മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം; പദ്ധതി നടത്തിപ്പിന് ഐ.എസ്.സിയും
text_fieldsഅബൂദബി: മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനുവേണ്ടി അതോറിറ്റി ഓഫ് സോഷ്യല്‍ കോണ്ട്രിബ്യൂഷന് (മആന്‍) നടപ്പാക്കുന്ന സീനിയര്‍ ഹാപ്പിനസ് പ്രോഗ്രാമിന്റെ നടത്തിപ്പിന് അബൂദബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററിനെ (ഐ.എസ്.സി) തെരഞ്ഞെടുത്തു. 55 വയസ്സിന് മുകളിലുള്ളവരുടെ ശരീരിക, മാനസിക, കായിക ഉല്ലാസത്തിന് പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതാണ് പദ്ധതി.
ഒരേസമയം 40 പേര്‍ക്കാണ് അവസരം. ഇവര്‍ക്കുവേണ്ട സേവനത്തിനും പരിചരണത്തിനുമായി കമ്യൂണിറ്റി വളന്റിയറിങ് പ്രോഗ്രാമിലേക്ക് 80 വളന്റിയര്മാരെയും ഐ.എസ്.സി തെരഞ്ഞെടുക്കും. ഫെബ്രുവരിമുതല്‍ പദ്ധതി ആരംഭിക്കും. മുതിര്‍ന്ന പൗരന്മാര് നേരിടുന്ന സാമൂഹിക വെല്ലുവിളിക്ക് പരിഹാരം കണ്ടെത്താന്‍ സ്വകാര്യമേഖലയുടെ സഹകരണത്തോടെയുള്ള പദ്ധതിക്ക് ഫണ്ട് സര്‍ക്കാര്‍ നല്‍കും. സാമൂഹിക വികസന വിഭാഗത്തിന് (ഡി.സി.ഡി) കീഴിലാണ് മആന്‍ പ്രവര്‍ത്തിച്ചുവരുന്നത്.
സീനിയര്‍ ഹാപ്പിനസ് പ്രോഗ്രാമില്‍ സ്വദേശികള്‍ക്കും താമസവിസയുള്ള വിദേശികള്‍ക്കും അംഗമാകാം. യോഗ, ഗാര്‍ഡനിങ്, വിനോദയാത്ര, ഷട്ടില്‍ബാറ്റ്, ബാസ്കറ്റ് ബാൾ, ഫുട്ബാള്‍, ടെന്നീസ് തുടങ്ങിയവയാണ് പരിപാടികള്‍. മാസത്തില്‍ നാല് എന്ന തോതില്‍ വര്‍ഷം 47 പരിപാടികള്‍ ഉണ്ടാകും. ഓരോ പരിപാടിയിലും പങ്കെടുക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ എണ്ണത്തിനനുസരിച്ച് നടത്തിപ്പ് ചെലവിനുള്ള തുക ഐ.എസ്.സിക്ക് കൈമാറും. മുതിര്‍ന്ന പൗരന്മാര്ക്ക് ഗതാഗത സൗകര്യവും ഒരുക്കണം.
താല്പര്യമുള്ള മുതിര്‍ന്ന പൗരന്മാര് 026730066 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേരെ ചേര്‍ത്ത് പട്ടിക തയാറാക്കും. 20 പേരെ കാത്തിരിപ്പ് പട്ടികയിലും രജിസ്റ്റര്‍ ചെയ്യും. ഏതെങ്കിലും കാരണവശാല്‍ ഒരാള്‍ക്ക് വരാന്‍ സാധിച്ചില്ലെങ്കില്‍ കാത്തിരിപ്പ് പട്ടികയില്‍നിന്നുള്ളവരെ ഉള്‍പ്പെടുത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഐ.എസ്.സി പ്രസിഡന്റ് ജോണ്‍ പി. വര്‍ഗീസ്, ജനറല്‍ സെക്രട്ടറി പ്രദീപ് കുമാര്‍, ട്രഷറര്‍ ദിലീപ് കുമാര്‍, ശ്രീകുമാര്‍, അനുപ് നമ്പ്യാര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.