യുവ തലമുറയുടെ വികസനത്തിന് രാജ്യം പ്രതിജ്ഞാബദ്ധം -ശൈഖ് മുഹമ്മദ്
text_fieldsഅബൂദബി: രാജ്യത്തെ യുവ തലമുറയുടെ വളർച്ചയും വികാസവും പരിപോഷിപ്പിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. രാജ്യത്തിന്റെ സുസ്ഥിര വളർച്ചയിൽ യുവാക്കളുടെ പങ്ക് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ ഒരുസംഘം യുവതീ-യുവാക്കളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
‘രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വന്ന യുവ തലമുറയോട് അന്താരാഷ്ട്ര യുവജന ദിനത്തിൽ സംസാരിക്കാനായി. അവരുടെ അഭിലാഷങ്ങളും കഴിവും ശുഭാപ്തിവിശ്വാസം നിറഞ്ഞതായിരുന്നു. രാജ്യത്തിന്റെ സുസ്ഥിര വളർച്ചക്ക് നേതൃത്വം നൽകാൻ അവർ തയാറെടുക്കുമ്പോൾ അതിന് അവരെ പ്രാപ്തമാക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്’ -യുവാക്കളുമായി സംവദിക്കുന്ന വിഡിയോ എക്സ് ഡോട്കോമിൽ പങ്കുവെച്ച് ശൈഖ് മുഹമ്മദ് പറഞ്ഞു.
സമൂഹത്തിനും യുവതലമുറക്കും ഒരുപോലെ മാതൃകയാകുന്ന സേവനങ്ങൾ ചെയ്യാനാകണം. എന്റെ ജീവിതത്തിലുടനീളം, ഞാൻ എത്രമാത്രം വികസിച്ചാലും നമ്മുടെ നല്ല മൂല്യങ്ങളും ശീലങ്ങളും സംരക്ഷിക്കണം എന്നതിനാണ് പരമമായ മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈബർ സുരക്ഷ, കമ്പ്യൂട്ടർ സയൻസ്, പ്രോഗ്രാമിങ്, ഡിസൈൻ, സംരംഭകത്വം, നൂതന ആശയങ്ങൾ തുടങ്ങിയ വിഷയത്തിൽ ഊന്നിയ ചർച്ചകളാണ് കൂടിക്കാഴ്ചയിൽ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.