ഷാഫിയുടെ ധീരത തുണച്ചു;തൊഴിലാളി പിടിച്ചുപറിക്കാരിൽനിന്ന് രക്ഷപ്പെട്ടു
text_fieldsദുബൈ: പ്രവാസി മലയാളിയുടെ ധീരത മറ്റൊരു പ്രവാസിയെ പിടിച്ചുപറിക്കാരിൽനിന്ന് രക്ഷിച്ചു. ദുബൈ നായിഫിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പണവുമായി പോവുകയായിരുന്ന മൊയ്തീൻ എന്നയാളെയാണ് പിന്തുടർന്നുവന്ന നാലുപേർ ആക്രമിച്ചത്. മൊബൈൽ കച്ചവടവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇയാൾ കലക്ഷൻ തുകയുമായി തിരിച്ചുവരുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട പലരും ഓടിമറഞ്ഞപ്പോൾ പാനൂർ സ്വദേശിയായ മുഹമ്മദ് ഷാഫി ധീരമായി ഇടപെട്ട് അക്രമികളെ തുരത്തുകയായിരുന്നു. സംഭവം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
ഇടവഴിയിൽ വെച്ചാണ് ആക്രമണം നടന്നതെന്നും പാകിസ്താൻ സ്വദേശികളാണ് ഇവരെന്നാണ് സംശയിക്കുന്നതെന്നും ഷാഫി പറഞ്ഞു. 14 വർഷമായി ദുബൈയിൽ മൊബൈൽ ബിസിനസ് രംഗത്ത് പ്രവർത്തിക്കുകയാണ് ഷാഫി. ഇദ്ദേഹത്തിന് നേരത്തെ പരിചയമുള്ളയാളാണ് ആക്രമിക്കപ്പെട്ട മൊയ്തീൻ. സൈക്കിളിൽ വരുമ്പോൾ പിടിച്ചുവീഴ്ത്തിയാണ് ആക്രമികൾ പണം തട്ടിപ്പറിക്കാൻ ശ്രമിച്ചത്.
പണം ചേർത്തുപിടിച്ച് കിടന്നതിനാൽ വേഗത്തിൽ കൈക്കലാക്കാൻ ഇവർക്ക് സാധിച്ചില്ല. തുടർന്ന് ഷാഫി എത്തിയതോടെ മൊയ്തീന്റെ മൊബൈലുമായി അക്രമികൾ കടന്നുകളയുകയായിരുന്നു. അക്രമികൾ പ്രദേശത്ത് സാധാരണ കാണുന്നവരല്ലെന്നും പുറത്തുനിന്ന് ആസൂത്രിതമായി പിന്തുടർന്ന് എത്തിയവരാണെന്നും പറയുന്നു. ഇടവഴിയിൽ ആരുമില്ലെന്നുകണ്ടാണ് പിടിച്ചുപറിക്കാൻ ശ്രമിച്ചത്. എന്നാൽ, അപ്രതീക്ഷിത തിരിച്ചടിയിൽ അക്രമികൾ പതറിപ്പോവുകയായിരുന്നു. ഒരാളെ പിടിച്ചുവെച്ചെങ്കിലും മറ്റുള്ളവർ ആക്രമിക്കുമെന്ന ഭയത്തിൽ വിട്ടയക്കുകയായിരുന്നു -ഷാഫി കൂട്ടിച്ചേർത്തു. സംഭവത്തിൽ പൊലീസിൽ പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. സംഭവം പുറത്തറിഞ്ഞതോടെ കെ.എം.സി.സി ഭാരവാഹി കൂടിയായ ഷാഫിക്ക് അഭിനന്ദനവുമായി സമൂഹ മാധ്യമങ്ങളിൽ നിരവധിപേർ രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.