യു.ഡി.എഫ് പ്രകടന പത്രികയിൽ 'യു.എ.ഇ മോഡലും' ഇടംപിടിച്ചു
text_fieldsദുബൈ: ലോകത്തിൽ ആദ്യമായി സന്തോഷത്തിനായി ഒരു മന്ത്രാലയം യാഥാർഥ്യമാക്കിയ 'യു.എ.ഇ മോഡൽ' കേരളത്തിലെ യു.ഡി.എഫ് പ്രകടനപത്രികയിലും ഇടംപിടിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശനിയാഴ്ച പുറത്തിറക്കിയ പത്രികയിലാണ് ആഗോളതലത്തിൽ വാഴ്ത്തപ്പെട്ട യു.എ.ഇ മാതൃക പിൻപറ്റിയിരിക്കുന്നത്. ആളോഹരി ആനന്ദവും സന്തോഷവും ഉറപ്പുവരുത്താനായി 2016ലാണ് സഹിഷ്ണുതയുടെ രാജ്യമായ യു.എ.ഇ ചരിത്രത്തിൽ ആദ്യമായി സന്തോഷത്തിനായി ഒരു മന്ത്രാലയവും വകുപ്പുമന്ത്രിയും യാഥാർഥ്യമാക്കിയത്. ദുബൈയിൽ നടന്ന ലോക ഗവൺമെൻറ് ഉച്ചകോടിക്കിടെ യു.എ.ഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമാണ് മന്ത്രാലയത്തിെൻറ പ്രഖ്യാപനം നടത്തിയത്. പിന്നാലെ വകുപ്പ് മന്ത്രിയായി ഉഹൂദ് ബിൻത് ഖൽഫാൻ അൽ റൗമി ചുമതലയേൽക്കുകയും ചെയ്തു.
മുൻ ഐക്യരാഷ്ട്ര സഭ അണ്ടർ സെക്രട്ടറി ജനറലും ലോക്സഭ അംഗവുമായ ഡോ. ശശി തരൂരിെൻറ നേതൃത്വത്തിൽ രൂപകൽപന ചെയ്ത യു.ഡി.എഫ് പ്രകടന പത്രികയാണ് ഭാവിയിൽ കേരളത്തിലും മിനിസ്ട്രി ഓഫ് ഹാപ്പിനസ് രൂപവത്കരിക്കുമെന്ന വാഗ്ദാനം മുന്നോട്ടുവെച്ചത്. സംസ്ഥാനത്തെ രാഷ്ട്രീയ സംഘട്ടനങ്ങൾക്കും കൊലപാതകങ്ങൾക്കും അറുതി വരുത്താൻ രാജസ്ഥാൻ മാതൃകയിൽ സമാധാന വകുപ്പ് രൂപവത്കരിക്കുമെന്നാണ് പ്രകടന പത്രികയിലുള്ളത്.
ഇതുമായി ബന്ധപ്പെട്ട് നൽകിയ വിശദീകരണത്തിലാണ് മിനിസ്ട്രി ഓഫ് ഹാപ്പിനസിനെ കുറിച്ച് തരൂർ വ്യക്തത വരുത്തിയത്. എല്ലാ മുഖങ്ങളിലും സന്തോഷം നിറക്കാനും പരസ്പര സഹകരണത്തോടെ ആഹ്ലാദം നിറയുന്ന ജീവിതം ഉറപ്പുവരുത്താനും ലക്ഷ്യമിട്ടുള്ള 'സന്തോഷ വകുപ്പി'ന് മികച്ച പിന്തുണയാണ് ലഭിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും വേറിട്ട ഇൗ തീരുമാനം വലിയ ചർച്ചയായി. വീട്ടമ്മമാർക്കുള്ള പെൻഷൻ മുതൽ പി.എസ്.സി പരീക്ഷയെഴുതുന്ന അമ്മമാർക്ക് രണ്ട് വയസ്സ് ഇളവ് നൽകുന്നതുൾപ്പെടെ പതിവിന് വിപരീതമായി വേറിട്ട പ്രഖ്യാപനങ്ങളും പത്രികയിലുണ്ട്. ഇവയെല്ലാം എത്രത്തോളം യാഥാർഥ്യബോധത്തോടെ നടപ്പാകാനാകുമെന്ന കാര്യത്തിൽ ആശങ്കയുണ്ടെങ്കിലും വേറിട്ട പ്രകടന പത്രികയാണ് ഇത്തവണ പുറത്തിറക്കിയിരിക്കുന്നതെന്ന കാര്യത്തിൽ ആർക്കും എതിർ അഭിപ്രായങ്ങളില്ല.
ജനങ്ങളുടെ സന്തോഷകരമായ ജീവിതം ഉറപ്പുവരുത്താനുള്ള വിവിധ പദ്ധതികളുടെ ചുമതലയാണ് യു.എ.ഇയിലെ മിനിസ്ട്രി ഓഫ് ഹാപ്പിനസ് നിർവഹിക്കുന്നത്. ചീഫ് ഹാപ്പിനസ് ഓഫിസറും പോസിറ്റിവിറ്റി ഓഫിസറും മന്ത്രാലയത്തിന് കീഴിലുണ്ട്. സന്തോഷം, മാനസികാരോഗ്യം തുടങ്ങിയവക്ക് മന്ത്രിമാരെ ചില രാജ്യങ്ങള്‍ നിയമിക്കാറുണ്ട്. അടുത്തിടെയാണ് ജപ്പാനില്‍ ഏകാന്തതക്ക് ഒരു മന്ത്രിയെ നിയമിച്ചത്. ജനങ്ങൾക്ക് സന്തോഷമാണ് ആത്യന്തികമായി വേണ്ടത് എന്ന് തിരിച്ചറിഞ്ഞ് ആദ്യമായി പദ്ധതികൾ ആവിഷ്കരിച്ചത് ഭൂട്ടാനാണ്.
രാജ്യത്തിെൻറ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഇക്കാര്യം പരിശോധിക്കുന്നതിനായി ജനസംഖ്യാ സെൻസസിൽ 'നിങ്ങൾ സന്തോഷവാനാണോ?' എന്ന ചോദ്യവും ഭൂട്ടാൻ സ്വന്തം രാജ്യങ്ങളിലെ ജനങ്ങളോട് ചോദിക്കുന്നുണ്ട്. മികച്ച പ്രതികരണമാണ് ജനങ്ങളിൽനിന്ന് ലഭിക്കുന്നതെന്നാണ് ഭൂട്ടാൻ നൽകുന്ന സൂചനകൾ. മാത്രമല്ല, ജി.ഡി.പിക്ക് പകരം ജി.എൻ.എച്ച് (ഗ്രോസ് നാഷനൽ ഹാപ്പിനസ്) സൂചിക മാനദണ്ഡമാക്കിയാണ് ഭൂട്ടാൻ രാജ്യപുരോഗതി അളക്കുന്നതെന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.