വിസ പൊതുമാപ്പ് ഇന്ന് അവസാനിക്കും
text_fieldsദുബൈ: രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് പിഴകളോ ശിക്ഷ നടപടികളോ ഇല്ലാതെ താമസ രേഖകൾ ശരിയാക്കാനും രാജ്യം വിടാനും അവസരം നൽകുന്ന പൊതുമാപ്പ് ചൊവ്വാഴ്ച അവസാനിക്കും. ദുബൈ എമിറേറ്റിൽ ഇതിനകം 2.36 ലക്ഷം പേർ പൊതുമാപ്പിന്റെ അവസരം പ്രയോജനപ്പെടുത്തിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർരി വെളിപ്പെടുത്തി.
ഇതിൽ നിരവധിപേർ റെസിഡന്റ്സ് സ്റ്റാറ്റസ് ഭേദഗതി ചെയ്യുകയും 55,000ത്തിലധികം ആളുകൾ രാജ്യം വിടുകയും ബാക്കിയുള്ളവർ അവരുടെ സ്വദേശത്തേക്ക് മടങ്ങാനുള്ള ശ്രമത്തിലുമാണെന്ന് അദ്ദേഹം പറഞ്ഞു.
പൊതുമാപ്പ് സംരംഭം വിജയകരമായിരുന്നുവെന്നും ഇതിന് പങ്കാളിത്തം വഹിച്ചവരോട് കൃതജ്ഞത അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈയിൽ ഇതുവരെ 55,200 എക്സിറ്റ് പെർമിറ്റ് പാസുകൾ നൽകിയിട്ടുണ്ട്. ഔട്ട് പാസ് ലഭിച്ച നിരവധി ആളുകൾ ഇനിയും രാജ്യം വിടാനുണ്ട്.
മതിയായ ടിക്കറ്റുകളുടെ ലഭ്യതക്കുറവും ഉയർന്ന ടിക്കറ്റ് നിരക്കുമാണ് രാജ്യം വിടാൻ ഒരുങ്ങുന്നവരുടെ പ്രധാന വെല്ലുവിളി. എങ്കിലും ജി.ഡി.ആർ.എഫ്.എ ദുബൈ അർഹതപ്പെട്ട നിരവധി പേർക്ക് യാത്രക്കുള്ള സഹായങ്ങൾ നൽകിയിട്ടുണ്ടെന്ന് ലഫ്. ജനറൽ കൂട്ടിച്ചേർത്തു. 2024 സെപ്റ്റംബർ ഒന്നിനാണ് പൊതുമാപ്പ് ആരംഭിച്ചത്.
ഒക്ടോബർ 31ന് അവസാനിക്കേണ്ട പദ്ധതി വീണ്ടും രണ്ടു മാസത്തേക്കുകൂടി നീട്ടിനൽകുകയായിരുന്നു. നിയമലംഘകർക്ക് അവരുടെ പദവി ശരിയാക്കാനുള്ള അവസരം നൽകുന്നതിന് യു.എ.ഇ സർക്കാറിന്റെ മുൻകാല സംരംഭങ്ങളെ അപേക്ഷിച്ച് ഇത്തവണ പദ്ധതി അഭൂതപൂർവമായ വിജയമായിരുന്നുവെന്ന് അൽ മർരി അഭിപ്രായപ്പെട്ടു.
ദുബൈ പൊലീസ്, ദുബൈ സിവിൽ ഡിഫൻസ്, ദുബൈ ആംബുലൻസ്, മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയം, റോഡ് ഗതാഗത അതോറിറ്റി, ദുബൈ ഹെൽത്ത് എന്നിവയുൾപ്പെടെ പ്രക്രിയ സുഗമമാക്കുന്നതിന് പ്രവർത്തിച്ച എല്ലാ സ്ഥാപനങ്ങൾക്കും ആത്മാർഥമായ നന്ദി അറിയിക്കുന്നുവെന്നും ലഫ്റ്റനന്റ് ജനറൽ പറഞ്ഞു.
പൊതുമാപ്പിന് ശേഷം പിഴകൾ പുനഃസ്ഥാപിക്കുമെന്നതിനാൽ, സമയപരിധിക്ക് മുമ്പായി സ്റ്റാറ്റസ് ക്രമീകരണം വേഗത്തിലാക്കാൻ നിയമലംഘകരോട് അദ്ദേഹം അഭ്യർഥിച്ചു. നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനാ കാമ്പയിനുകൾ അടുത്ത ദിവസങ്ങളിൽ ശക്തമാക്കുമെന്നും പിടിക്കപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.