ട്വൻറി 20 ലോകകപ്പ് യു.എ.ഇയിലും ഒമാനിലുമായി നടത്തിയേക്കും
text_fieldsദുബൈ: ഒക്ടോബർ -നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കേണ്ട ട്വൻറി20 ലോകകപ്പ് യു.എ.ഇയിലും ഒമാനിലുമായി നടത്താൻ ആലോചന.
ഇതു സംബന്ധിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) രാജ്യാന്തര ക്രിക്കറ്റ് ബോർഡിനെ (ഐ.സി.സി) സമ്മതമറിയിച്ചതായാണ് സൂചന. നേരത്തേ ഇന്ത്യയിൽ നടത്താനായിരുന്നു ബി.സി.സി.ഐയുടെ പദ്ധതി. എന്നാൽ, നാല് ആഴ്ചക്കുള്ളിൽ തീരുമാനം അറിയിക്കണമെന്ന് ഐ.സി.സി നിലപാടെടുത്തതോടെയാണ് വേദി മാറ്റുന്നകാര്യം വീണ്ടും ചർച്ചയിൽ എത്തിയത്. യു.എ.ഇയിൽ അബൂദബി, ദുബൈ, ഷാർജ എന്നിവിടങ്ങളിലും ഒമാനിൽ മസ്കത്തിലും ടൂർണമെൻറ് നടത്താനാണ് ആലോചിക്കുന്നതെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു.ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഐ.പി.എല്ലിൽനിന്ന് വിദേശ താരങ്ങളടക്കം പിന്മാറിയിരുന്നു.
ഇതോടെ ലോകകപ്പും ഇന്ത്യയിൽ നടത്തരുതെന്ന് ആവശ്യം ഉയർന്നു. ഐ.പി.എൽ സെപ്റ്റംബറിൽ യു.എ.ഇയിൽ നടത്താൻ തീരുമാനിച്ചതിന് പിന്നാലെയാണ് ലോകകപ്പിനും ഗൾഫിനെ പരിഗണിക്കുന്നത്.ഇംഗ്ലണ്ട്, ആസ്ട്രേലിയ എന്നീ രാജ്യങ്ങളെയും ലോകകപ്പ് വേദിയായി പരിഗണിച്ചിരുന്നു. എന്നാൽ, ബി.സി.സി.ഐക്ക് താൽപര്യം യു.എ.ഇയാണ്. ഇംഗ്ലണ്ടിലേക്കോ ആസ്ട്രേലിയയിലേക്കോ മാറ്റിയാൽ ടൂർണമെൻറിെൻറ നടത്തിപ്പ് ചുമതല ആ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകൾക്ക് കൈമാറേണ്ടി വരുമെന്നും ബി.സി.സി.ഐ ഭയക്കുന്നു. എന്നാൽ, യു.എ.ഇയിൽ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡുമായി ബി.സി.സി.െഎ നല്ല ബന്ധത്തിലാണ്. ഇന്ത്യയുടെ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ അടുത്തിടെ കരാറിൽ ഒപ്പുവെച്ചിരുന്നു. ബി.സി.സി.ഐയുടെ ചുമതലയിൽതന്നെ യു.എ.ഇയിൽ നടത്താനാണ് പദ്ധതി.
ടൂർണമെൻറ് ഉപേക്ഷിക്കേണ്ടി വന്നാൽ കോടികളുടെ നഷ്ടമുണ്ടാകും എന്നതും ബി.സി.സി.ഐയെ പ്രതിസന്ധിയിലാക്കി. അബൂദബി, ഷാർജ, ദുബൈ എന്നിവക്ക് പുറമെ കരുതൽ എന്ന നിലയിലാണ് മസ്കത്തിനെ പരിഗണിക്കുന്നത്. ഒക്ടോബർ 10ന് ഐ.പി.എൽ അവസാനിക്കുന്നതിനു പിന്നാലെ മാസാവസാനത്തോടെ ലോകകപ്പും തുടങ്ങാനാണ് പദ്ധതി. യു.എ.ഇയിലെ പിച്ചുകൾക്ക് വിശ്രമം ലഭിക്കുന്നതിനാണ് മൂന്നാഴ്ചയുടെ ഇടവേള നൽകുന്നത്.എന്നാൽ, ഇതിനു മുേമ്പ ആദ്യ പാദ മത്സരങ്ങൾ മസ്കത്തിൽ നടത്താനും ആലോചിക്കുന്നു. ആദ്യ റൗണ്ടുകൾ മാത്രമായിരിക്കും മസ്കത്തിൽ നടക്കുക.
ചോദ്യങ്ങളുന്നയിച്ച് അസോസിയേറ്റ് രാജ്യങ്ങൾ
ഐ.സി.സി ബോർഡ് യോഗത്തിൽ അസോസിയേറ്റ് രാജ്യങ്ങൾ നിരവധി ചോദ്യങ്ങളാണ് ബി.സി.സി.ഐയുടെ മുന്നിൽ ഉയർന്നത്.എട്ട് ടീമുകളെ പങ്കെടുപ്പിച്ച് സെപ്റ്റംബറിൽ ഐ.പി.എൽ നടത്താൻ കഴിയാത്ത ഇന്ത്യക്ക് ഒക്ടോബറിൽ 16 ടീമുകളെ പങ്കെടുപ്പിച്ച് എങ്ങനെയാണ് ലോകകപ്പ് നടത്താൻ കഴിയുക എന്ന് ഐ.സി.സി ബോർഡ് അംഗങ്ങൾ ചോദിച്ചു.
ദിവസവും ലക്ഷക്കണക്കിന് കോവിഡ് രോഗികൾ ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ നാല് മാസത്തിനപ്പുറമുള്ള കാര്യങ്ങൾ എന്താകുമെന്ന് എങ്ങനെ പ്രവചിക്കാൻ കഴിയുമെന്നും ഐ.സി.സി ആശങ്ക പ്രകടിപ്പിച്ചു. മഴക്കാലമായതിനാലാണ് ഐ.പി.എൽ മാറ്റുന്നത് എന്നായിരുന്നു ബി.സി.സി.ഐ അറിയിച്ചിരുന്നത്. എന്നാൽ, ഈ വാദം തെറ്റാണെന്ന് ബി.സി.സി.ഐക്ക് പോലും അറിയാമെന്നും മഴയെ പേടിച്ച് 2500 കോടി വരുമാനമുള്ള ടൂർണമെൻറ് മാറ്റില്ലെന്നും കോവിഡാണ് കാരണമെന്നും ഐ.സി.സിയിലെ അസോസിയേറ്റ് രാജ്യങ്ങൾ ചൂണ്ടിക്കാണിച്ചു.
ലോകകപ്പിലെ 16 ടീമുകളിൽ ഒരു ടീമിന് കോവിഡ് ബാധിച്ചാൽ എന്തു ചെയ്യും, റിസ്കെടുത്ത് എത്ര താരങ്ങൾ ഇന്ത്യയിൽ കളിക്കാൻ തയാറാകും തുടങ്ങിയ ചോദ്യങ്ങളും രാജ്യങ്ങൾ ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.