മൊസൂളിലെ അൽ തഹേര സിറിയക് കാത്തലിക് പള്ളിയും യു.എ.ഇ പുനർനിർമിക്കുന്നു
text_fieldsഅബൂദബി: ഇറാഖിലെ പഴയ മൊസൂൾ നഗരത്തിൽ തകർക്കപ്പെട്ട അൽ തഹേര സിറിയക് കാത്തലിക് പള്ളിയുടെ പുനർനിർമാണ ജോലികൾ ഐക്യരാഷ്ട്ര സഭയുടെ സഹകരണത്തോടെ യു.എ.ഇ സാംസ്‌കാരിക മന്ത്രാലയം ആരംഭിക്കുന്നു. പ്രാദേശിക അധികാരികളുമായി ഏകോപിച്ചു നടത്തുന്ന പുനർ നിർമാണത്തിനുള്ള ധനസഹായം യു.എ.ഇ നൽകും. 840 വർഷം മുമ്പ് നിർമിച്ച മൊസൂളിലെ അൽ നൂരി പള്ളിയും 45 മീറ്റർ ഉയരമുള്ള അൽ ഹദ്ബ മിനാരവുമാണ് യു.എ.ഇ സാംസ്‌കാരിക മന്ത്രാലയം കഴിഞ്ഞ ഏപ്രിലിൽ ഏറ്റെടുത്ത ആദ്യത്തെ പുനർ നിർമാണ പദ്ധതി. നാലുവർഷം നീളുന്ന ഈ പദ്ധതിയിൽ ചരിത്രപരമായ പൂന്തോട്ടങ്ങളും തുറസ്സായ സ്ഥലങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും മ്യൂസിയവും ഉൾപ്പെടുന്നു. 50.4 മില്യൺ ഡോളർ മുതൽമുടക്കിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
മൊസൂളിെൻറ ചരിത്രത്തിലെ മറ്റൊരു പ്രധാന നാഴികക്കല്ലാണ് യു.എ.ഇ ഏറ്റെടുത്ത അൽ തഹേര ചർച്ച്. 1859ൽ നിർമാണം നടത്തുകയും 1862ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്ത ചരിത്ര പ്രസിദ്ധമായ ചർച്ചാണിത്. ടൈഗ്രിസ് നദിയുടെ പടിഞ്ഞാറെക്കരയിലുള്ള ഓട്ടോമൻ നഗര മതിലുകൾ നിർവചിച്ചിരുന്ന പഴയ നഗരത്തിെൻറ ഹൃദയഭാഗത്ത് പുരാതന നീനെവെയുടെ എതിർവശത്താണ് ഈ പള്ളി സ്ഥിതിചെയ്തിരുന്നത്. തകർന്നടിഞ്ഞ അൽ-തഹേര കത്തോലിക്ക പള്ളി സമുച്ചയത്തിലെ കെട്ടിടാവശിഷ്ടങ്ങളും സുരക്ഷിതമല്ലാത്ത ഭാഗങ്ങളും നീക്കം ചെയ്ത് പുനർനിർമാണത്തിനായി സൈറ്റ് സുരക്ഷിതമാക്കിയതോടെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി. ചർച്ചിലെ ആർച്ചുകളിൽ ഭൂരിഭാഗവും മതിലുകളും നശിപ്പിക്കപ്പെട്ടതിനാൽ പുനർനിർമാണ ജോലികൾ സങ്കീർണമാണ്.
വിദഗ്ധരുടെ മേൽനോട്ടത്തിൽ പ്രാദേശിക കരാറുകാരാണ് നിർമാണ ജോലികൾ നിർവഹിക്കുക. പള്ളിയുടെ പുനർനിർമാണത്തിനുള്ള ഡിസൈൻ തിരഞ്ഞെടുക്കുന്നതിനുള്ള ഓപൺ ബിഡിങ് ആരംഭിച്ചു. ചർച്ചിനോട് ചേർന്ന മഠത്തിെൻറ വികസനം തുടർന്നു നടക്കുമെന്ന് യു.എ.ഇ സാംസ്‌കാരിക യുവജന മന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കാബി പറഞ്ഞു. നാടുകടത്തപ്പെട്ട മൊസൂൾ നിവാസികളെ സ്വന്തം വീടുകളിലേക്ക് മടങ്ങാനും യു.എ.ഇ സഹായിക്കും. യു.എ.ഇയുടെ പുനഃസ്ഥാപന പദ്ധതി മൊസൂളിലെ യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സംരംഭമായ 'മോസൂളിെൻറ ആത്മാവിനെ പുനരുജ്ജീവിപ്പിക്കുക' എന്ന ദൗത്യത്തിെൻറ ഭാഗമായാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.