ഷാർജ ലൈറ്റ് ഫെസ്റ്റിവലിന് തുടക്കമായി
text_fieldsഷാർജ: ഷാർജ കോമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്‌മെന്‍റ് അതോറിറ്റി (എസ്.സി.ടി.ഡി.എ) അവതരിപ്പിക്കുന്ന11ാമത് ഷാർജ ലൈറ്റ് ഫെസ്റ്റിവലിന് തുടക്കം. 'ഭാവിയിലെ പ്രതിധ്വനികൾ' എന്ന ശീർഷകത്തിൽ നടക്കുന്ന പരിപാടി ഉദ്ഘാടനം യൂനിവേഴ്‌സിറ്റി സിറ്റി ഹാളിൽ നടന്നു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ദീപോത്സവം 20 വരെ തുടരും. ഷാർജയുടെ പുരോഗതിയുടെ പടവുകൾ നിറക്കൂട്ടുകളിൽ ചാലിച്ച് അടയാളപ്പെടുത്തിയാണ് വർണരശ്മികൾ ചുവരുകളിൽ അലിഞ്ഞുചേരുന്നത്.
അൽ മജാസ് വാട്ടർഫ്രണ്ട്, യൂനിവേഴ്സിറ്റി സിറ്റി ഹാൾ, ഹോളി ഖുർആൻ അക്കാദമി, ഷാർജ മസ്ജിദ്, അൽ നൂർ മസ്ജിദ്, അൽ ഹംറിയ മുനിസിപ്പാലിറ്റി കെട്ടിടം, കൽബയിലെ സർക്കാർ കെട്ടിടങ്ങൾ, കൽബയിലെ മാനവ വിഭവശേഷി ഡയറക്ടറേറ്റ് കെട്ടിടം, ദിബ്ബ അൽ ഹിസനിലെ ശൈഖ് റാശിദ് ബിൻ അഹമ്മദ് അൽ ഖാസിമി പള്ളി, ഖോർഫക്കാനിലെ അൽ റാഫിസ അണക്കെട്ട് എന്നിവിടങ്ങളിലാണ് ഷോ നടക്കുന്നത്. ഫെസ്റ്റിവലിന്റെ അജണ്ടയിൽ മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും വേണ്ടിയുള്ള മത്സരങ്ങളും ഉൾപ്പെടുന്നു.
മീഡിയ പ്രഫഷനലുകൾക്ക് മത്സരം മൂന്ന് വിഭാഗങ്ങളാണ്. ജേണലിസ്റ്റുകൾക്ക് അറബിയിലെ മികച്ച കവറേജിനും ഇംഗ്ലീഷിലെ മികച്ച കവറേജിനും സമ്മാനം ലഭിക്കും. അറബിക് പത്രങ്ങളിലെ മികച്ച ഫോട്ടോക്കും ഇംഗ്ലീഷ് പത്രങ്ങളിലെ മികച്ച ഫോട്ടോക്കും സമ്മാനം ലഭിക്കും. @visit_shj എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് പൊതുജനങ്ങൾക്കുള്ള മത്സരം. ഫെസ്റ്റിവലിലെ ഏറ്റവും മികച്ച മൂന്ന് ഫോട്ടോകൾക്ക് 20,000 ദിർഹത്തിലധികം സമ്മാനത്തുക അനുവദിച്ചിട്ടുണ്ട്. സൃഷ്ടികൾ ഫെസ്റ്റിവലിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റായ www.slf.ae വഴി സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.