സുസ്ഥിരതക്ക് ഐക്യപ്പെടണമെന്ന് യു.എ.ഇ
text_fieldsദുബൈ: സുസ്ഥിര സാമ്പത്തിക-സാമൂഹിക വികസനത്തിന് വഴിയൊരുക്കാൻ സമാധാനം, സ്ഥിരത, സഹകരണം എന്നീ തത്വങ്ങൾക്ക് കീഴിൽ ഐക്യപ്പെടാൻ അന്താരാഷ്ട്ര സമൂഹത്തോട് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അഭ്യർഥിച്ചു. ഊർജവും കാലാവസ്ഥയും സംബന്ധിച്ച 'മേജർ ഇക്കണോമി ഫോറ'ത്തിന്റെ ലീഡേഴ്സ് മീറ്റിലാണ് ഇക്കാര്യം അദ്ദേഹം ആവശ്യപ്പെട്ടത്. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ആതിഥേയത്വം വഹിച്ച വെർച്വൽ ഫോറത്തിൽ ലോകത്തെ 17സുപ്രധാന സാമ്പത്തിക ശക്തി രാജ്യങ്ങളുടെ നേതാക്കളാണ് പങ്കെടുത്തത്. 28-ാമത് യു.എൻ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന്റെ ആതിഥേയ രാജ്യമെന്നപ നിലയിൽ കൂടിയാണ് യു.എ.ഇ യോഗത്തിൽ പ്രതിനിധീകരിച്ച് സംസാരിച്ചത്. കാലാവസ്ഥാ വ്യതിയാനം വളരെ പ്രാധാന്യത്തോടെ കാണേണ്ട വിഷയമാണെന്ന് വയക്തമാക്കിയ ശൈഖ് മുഹമ്മദ്, കൂട്ടായ സഹകരണത്തിലൂടെ ഇത് പരിഹരിക്കപ്പെടണമെന്ന് അഭിപ്രായപ്പെട്ടു. കാലാവസ്ഥ വ്യതിയാനത്തിന് ലോകം വലിയ വില നൽകേണ്ടതായി വരും. ജനങ്ങൾക്കും ഭൂമിക്കും ആഗോള സാമ്പത്തിക വ്യവസ്ഥക്കും ഇത് പരിക്കേൽപ്പിക്കും. സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് പുതിയ പാതകൾ വെട്ടിത്തെളിക്കാനുള്ള അവസരമാണ് കാലാവസ്ഥ ആക്ഷൻ പദ്ധതികളെന്ന കാഴ്ചപ്പാടാണ് യു.എ.ഇക്കുള്ളത്.
തീർച്ചയായും ഈ മേഖലയിലെ പ്രായോഗിക സമീപനങ്ങൾ എല്ലാ രാജ്യങ്ങൾക്കും ഗുണം ചെയ്യും -അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള കമ്മ്യൂണിറ്റിയുടെ സജീവ പങ്കാളിയെന്ന നിലയിലാണ് 2023ലെ കോപ്-28 എല്ലാ വിഭാഗങ്ങളുടെ ആശങ്കകൾ പങ്കുവെക്കാനുള്ള വേദിയായി തീരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 40 രാജ്യങ്ങളിലായി 50 ബില്യൺ ഡോളറിന്റെ പുനരുപയോഗ ഊർജ പദ്ധതികളിൽ യു.എ.ഇ നിക്ഷേപിച്ചിട്ടുണ്ട്. അടുത്ത ദശകത്തിൽ 50 ബില്യൺ ഡോളർ കൂടി നിക്ഷേപിക്കാൻ പദ്ധതിയിടുന്നുമുണ്ട്.
ആഗോള അജണ്ടയിൽ കാലാവസ്ഥാ പ്രവർത്തനത്തിന് മുൻഗണന നൽകണമെന്ന് യു.എസ് പ്രസിഡൻറ് ബൈഡനും നേതാക്കളോട് ആവശ്യപ്പെട്ടു. ശുദ്ധമായ ഊർജത്തിലേക്ക് മാറുന്നത് വേഗത്തിലാക്കുകയും അപകടസാധ്യത കുറക്കുന്ന സംരംഭങ്ങളെ പിന്തുണച്ച് പാരിസ്ഥിതിക ആഘാതങ്ങൾ ലഘൂകരിക്കാൻ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.