യു.എ.ഇയിൽ നിന്ന് പണമയക്കുന്നത് കുറഞ്ഞെന്ന് വേൾഡ് ബാങ്ക്
text_fieldsകഴിഞ്ഞ വർഷം എല്ലാ ഗൾഫ് രാജ്യങ്ങളിലും കുറവുണ്ടായി
ദുബൈ: യു.എ.ഇയിൽ നിന്ന് വിദേശരാജ്യങ്ങളിലേക്ക് പണമയക്കുന്നത് കഴിഞ്ഞ വർഷം കുറഞ്ഞതായി വേൾഡ് ബാങ്ക് പുറത്തുവിട്ട കണക്ക്. 2022നെ അപേക്ഷിച്ച് മൂന്നു ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2022ൽ 145.5 ശതകോടി ദിർഹം പുറം രാജ്യങ്ങളിലേക്ക് അയച്ചപ്പോൾ 2023ൽ 141.3 ശതകോടി ദിർഹമാണ് വിദേശത്തേക്ക് ഒഴുകിയത്. കഴിഞ്ഞ നാലുവർഷമായി പണമയക്കുന്നത് കുറഞ്ഞുവരുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2019ൽ 194 ശതകോടി എന്ന നിലയിലെത്തിയ ശേഷമാണ് ഓരോ വർഷവും കുറഞ്ഞുവന്നത്.
2022നെ അപേക്ഷിച്ച് 2023ൽ എല്ലാ ഗൾഫ് രാജ്യങ്ങളിലും ചേർന്ന് 13 ശതമാനം പണമയക്കൽ കുറഞ്ഞതായാണ് വേൾഡ് ബാങ്കിന്റെ മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്റ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ആഗോളതലത്തിൽ പ്രവാസി തൊഴിലാളികളുടെ എട്ടാമത്തെ ഏറ്റവും വലിയ ലക്ഷ്യസ്ഥാനമാണ് യു.എ.ഇ. ഇന്ത്യ, പാകിസ്താൻ, ഫിലിപ്പീൻസ്, യു.കെ, ഈജിപ്ത്, ശ്രീലങ്ക, ലബനാൻ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള 87.1 ലക്ഷത്തിലധികം വരുന്ന പ്രവാസി തൊഴിലാളികളാണ് യു.എ.ഇയിലുള്ളത്.
ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പണമയക്കൽ ചില ഏറ്റക്കുറച്ചിലുകളോടെ 2010 മുതൽ 2019 വരെ വർധിക്കുന്ന പ്രവണതയാണ് കാണിച്ചിരുന്നത്. എന്നാൽ, 2019ന് ശേഷം ഇതിൽ മാറ്റമുണ്ടായി. കോവിഡിനു ശേഷമുള്ള സാഹചര്യങ്ങളും വിദേശ കുടിയേറ്റ തൊഴിലാളികൾക്ക് കുടുംബങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരാൻ അനുവദിക്കുന്ന സൗദി അറേബ്യയുടെ സമീപകാല നയവും ഈ മാറ്റത്തിന് കാരണമാണെന്ന് വേൾഡ് ബാങ്ക് വിലയിരുത്തുന്നു.
ആഗോളതലത്തിൽ 2023ൽ പണം സ്വീകരിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യയിലേക്ക് 120 ശതകോടി ഡോളർ ഒഴുകിയപ്പോൾ തൊട്ടുപിറകെയുള്ള മെക്സികോയിലേക്ക് 66 ശതകോടി ഡോളർ മാത്രമാണ് അയച്ചത്. ചൈന (50 ശതകോടി ഡോളർ), ഫിലിപ്പീൻസ് (39 ശതകോടി), പാകിസ്താൻ(27 ശതകോടി) എന്നിവയാണ് പിന്നാലെയുള്ളത്. ഇന്ത്യയിലേക്കുള്ള പണമയക്കൽ 2024ൽ 3.7 ശതമാനം വർധിച്ച് 124 ശതകോടി ഡോളറായും 2025ൽ 4 ശതമാനം വർധിച്ച് 129 ശതകോടി ഡോളറായും മാറുമെന്ന് ലോകബാങ്ക് പ്രവചിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.