യൂനിവേഴ്സിറ്റി ഓഫ് വെസ്റ്റ് ലണ്ടന്‍ 'ഗ്രാജുവേഷന്‍ ഡേ' ആഘോഷിച്ചു
text_fieldsറാസല്‍ഖൈമ: റാക് അക്കാദമി സോണില്‍ പ്രവര്‍ത്തിക്കുന്ന യൂനിവേഴ്സിറ്റി ഓഫ് വെസ്റ്റ് ലണ്ടന്‍ യു.എ.ഇ ബ്രാഞ്ച് കാമ്പസിന്‍റെ രണ്ടാം ബിരുദ ദാന ചടങ്ങുകള്‍ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്നു. എം.ബി.എ, ബി.എ (ഓണേഴ്സ്), ബിസിനസ് സ്റ്റഡീസ് (ബി.എ, ബി.എസ്), അക്കൗണ്ടിങ് ആൻഡ് ഫിനാന്‍സ് (ബി.എ.എ.എഫ്) തുടങ്ങിയ ബിരുദ കോഴ്സുകള്‍ പൂർത്തിയാക്കിയവരെ അനുമോദിച്ചു.
വെസ്റ്റ് ലണ്ടൻ യൂനിവേഴ്സിറ്റി ഡെപ്യൂട്ടി വൈസ് ചാൻസലറും റാസൽഖൈമ ബ്രാഞ്ച് ചെയർമാനുമായ പ്രഫ. ആന്‍റണി വുഡ്മാന്‍ ഉദ്ഘാടനം ചെയ്തു. അഹമ്മദ് റാഫി ബി. ഫെറി (ഡയറക്ടര്‍, സി.ഇ.ഒ റാസല്‍ഖൈമ ബ്രാഞ്ച് കാമ്പസ്, മാനേജിങ് ഡയറക്ടർ വിസ്ഡം എജുക്കേഷൻ ഗ്രൂപ്), ഡോ. സ്റ്റീവന്‍ റെയ്സിങ് (ചീഫ് അക്കാദമിക് ഓഫിസര്‍, റാകിസ്), സുബൈര്‍ (യു.ഡബ്ല്യു.എൽ റാസല്‍ ഖൈമ ഡയറക്ടര്‍, പേസ് ഗ്രൂപ് ഡയറക്ടർ), പ്രഫ. മുരളീധരൻ (അക്കാദമിക് ഡീൻ, ബിസിനസ് ആൻഡ് മാനേജ്‌മെന്‍റ് സ്റ്റഡീസ്), ഡോ. സെയ്ദ് അബ്ബാസ് (അക്കാദമിക് ഡീൻ, കമ്പ്യൂട്ടിങ് ആൻഡ് എൻജിനീയറിങ്) എന്നിവര്‍ സംസാരിച്ചു.
നിലവിലെ യു.ജി, പി.ജി കോഴ്‌സുകൾക്കൊപ്പം ബി.ടെക് ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ് കോഴ്‌സും അടുത്ത അധ്യയന വർഷത്തിൽ ആരംഭിക്കുമെന്ന് അഹ്മദ് റാഫി ബി. ഫെറി പറഞ്ഞു. ബിരുദം നേടുക എന്നതുപോലെ പ്രധാനമാണ് നല്ല വ്യക്തിയാവുക എന്നത്. പേസ് ഗ്രൂപ് ഡയറക്ടർ സുബൈർ വിദ്യാർഥികളെ ഉദ്ബോധിപ്പിച്ചു. യൂനിവേഴ്സിറ്റി ഓഫ് വെസ്റ്റ് ലണ്ടൻ റാസൽഖൈമ ബ്രാഞ്ച് കാമ്പസിന്‍റെ മുൻ കോചെയർമാനായിരുന്ന ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ വിയോഗത്തിൽ അദ്ദേഹം ദുഃഖം രേഖപ്പെടുത്തി. ഈ മഹാപ്രസ്ഥാനത്തെ മുന്നോട്ടുനയിക്കുന്നത് അദ്ദേഹത്തിന്‍റെ ദീർഘവീക്ഷണത്തിന്‍റെ വെളിച്ചമാണെന്ന് സുബൈർ അനുസ്മരിച്ചു.
68 വിദ്യാർഥികൾക്ക് വെസ്റ്റ് ലണ്ടൻ യു.കെ സർവകലാശാലയിൽ നിന്ന് യു.ജി, പി.ജി ബിരുദങ്ങൾ സമ്മാനിച്ചു. ആയിഷ ഫെറി മംഗളപ്രഭാഷണം നടത്തി. റാക് ബ്രാഞ്ച് കാമ്പസ് സീനിയർ ലെക്ചറർ ഡോ. സുനൈന നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.