‘യു.എ.ഇ സമവായ’ത്തെ അനുമോദിച്ച് ലോകം
text_fieldsദുബൈ: ബുധനാഴ്ച രാവിലെ 11.13ന് ചരിത്രം പിറക്കുകയായിരുന്നു. ഒരുപക്ഷേ അസാധ്യമെന്ന് ലോകം വിലയിരുത്തിയ മഹാപ്രഖ്യാപനമായിരുന്നു അത്.
മനുഷ്യ ചരിത്രത്തിന്റെ ഗതിവേഗം നിർണയിച്ച ഫോസിൽ ഇന്ധനങ്ങളുടെ അവസാനത്തിന്റെ തുടക്കമെന്നാണ് ഈ സമയത്തെ വിദഗ്ധർ പലരും വിലയിരുത്തിയത്. ഫോസിൽ ഇന്ധനം കുറച്ചുകൊണ്ടുവരാനുള്ള പ്രഖ്യാപനമടക്കം ഉൾക്കൊള്ളുന്ന രേഖ ലോക രാജ്യങ്ങൾ അംഗീകരിച്ചത് ആ നിമിഷത്തിലായിരുന്നു.
കാലാവസ്ഥ വ്യതിയാനത്തിനെതിരായ പ്രവർത്തനത്തിൽ ഒഴിച്ചുകൂടാനാവാത്തതാണ് ഫോസിൽ ഇന്ധനങ്ങൾ കുറക്കുന്നതെന്ന ശാസ്ത്രസത്യത്തെ തിരസ്കരിച്ച് മുന്നോട്ടുപോകാനാവില്ലെന്ന തിരിച്ചറിവ് അടയാളപ്പെടുത്തുകയായിരുന്നു ‘യു.എ.ഇ സമവായം’.
വിവിധ ലോക രാജ്യങ്ങളിൽനിന്നെത്തിയ പ്രതിനിധികളെല്ലാം വളരെ ആഹ്ലാദപൂർവമാണ് കോപ് 28 ഉടമ്പടിയെ സ്വീകരിച്ചത്.
പലരും ഇക്കാര്യം ലോക മാധ്യമങ്ങൾക്കു മുന്നിൽ വ്യക്തമാക്കുകയും ചെയ്തു. ഈ രേഖ ലോകത്തിന് വളരെ ശക്തമായ സന്ദേശമാണ് നൽകുന്നതെന്നായിരുന്നു യു.എസ് കാലാവസ്ഥ ദൂതൻ ജോൺ കെറിയുടെ അഭിപ്രായം. കൃതജ്ഞതയുടെയും നിശ്ചയദാർഢ്യത്തിന്റെയും ദിവസമാണിതെന്നായിരുന്നു യൂറോപ്യൻ യൂനിയൻ കാലാവസ്ഥ കമീഷണർ വോപ്കെ ഹീക്സ്ട്രയുടെ പ്രതികരണം. മനുഷ്യലോകം വൈകിയാണെങ്കിലും അക്കാര്യം നിർവഹിച്ചിരിക്കുന്നു.
ഫോസിൽ ഇന്ധനങ്ങളുടെ അവസാനത്തിന് തുടക്കം കുറിക്കാൻ നാം മൂന്നു ദശാബ്ദമെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരിത്രപരമായ തീരുമാനം എന്നായിരുന്നു ജർമനിയുടെ കാലാവസ്ഥ ദൂതൻ ജെന്നിഫർ മോർഗന്റെ അഭിപ്രായം. ഭാവി പുനരുപയോഗ ഊർജത്തിന്റേതാണെന്നുള്ള ശക്തമായ സൂചനയാണ് ഇതെന്നും അവർ കൂട്ടിച്ചേർത്തു.എന്നാൽ, ചില പ്രതിനിധികൾ കാലാവസ്ഥ ഉടമ്പടിയുടെ കാര്യത്തിൽ അസന്തുഷ്ടിയും പ്രകടിപ്പിച്ചു. ചെറുദ്വീപ് രാജ്യങ്ങളുടെ കൂട്ടായ്മയുടെ പ്രതിനിധികളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ദുർബലമായതും ദ്വാരങ്ങളുള്ളതുമായ തോണിപോലെയാണ് ഉടമ്പടിയെന്ന് വിശേഷിപ്പിച്ച മാർഷൽ ഐലൻഡ് പ്രതിനിധി തലവൻ ജോൺ സിൽക്, എന്നാൽ മറ്റു വഴികളില്ലാത്തതിനാൽ ഈ തോണി വെള്ളത്തിലിറക്കാൻ നിർബന്ധിതരാണെന്നും പറഞ്ഞു. വിമർശനങ്ങളുള്ളതോടൊപ്പവും കോപ് 28 കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ വിജയകരമായ ഒരധ്യായമാണെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. 2015ലെ പാരിസ് ഉടമ്പടിക്കുശേഷം ഏറ്റവും സുപ്രധാനമായ കരാറാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.