അറബ് മേഖലയിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് യു.എ.ഇയുടേത്
text_fieldsദുബൈ: അറബ് മേഖലയിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് യു.എ.ഇയുടേത്. ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ 15ാം സ്ഥാനത്ത് യു.എ.ഇയുണ്ട്. ഹെൻലി പാസ്പോർട്ട് ഇൻഡക്സിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മഹാമാരിയുടെ നാളുകളിലും യാത്ര സുരക്ഷിതമാക്കിയതും ഇസ്രായേൽ-യു.എ.ഇ കരാറുമെല്ലാം യു.എ.ഇ പാസ്പോർട്ടിന്റെ മൂല്യം ഉയർത്തിയതായി ഇൻഡക്സിൽ ചൂണ്ടിക്കാണിക്കുന്നു. 2020ൽ 18ാം സ്ഥാനത്തായിരുന്ന യു.എ.ഇ കഴിഞ്ഞ വർഷം 16ാം സ്ഥാനത്തേക്ക് എത്തിയിരുന്നു. ഇൻഡക്സ് സ്കോർ 173ൽ നിന്ന് 175 ആയി ഉയർന്നു. 2016ൽ 62ാം സ്ഥാനത്തായിരുന്ന നിലയിൽ നിന്നാണ് കുതിച്ചുയർന്നത്. എയർ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (അയാട്ട) ഡേറ്റ പരിശോധിച്ചാണ് ഇൻഡക്സ് റാങ്ക് നിർണയിക്കുന്നത്. 199 പാസ്പോർട്ടുകളും 227 ട്രാവൽ ഡെസ്റ്റിനേഷനുകളും പരിഗണിച്ചാണ് ഇൻഡക്സ് കണക്കാക്കുന്നത്. ജപ്പാനും സിംഗപ്പൂരുമാണ് പട്ടികയിൽ മുൻപന്തിയിലുള്ളത്. ഈ രാജ്യങ്ങളുടെ പാസ്പോർട്ട് ഉപയോഗിച്ച് 192 രാജ്യങ്ങളിൽ യാത്ര ചെയ്യാൻ കഴിയും. നേരത്തെ ആർട്ടൺ കാപ്പിറ്റൽ പുറത്തിറക്കിയ ഗ്ലോബൽ പാസ്പോർട്ട് ഇൻഡക്സിൽ യു.എ.ഇ ഏറ്റവും കൂടുതൽ മൊബിലിറ്റി സ്കോർ നേടി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. 152 രാജ്യങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്ന പാസ്പോർട്ടാണ് യു.എ.ഇയുടേത്. മുൻകൂർ വിസയില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാൻ സാധിക്കുന്ന രാജ്യങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.