വാക്സിനെടുത്തവർ രണ്ടു ദിവസംകൊണ്ട് ഉസ്ബകിസ്താൻ വഴി ദുബൈയിലേക്ക്
text_fieldsദുബൈ: ഇന്ത്യക്കാർക്ക് രണ്ടു ദിവസം കൊണ്ട് ഉസ്ബകിസ്താൻ ഉൾപ്പെടെ വിദേശരാജ്യങ്ങൾ വഴി ദുബൈയിലെത്താൻ വഴി തെളിയുന്നു.രണ്ട് ഡോസ് വാക്സിനെടുത്ത മലയാളികൾ അടക്കമുള്ളവർ ഉസ്ബകിസ്താനിലെ താഷ്കൻറ് വിമാനത്താവളം വഴി വെള്ളിയാഴ്ച ദുബൈയിലെത്തി. 14 ദിവസം ക്വാറൻറീൻ പൂർത്തീകരിക്കാതെയാണ് ഇവർ ദുബൈയിലെത്തിയത്. വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് ദുബൈയിലെത്താമെന്ന പുതിയ ഇളവ് ഉപയോഗിച്ചായിരുന്നു യാത്ര.
ഉസ്ബകിസ്താനിലെ ഹോട്ടൽ ക്വാറൻറീൻ ഒഴിവാക്കുന്നതിനാൽ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാമെന്ന് വെള്ളിയാഴ്ച ദുബൈയിലെത്തിയ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി റൈജു രവി പറഞ്ഞു. നാട്ടിൽ നിന്ന് 14 ദിവസത്തെ ക്വാറൻറീൻ പാക്കേജിലാണ് വന്നത്.
എന്നാൽ, ക്വാറൻറീൻ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ പുതിയ ഇളവ് പരീക്ഷിച്ചുനോക്കാൻ തീരുമാനിക്കുകയായിരുന്നു. ട്രാവൽ ഏജൻസിക്കാർ ഉറപ്പു പറയാത്തതിനാൽ സ്വന്തം റിസ്കിലാണ് വന്നത്.ജോലി പോകുമെന്ന ഘട്ടത്തിലാണ് റിസ്കെടുക്കാൻ തയാറായത്. യാത്രക്ക് നാലുമണിക്കൂർ മു െമ്പടുക്കേണ്ട റാപിഡ് പി.സി.ആർ പരിശോധന താഷ്കൻറിൽ വെച്ച് പൂർത്തിയാക്കി. താഷ്കൻറ് വിമാനത്താവളത്തിൽ കർശന പരിശോധനയുണ്ട്. വാക്സിനേഷൻ ഉൾപ്പെടെ ദുബൈ നിർദേശിച്ച എല്ലാ നിബന്ധനകളും പാലിക്കുന്നവർക്ക് മാത്രമാണ് അവിടെനിന്ന് യാത്ര അനുവദിക്കുന്നത്.
ഒന്നര മാസം മുമ്പ് നാട്ടിലേക്ക് മടങ്ങു േമ്പാൾതന്നെ രണ്ട് ഡോസ് വാക്സിനേഷനും പൂർത്തീകരിച്ചിരുന്നു. അതിനാൽ കാര്യങ്ങൾ എളുപ്പമായി.ദുബൈയിലെത്തിയ ശേഷം സ്വന്തം ചെലവിലാണ് ഇൻസ്റ്റിറ്റ്യുഷനൽ ക്വാറൻറീൻ. ഇതിനായി ഹോട്ടൽ നേരത്തേ ബുക്ക് ചെയ്തിരുന്നു.
നാലുമണിക്കൂറിനുള്ളിൽ പരിശോധന ഫലം ലഭിച്ചു. യു.എ.ഇയിലേക്ക് വരാൻ നിരവധി മലയാളികൾ താഷ്കൻറിൽ തുടരുന്നുണ്ടെന്നും റൈജു പറഞ്ഞു.പുതിയ പ്രോട്ടോകോൾ പ്രകാരം യു.എ.ഇ അംഗീകരിച്ച രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് 23 മുതൽ ദുബൈയിലേക്ക് വരാം. എന്നാൽ, ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാനമില്ലാത്തതിനാലാണ് ഉസ്ബകിസ്താൻ, അർമീനിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വഴി യാത്ര ചെയ്യുന്നത്.
ഇന്ത്യയിൽ 14 ദിവസത്തിനിടെ തങ്ങിയവർക്ക് യു.എ.ഇ പ്രവേശനം അനുവദിച്ചിരുന്നില്ല.ഇതോടെയാണ് മറ്റ് രാജ്യങ്ങളിലെത്തി 14 ദിവസം ക്വാറൻറീനിലിരുന്ന ശേഷം ദുബൈയിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.