മലമുകളിലെ വിസ്മയം പെരുന്നാളിന് തുറക്കും
text_fieldsഷാർജ: വെയിലും നിലാവും ശിശിരത്തിലെ കോടമഞ്ഞും ഉല്ലസിക്കാനെത്തുന്ന ഹജർമലയുടെ മുകളിൽ തെച്ചിപ്പൂപോലൊരു വിനോദകേന്ദ്രം വരുന്നു. ഖോർഫക്കാെൻറ വിണ്ണും മണ്ണും കടലും മേടും ഒന്നിച്ചാസ്വദിക്കാൻ സാധിക്കുന്ന ഈ സൗന്ദര്യത്തിെൻറ പേര് അൽ സഹബ് എന്നാണ്. ബലിപെരുന്നാളിന് ഈ മലമുകളിലെ സൗന്ദര്യം ആസ്വദിക്കാനാകുമെന്ന് നഗരവികസന വിഭാഗം അറിയിച്ചു.
30 മീറ്റർ വ്യാസമുള്ള വ്യതിരിക്തമായ വൃത്താകൃതിയിലാണ് ഹൗസ് പദ്ധതി നിർമിച്ചിരിക്കുന്നത്. വിശ്രമ കേന്ദ്രത്തിലിരുന്നാൽ ഖോർഫക്കാൻ നഗരത്തിെൻറ മനോഹര കാഴ്ച കാണാം. ജലധാരകൾ, റസ്റ്റാറൻറ്, കഫത്തീരിയ, കാർ പാർക്കിങ് എന്നിവ മലമുകളിലുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 580 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പദ്ധതി ഖോർഫക്കാെൻറ വിനോദ സഞ്ചാര ഭൂപടത്തിൽ പുതുവിസ്മയം കുറിക്കും. താഴ്വരയിൽ നിന്ന് അൽ സഹബിലേക്ക് പോകുന്ന
ചുരം റോഡിന് 5.63 കിലോമീറ്റർ നീളമുണ്ട്. റോഡിന് ജൈവികമായ സൗന്ദര്യം ലഭിക്കാൻ വശങ്ങളിലായി സദാസമയവും പൂത്ത് കൈയിലി ചുറ്റി നിൽക്കുന്ന കാടു തന്നെ ഒരുക്കാൻ നിർദേശിച്ചിട്ടുണ്ട് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി.
ഹജർമലയും കേരളവും തമ്മിൽ അഭേദ്യബന്ധമുണ്ട്. അടയാള പാറകൾക്ക് സമീപം നങ്കൂരമിട്ട പത്തേമാരികളിൽ നിന്ന് കരയിലേക്ക് നീന്തിക്കയറിയവർക്ക് പുതുജീവിതം പകർന്നത് ഖോർഫക്കാനായിരുന്നു. പർവതത്തിെൻറ മുകളിലെ പുരാതന നിരീക്ഷണ മാളികയിൽ നിന്നാണ് അന്നത്തെ തലമുറ ശത്രുവിനെയും അതിഥികളെയും തിരിച്ചറിഞ്ഞത്. അതേ പർവതമാണ് വിനോദ കേന്ദ്രം ഒരുക്കി അതിഥികളെ വരവേൽക്കാനൊരുങ്ങുന്നത്. യു.എ.ഇയിലെ ആദ്യത്തെ ഏറ്റവും വലിയ തുരങ്കപാതയും അൽ റഫീസ അണക്കെട്ടും വാദി ഷീസ് ഉദ്യാനവും ഇതിനു സമീപത്തുണ്ട്.
ഡിസംബറിലാണ് ഖോർഫക്കാനിലെ വെള്ളച്ചാട്ടം തുറന്നത്. സമുദ്രനിരപ്പിൽ നിന്ന് 43 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇത് നൂതന സാങ്കേതികവിദ്യ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു, 45 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പ്രകൃതിദത്ത പർവത ഗുഹക്കുള്ളിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.