർക്കും കഴിയണം. മറ്റുള്ളവർക്ക് ഒരു ഭാരമാകുന്നതിനെക്കുറിച്ച് സംസാരിക്കൽ, കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പിൻവലിഞ്ഞു പോകൽ, പ്രധാനപ്പെട്ടവയെ ഉപേക്ഷിക്കൽ, അനാവശ്യമായി കൂടുതൽ ഇഷ്ടം കാണിക്കൽ, മരണത്തിലേക്ക് നയിച്ചേക്കാവുന്ന വലിയ അപകടസാധ്യതകൾ ഏറ്റെടുക്കൽ, അങ്ങേയറ്റം വേഗത്തിൽ വാഹനം ഓടിക്കൽ, തീവ്രമായ മാനസിക വ്യതിയാനങ്ങൾ കാണിക്കൽ, മദ്യമോ മയക്കുമരുന്നോ കൂടുതൽ തവണ ഉപയോഗിക്കൽ, ഭക്ഷണത്തിലോ ഉറക്കത്തിലോ ഉള്ള ശീലങ്ങൾ മാറ്റൽ എന്നിവയാണ് ലക്ഷണങ്ങൾ.
എങ്ങനെ പരിഹരിക്കാം
മാനസികാരോഗ്യ വിദഗ്ധന്മാരെയോ ഇത്തരം പ്രശ്നം പരിഹരിക്കാൻ കഴിവുള്ളവരെയോ സന്ദർശിച്ച് മനസ്സ് തുറന്നു സംസാരിക്കണം. ഏറ്റവും അടുത്ത സുഹൃത്തുക്കളോടോ കുടുംബത്തിനോടോ നമ്മുടെ പ്രശ്നങ്ങൾ പറയാം. ഇവരുമായുള്ള അടുപ്പം കൂട്ടാം. ആത്മഹത്യയെ നിരുത്സാഹപ്പെടുത്തുന്ന സാംസ്കാരികവും മതപരവുമായ വിശ്വാസങ്ങളോട് കൂടുതൽ അടുക്കാം. ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കണം. എല്ലാകാര്യത്തിലും നമ്മളെ മാനസികമായി തകർക്കുന്നവരുമായുള്ള ഇടപെടൽ കുറക്കുക. വിഷാദ രോഗം പോലുള്ള രോഗങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് ചികിത്സിക്കണം. നമ്മൾ ബോധവാന്മാരാണെങ്കിൽ ആത്മഹത്യ ശ്രമം തടയാവുന്ന ഒന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.