വളരുന്ന സമ്പദ്ഘടനകളിൽ യു.എ.ഇ ഒമ്പതാമത്
text_fieldsദുബൈ: ലോകത്തെ വളരുന്ന സമ്പദ്ഘടനകളിലെ ഒമ്പതാം സ്ഥാനം യു.എ.ഇ നിലനിർത്തി. കഴിഞ്ഞദിവസം പുറത്തുവന്ന ഐ.എം.ഡി വേൾഡ് കോംപിറ്ററ്റീവ്നസ് റാങ്കിങ്ങിലാണ് ഇക്കാര്യമുള്ളത്. കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിലും യു.എ.ഇക്ക് ഒമ്പതാം സ്ഥാനമായിരുന്നു.പശ്ചിമേഷ്യയിലെ ഏറ്റവും മത്സരാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയാണ് ഇമാറാത്ത്. പട്ടികയിൽ അമേരിക്ക, കാനഡ, ജർമനി, ചൈന തുടങ്ങിയ രാജ്യങ്ങൾക്കും മുന്നിലാണ് യു.എ.ഇ സ്ഥാനം കണ്ടെത്തിയത്.കോവിഡിനിടയിലും സമ്പദ്വ്യവസ്ഥയെ പിടിച്ചുനിർത്താൻ സാധ്യമായതാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഡെവലപ്മെൻറ്(ഐ.എം.ഡി) എല്ലാവർഷവും റാങ്കിങ് പ്രസിദ്ധീകരിക്കാറുണ്ട്. കഴിഞ്ഞ വർഷം റാങ്കിങ്ങിൽ മുന്നിൽവന്ന പല രാജ്യങ്ങളും ഇത്തവണ പിന്നിലായിട്ടുണ്ട്. സർക്കാർ സ്വീകരിച്ച ശക്തമായ നടപടികളാണ് ഇത്തരമൊരു നേട്ടത്തിലേക്ക് നയിച്ചത്. ബിസിനസ്, സർക്കാർ കാര്യക്ഷമത എന്നിവയിൽ മികച്ച പ്രകടനമാണ് യു.എ.ഇയിലുണ്ടായതെന്ന് റിപ്പോർട്ട് പറയുന്നു.
റാങ്കിങ്ങിലെ ഉപസൂചികകളായ തൊഴിൽ വിപണി, മനോഭാവം, മൂല്യങ്ങൾ എന്നിവയിൽ ഒന്നാംസ്ഥാനവും പബ്ലിക് ഫിനാൻസ്, ടാക്സ് പോളിസി എന്നിവയിൽ മൂന്നാമതും അന്താരാഷ്ട്ര വ്യാപാരത്തിൽ നാലാമതും ബിസിനസ് നിയമനിർമാണത്തിൽ അഞ്ചാമതും സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലും ഇമാറാത്ത് വലിയ മുന്നേറ്റമുണ്ടാക്കി. യൂറോപ്പ്, പശ്ചിമേഷ്യ, വടക്കൻ ആഫ്രിക്ക മേഖലയിൽ യു.എ.ഇ ആറാം സ്ഥാനത്തേക്ക് ഉയർന്നിട്ടുമുണ്ട്. അറബ് മേഖലയിൽ ഖത്തർ മൂന്ന് സ്ഥാനങ്ങൾ കുറഞ്ഞ് 17ലേക്കും സൗദി അറേബ്യ 24ൽ നിന്നും 32ാം സ്ഥാനത്തേക്കും മാറിയിട്ടുണ്ട്. ആഗോളതലത്തിൽ റാങ്കിങ്ങിൽ യൂറോപ്യൻ രാജ്യങ്ങളാണ് മുന്നിലുള്ളത്. സ്വിറ്റ്സർലാൻഡ് ഒന്നാമതും സ്വീഡൻ, ഡെന്മാർക്ക്, നെതർലൻഡ്സ് എന്നിവ അതിനു പിറകെയുമാണ്. സിംഗപ്പൂർ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.