യു.എ.ഇ കാത്തിരിക്കുന്നു ഏഴ് ആകാശ വിസ്മയങ്ങൾക്ക്
text_fieldsകണ്ണും കരളും നിറക്കുന്ന എത്രയെത്ര അൽഭുതങ്ങളാണ് ഓരോ വർഷവും വാനലോകത്ത് പ്രത്യക്ഷപ്പെടുന്നത്. ശാസ്ത്രതൽപരരും വിസ്മയക്കാഴ്ചകൾ തേടിപ്പോകുന്നവരും കണ്ണ്മിഴിച്ചിരുന്ന് കാത്തിരിക്കുന്ന നിരവധി സുന്ദര നിമിഷങ്ങൾ ഈ വർഷവും ആകാശത്ത് വിരുന്നെത്തുന്നുണ്ട്. ചന്ദ്രനും ഗ്രഹങ്ങളും പരകോടി നക്ഷത്രങ്ങളും ചേർന്ന് വർണപ്പകിട്ട് തീർക്കുന്ന കാഴ്ചകൾ കാണാനും നിരവധി സംവിധാനങ്ങൾ യു.എ.ഇ ഒരുക്കിയിട്ടുണ്ട്. നഷ്ടപ്പെടാതെ നാം കാണേണ്ട കാഴ്ചകളിൽ ആദ്യമെത്തുന്നത് സൂപ്പർ മൂൺ തന്നെ.
മെയ് 26ന് എത്തുന്ന സൂപ്പർമൂൺ ഈ വർഷത്തെ ഏറ്റവും വലുതും തിളക്കമുള്ളതുമായിരിക്കും. ഭൂമിയോട് ഏറ്റവും അടുത്തായിരിക്കും അന്ന് ചന്ദ്രൻ. ഒരു സാധാരണ പൂർണ്ണചന്ദ്രനേക്കാൾ വലുതായി നമുക്ക് അന്ന് അമ്പിളി നമ്മുടെ മുന്നിലെത്തും. ജൂൺ 24നാണ് ഈ വർഷത്തെ അവസാന സൂപ്പർമൂൺ പ്രത്യക്ഷപ്പെടുക. മെയ് മാസത്തിലേതിനേക്കാൾ ചെറുതായിരിക്കും. പക്ഷേ തിളക്കത്തിൽ ഇതായിരിക്കും ഏറ്റവും മികച്ചത്. നഗ്നനേത്രങ്ങളാൽ ഇതിെൻറ പൂർണ സൗന്ദര്യം അനുഭവിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത.
ശനിഗ്രഹത്തെ കാണാൻ ആഗ്രഹിക്കുന്നവർക്ക് ആഗസ്റ്റ് രണ്ടിനാണ് ഏറ്റവും നല്ലദിനം. ഗ്രഹം സൂര്യനും ഭൂമിയുമായി അന്ന് നേർരേഖയിലായിരിക്കും. രാത്രി മുഴുവൻ സമയവും ഇത് ദൃശ്യമാകും. ശനിയുടെ വളയങ്ങളും തിളക്കമുള്ള ഏതാനും ഉപഗ്രഹങ്ങളും ഫോട്ടോയിൽ പകർത്താൻ ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് ദുബൈ അസ്ട്രോണമി ഗ്രൂപ്പ് പറയുന്നു. ടെലസ്കോപ്പ് ഉപയോഗിച്ചാൽ അനുഭവം കൂടുതൽ അവിസ്മരണീയമാക്കും. ഏറ്റവും മികച്ച ഉൽക്കാവർഷ കാഴ്ചകൾ ആഗസ്ത് 12,13 തീയതികളിലാണ് പ്രതീക്ഷിക്കപ്പെടുന്നത്. മണിക്കൂറിൽ 60 ഉൽക്കകൾ വരെ ഉത്പാദിപ്പിക്കുേമ്പാൾ ആകാശത്തിന് കുറുകെ ഇത് ഫയർബോളുകളായി പ്രത്യക്ഷപ്പെടാം. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെ കാണാൻ ആഗസ്റ്റ് 19നാണ് സാധിക്കുക.
വ്യാഴത്തെയും അതിെൻറ ഏറ്റവും വലിയ നാല് ഉപഗ്രഹങ്ങളെയും കാണാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. ഉപഗ്രഹങ്ങൾ ഗ്രഹത്തിന് അടുത്തായി കുത്തുകളായി ദൃശ്യമാകും. വ്യാഴം ഭൂമിയുടെ ഏറ്റവും അടുത്തെത്തുന്ന സന്ദർഭം കൂടിയാണ്. ഉൽകാവർഷം പിന്നീട് വീണ്ടും തിരിച്ചെത്തുന്നത് നവംബർ 18നാണ്. ലിയോനിഡ്സ് ഉൽക്കാവർഷം എന്നാണിത് അറിയപ്പെടുന്നത്. ഇത് ഫയർബോൾ ഉൽപാദിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഡിസംബർ 14െൻറ ജെമിനിഡ്സ് ഉൽക്കാവർഷവും ആകാശ നീരീക്ഷകർ ആകാംഷാപൂർവ്വം കാത്തിരിക്കുന്ന അൽഭുതക്കാഴ്ചയാണ്. മരുഭൂമിയോട് വാനം മിണ്ടിപ്പറയുന്ന രാത്രികളെ കാത്ത് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരീക്ഷകർ യു.എ.ഇയിൽ തമ്പടിക്കുന്ന ദിവസങ്ങൾ കൂടിയാകും ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.