'ബഹിരാകാശ അവശിഷ്ടങ്ങൾ' വെല്ലുവിളി - സാറാ അല്‍ അമീരി
text_fieldsഅബൂദബി: മനുഷ്യനിര്‍മിത ഉപകരണങ്ങള്‍ ബഹിരാകാശത്ത് എത്തുന്നതിലൂടെ ഉണ്ടാവുന്ന അവശിഷ്ടങ്ങൾ (സ്പേസ് ഡെബ്രിസ്) വലിയ വെല്ലുവിളിയാണെന്നും എന്നാലിത് ദീര്‍ഘകാലമായി അവഗണിക്കപ്പെടുകയാണെന്നും യു.എ.ഇ പൊതുവിദ്യാഭ്യാസ, സാങ്കേതികവിദ്യ മന്ത്രിയും ബഹിരാകാശ ഏജൻസി അധ്യക്ഷയുമായ സാറാ അല്‍ അമീരി.
പ്രഥമ അബൂദബി സ്പേസ് ഡിബേറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 'സ്പേസ് ഡെബ്രിസി'നെ കൈകാര്യം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കേണ്ട സമയമാണിത്.
ഇതിനായി ട്രില്യന്‍ ഡോളറിന്റെ അധികച്ചെലവ് ആവശ്യമായി വന്നേക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബഹിരാകാശ രംഗത്തു പ്രവര്‍ത്തിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് പരിപാടിയില്‍ സംബന്ധിക്കുന്നത്. ബഹിരാകാശ മേഖല നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം തേടാനും അവ വിലയിരുത്താനുമുള്ള മികച്ച അവസരമാണ് അബൂദബി സ്പേസ് ഡിബേറ്റ് നല്‍കുന്നതെന്ന് സാറാ അല്‍ അമീരി വ്യക്തമാക്കി.
ബഹിരാകാശ മേഖലയുടെ വികസനം സംബന്ധിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്നതിന് സര്‍ക്കാറുകളും ഏജന്‍സികളും സ്വകാര്യമേഖലയും വിദഗ്ധരുമൊക്കെ ഒത്തുചേരുന്നു എന്നതാണ് അബൂദബി സ്പേസ് ഡിബേറ്റിന്റെ പ്രാധാന്യമെന്നും അവര്‍ പറഞ്ഞു.
ശീതയുദ്ധകാലത്തെ ദ്വിധ്രുവ ലോകത്തുനിന്ന് നാം ബഹിരാകാശ മത്സരത്തിലേക്ക് കടന്നുവെന്നും നിലവില്‍ 70ഓളം രാജ്യങ്ങളാണ് ഇതിന് ശേഷി കൈവരിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.