ഗസ്സ സഹായ വസ്തുക്കളുടെ പാക്കിങ് മൂന്നാംഘട്ടം ഇന്ന്
text_fieldsദുബൈ: ഗസ്സയിൽ യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്നവർക്കുള്ള സഹായ വസ്തുക്കളുടെ പാക്കിങ് ക്യാമ്പ് ഞായറാഴ്ച മൂന്നിടത്ത് നടക്കും. ദുബൈ, ഷാർജ, അബൂദബി എന്നിവിടങ്ങളിലായാണ് സന്നദ്ധസേവകരുടെ ആഭിമുഖ്യത്തിൽ ജനകീയ പാക്കിങ് പരിപാടി നടക്കുന്നത്. ഇതിലൂടെ 15,000 ആവശ്യ സാധന കിറ്റുകൾ തയ്യാറാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ‘തറാഹും-ഫോർ ഗസ്സ’ എന്ന പേരിൽ യു.എ.ഇ പ്രഖ്യാപിച്ച ഗസ്സ ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായാണ് പാക്കിങ് ക്യാമ്പുകൾ ഒരുക്കുന്നത്. മൂന്നാമത്തെ ആഴ്ചയാണ് സമാനമായ രീതിയിൽ ക്യാമ്പുകൾ നടക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ നൂറുക്കണക്കിന് സന്നദ്ധ സേവകരാണ് പരിപാടികളുടെ ഭാഗാമായത്.
മൂന്ന് എമിറേറ്റുകളിലായി നടന്ന നാലു ക്യാമ്പുകളിൽ നിന്ന് നിലവിൽ 38,000ത്തിലേറെ കിറ്റുകൾ തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്. ഭക്ഷ്യ വിഭവങ്ങൾ, കുട്ടികൾക്കും മാതാക്കൾക്കും ആവശ്യമുള്ള വസ്തുക്കൾ, മറ്റു ആവശ്യ വസ്തുക്കൾ എന്നിവയാണ് സഹായ വസ്തുക്കളായി പ്രധാനമായും സ്വീകരിക്കുന്നത്. പ്രവർത്തനത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർ വളണ്ടിയേർസ് എമിറേറ്റ്സ്, എമിറേറ്റ്സ് റെഡ് ക്രസന്റ് വളണ്ടിയേഴ്സ് പോർടൽ, യൗം ഫോർ ദുബൈ തുടങ്ങിയ ഓൺലൈൻ സംവിധാനങ്ങൾ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. അബൂദബിയിൽ യാസ് ഐലൻഡ് ഇത്തിഹാദ് അരേനയിലും ദുബൈയിൽ ഫെസ്റ്റിവൽ അരേന സിറ്റിയിലെ ഫെസ്റ്റിവൽ അരേനയിലും ഷാർജയിൽ അൽ ബൈത് മിതവഹിദ് ഹാളിലുമാണ് ഞായറാഴ്ച പരിപാടികൾ നടക്കുക.
ഗസ്സയിലേക്ക് സഹായ വസ്തുക്കൾ ശേഖരിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കേന്ദ്രങ്ങൾ തുറന്നിരുന്നു. എമിറേറ്റ്സ് റെഡ് ക്രസൻറാണ് സഹായവസ്തുക്കൾ ശേഖരിച്ച് ദുരിതമനുഭവിക്കുന്നവർക്ക് എത്തിക്കാൻ സംവിധാനം ഒരുക്കിയത്. അബൂദബി, ദുബൈ, റാസൽഖൈമ, ഷാർജ, ഫുജൈറ, അൽ ദഫ്റ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, അൽഐൻ തുടങ്ങി വിവിധ സ്ഥലങ്ങളിലായാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. രാവിലെ എട്ടുമുതൽ വൈകുന്നേരം ആറുവരെ ഇവിടെ സഹായ വസ്തുക്കൾ ശേഖരിക്കുമെന്ന് റെഡ് ക്രസൻറ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.