ഖത്തർ അമീറിനെ സന്ദർശിച്ച് യു.എ.ഇ വിദേശകാര്യ മന്ത്രി
text_fieldsദുബൈ: ഗസ്സയിൽ രൂക്ഷമായ മാനുഷിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ഖത്തർ അമീർ ശൈഖ് തമീമുമായി കൂടിക്കാഴ്ച നടത്തി യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ. ഞായറാഴ്ച ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തിയ അദ്ദേഹം തലസ്ഥാനമായ ദോഹയിലെ ലുസൈൽ കൊട്ടാരത്തിൽവെച്ചാണ് അമീറിനെ കണ്ടത്.
ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ചയിൽ ഉയർന്നു. ശേഷം ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുമായും ശൈഖ് അബ്ദുല്ല ബിൻ സായിദ് കൂടിക്കാഴ്ച നടത്തി.
ഗസ്സയിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള സമാധാനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കായിരുന്നു ചർച്ചയിൽ പ്രാധാന്യമെന്ന് യു.എ.ഇ വാർത്ത ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു. കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീൻ ജനതക്ക് മതിയായ മാനുഷികസഹായം നൽകാനുള്ള ശ്രമങ്ങൾ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശൈഖ് ഹബ്ദുല്ല ബിൻ സായിദ് അദ്ദേഹത്തെ ധരിപ്പിച്ചു.
അടുത്തിടെ യു.എ.ഇ പ്രഖ്യാപിച്ച സമുദ്ര ഇടനാഴി വഴിയുള്ള സഹായ സംരംഭങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ആവശ്യകതയും ഇരുവരും ചർച്ച ചെയ്തു. ഇരുരാജ്യങ്ങൾക്കുമിടയിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള വെടിനിർത്തലിനാണ് അടിയന്തര പ്രാധാന്യം നൽകേണ്ടതെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു. അതിനായി രണ്ടുരാജ്യങ്ങളും അംഗീകരിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തിലുള്ള സമഗ്രമായ സമാധാനമാണ് ലക്ഷ്യം.
മാനുഷികമായ ഈ ദൗത്യത്തിന്റെ വിജയം ഉറപ്പുവരുത്താൻ ലഭ്യമായ എല്ലാ ശ്രമങ്ങളേയും സംയോജിപ്പിച്ച് ഏകീകൃത സമീപനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.