പുതുകാലം പിറക്കുമെന്ന ശുഭാപ്തി വിശ്വാസം ഏറ്റവും കൂടുതലുള്ളത് യു.എ.ഇക്ക്; കാരണമിതാണ്
text_fieldsദുബൈ: ലോകത്ത് കോവിഡിനെ അതിജീവിച്ച് പുതുകാലം പിറക്കുമെന്ന ശുഭാപ്തി വിശ്വാസം ഏറ്റവും കൂടുതലുള്ളത് യു.എ.ഇക്കാരിലെന്ന് പഠനം. പുതുതായി പുറത്തുവന്ന 'യൂഗോവ്' സർവെയിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. രാജ്യനിവാസികളിൽ പകുതിയിലേറെപേരും ലോകം അതിജീവനത്തിെൻറ പാതയിലാണെന്ന് സംശയമില്ലാതെ രേഖപ്പെടുത്തുന്നു. എല്ലാ രാജ്യങ്ങളും ഈ മഹാമാരിയെ മറികടക്കുമെന്ന ആത്മവിശ്വാസമാണ് ഇവർപ്രകടിപ്പിക്കുന്നത്. സർവെയിൽ 52ശതമാനം യു.എ.ഇക്കാർ അതീജീവനം അരികെ എന്ന് അഭിപ്രായപ്പെട്ടപ്പോൾ അമേരിക്കയിലും ബ്രിട്ടനിലും 46ശതമാനം പേർ മാത്രമാണ് ഇത്തരത്തിൽ ശുഭാപ്തി വിശ്വാസമുള്ളവർ. ജർമനിയിൽ 33ശതമാനം പേർക്കും ആസ്ത്രേലിയയിൽ 32ശതമാനം പേർക്കും ഫ്രാൻസിൽ 27ശതമാനം പേർക്കുമാണ് ഇത്തരത്തിൽ പറയാൻ ആത്മവിശ്വാസമുള്ളത്.
വാക്സിനേഷനിൽ വളരെ വേഗം മുന്നോട്ടുപോയതടക്കമുള്ള ഘടകങ്ങളാകാം ജനങ്ങളുടെ ആത്മവിശ്വാസത്തിെൻറ കാരണമായി പറയുന്നത്. കോവിഡ് മാറിനിൽകുമെന്ന വിശ്വാസമുള്ളതിനാൽ തന്നെ യു.എ.ഇയിലെ 51ശതമാനം പേരും അടുത്ത 12മാസത്തിനുള്ളിൽ വിദേശയാത്ര ആസൂത്രണം ചെയ്യുന്നവരാണെന്നും സർവെ പറയുന്നു. ബ്രിട്ടനിലെ 13ശതമാനവും ഫ്രാൻസിലെ 15ശതമാനവും ജനങ്ങൾ മാത്രമാണ് ഇത്തരത്തിൽ പദ്ധതിയുള്ളവർ. അവധിക്കാല ആഘോഷത്തിന് ആഭ്യന്തരമായി യാത്ര ചെയ്യാൻ പദ്ധതിയിട്ടവർ 25ശതമാനവുമുണ്ട്. ഇതോടെ വരും മാസങ്ങളിൽ രാജ്യത്ത് ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ കുതിച്ചുചാട്ടമുണ്ടാകുമെന്നും സർവെ വെളിപ്പെടുത്തുന്നു. ഒക്ടോബറിൽ ആരംഭിക്കുന്ന എക്സ്പോ 2020, ഗ്ലോബൽ വില്ലേജ് പ്രദർശനം, ഐ.പി.എൽ മൽസരം, ട്വൻറി20 ലോകകപ്പ് എന്നിവ ഇതിനെ ത്വരിതപ്പെടുത്തും.
വിദേശങ്ങളിൽ യാത്ര ചെയ്യുന്നവരിൽ വലിയ ശതമാനവും ലക്ഷ്യമിടുന്നത് മാലിദ്വീപാണ്. കാനഡ, സ്വിറ്റ്സർലാൻഡ്, ബ്രിട്ടൻ, ജപ്പാൻ, യു.എസ്.എ, സിംഗപ്പൂർ, തായ്ലൻഡ്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളാണ് പട്ടികയിൽ തൊട്ടു താഴെ. ബിസിനസ് ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നവരുടെ മുൻഗണനയിൽ ഈജിപ്തും ഇന്ത്യയുമുണ്ട്. 25രാജ്യങ്ങളിൽ നിന്നുള്ള രണ്ട് ലക്ഷത്തോളം പേരാണ് സർവേയിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.