41 അഫ്ഗാൻ അഭയാർഥികളെ കൂടി യു.എ.ഇ സ്വീകരിച്ചു
text_fieldsദുബൈ: താലിബാൻ അധികാരത്തിലേറിയ അഫ്ഗാനിൽ നിന്നുള്ള 41 അഭയാർഥികളെ കൂടി യു.എ.ഇ സ്വീകരിച്ചു.
അഫ്ഗാൻ ഗേൾസ് സൈക്ലിങ് ആൻഡ് റോബോട്ടിക് ടീമിലെ അംഗങ്ങളടക്കമുള്ളവരാണ് എത്തിയത്. മനുഷ്യാവകാശ പ്രവർത്തകരും കുടുംബാംഗങ്ങളും സംഘത്തിലുണ്ട്.
അബൂദബിയിലെ എമിറേറ്റ്സ് ഹ്യുമാനിറ്റേറിയൻ സിറ്റിയിലാണ് ഇവരെ താമസിപ്പിക്കുക. ഇവർ അനുവാദം ലഭിക്കുന്ന മുറക്ക് കാനഡയിലേക്ക് താമസം മാറ്റാൻ ഉദ്ദേശിക്കുന്നവരാണ്. സെൻറർ ഫോർ ഇസ്രായേൽ ആൻഡ് ജൂയിഷ് അഫയേഴ്സും ഇസ്ര എയ്ഡും ചേർന്നാണ് ഇവരെ കാബൂളിൽനിന്ന് താജികിസ്താൻ വഴി ഒഴിപ്പിച്ചത്.
അന്താരാഷ്ട്ര സംവിധാനങ്ങളുമായി സഹകരിച്ച് അഫ്ഗാനിൽനിന്നുള്ളവർക്ക് അഭയമൊരുക്കുന്നതിൽ അഭിമാനമുണ്ടെന്ന് യു.എ.ഇ അധികൃതർ പറഞ്ഞു. താലിബാൻ അധികാരമേറ്റ ശേഷം വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെട്ട 9000ത്തോളം പേരെ ഇതിനകം യു.എ.ഇ മാനുഷിക പരിഗണനയിൽ സ്വീകരിച്ചിട്ടുണ്ട്. നാൽപതിനായിരത്തിലേറെ പേരെ ഒഴിപ്പിക്കാൻ ഇതിനകം യു.എ.ഇ സഹായം നൽകി.
അതിനിടെ അഫ്ഗാൻ ജനതക്ക് സഹായവുമായി യു.എ.ഇയുടെ നാലാമത്തെ വിമാനം കാബൂളിലെത്തി. ഭക്ഷ്യവസ്തുക്കൾ, മരുന്ന് എന്നിവയാണ് പ്രധാനമായും കയറ്റിയയച്ചിട്ടുള്ളത്. അബൂദബി കിരീടാവകാശിയും സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാെൻറ നിർദേശപ്രകാരമാണ് സഹായം എത്തിക്കുന്നത്. രാഷ്ട്രീയ പ്രതിസന്ധി ആരംഭിച്ച ശേഷം ഏറ്റവും ആദ്യം കാബൂളിലേക്ക് സഹായമെത്തിച്ച രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. വരുംദിവസങ്ങളിൽ കൂടുതൽ സഹായ വിമാനങ്ങൾ അഫ്ഗാനിലേക്ക് പറക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.