ലോകം ഷാർജയിൽനിന്നു വായിക്കാൻ ഒരുങ്ങി: അക്ഷരപൂരം നവംബർ നാലു മുതൽ 14 വരെ
text_fieldsഷാർജ: അക്ഷരങ്ങളുടെ ആത്മബലം അളക്കാനുള്ള ഉപകരണങ്ങളൊന്നും ഇതുവരെ ആരും കണ്ടെത്തിയിട്ടില്ല, ഇനി കണ്ടെത്തുമെന്ന് കരുതുകയും വേണ്ട. കോവിഡ് കാലത്തെ ലിഖിതാക്ഷരങ്ങൾ കൊണ്ട് മറികടക്കാൻ ഒരുങ്ങുകയാണ് ലോക പുസ്തക തലസ്ഥാനവും അറബ് സംസ്കൃതിയുടെ തലസ്ഥാനവുമായ ഷാർജ. ഷാർജ ഇൻറർനാഷനൽ ബുക്ക് ഫെയറിെൻറ (എസ്.ഐ.ബി.എഫ്) 39-ാം പതിപ്പ് നവംബർ നാലു മുതൽ 14 വരെ 'ഷാർജയിൽ നിന്ന് ലോകം വായിക്കുന്നു' എന്ന പ്രമേയത്തിൽ നടക്കുമെന്ന് സംഘാടകരായ ഷാർജ ബുക് അതോറിറ്റി പറഞ്ഞു. ഓൺലൈനായും ഓഫ്ലൈനായും നടക്കുന്ന മേളയിൽ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തും.
സാംസ്കാരിക പരിപാടി പൂർണമായും ഡിജിറ്റൽ ഫോർമാറ്റ് സ്വീകരിക്കുമെങ്കിലും പ്രസാധകർ എക്‌സ്‌പോ സെൻറർ ഷാർജയിൽ നേരിട്ട് പ്രത്യക്ഷപ്പെടും. രാജ്യമെമ്പാടുമുള്ള പുസ്തക പ്രേമികൾക്ക് പുസ്‌തകങ്ങൾ വാങ്ങുവാൻ കഴിയുമെന്ന് ബുക്ക് അതോറിറ്റി പറഞ്ഞു. യുവതലമുറക്ക് ശോഭനമായ ഭാവിയിലേക്കുള്ള സാംസ്കാരിക പാതകൾ ഒരുക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടും നിർദേശവും പാലിച്ചാണ് അക്ഷരപൂരം ഒരുങ്ങുന്നത്.
വായന, സാക്ഷരത, അറിവ് എന്നിവയിലൂടെ ജനങ്ങളുടെ ജീവിതത്തെ സമ്പന്നമാക്കുന്നതിനൊപ്പം വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ പോലും സാംസ്കാരിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കരുത് എന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്ന് ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അംറി പറഞ്ഞു. പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ വിർച്വൽ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ സംസ്കാരത്തിെൻറയും വിജ്ഞാനത്തിെൻറയും യഥാർഥ ബീക്കണാകാൻ ഷാർജക്ക് കഴിയുമെന്ന് അംറി പറഞ്ഞു.
പങ്കെടുക്കുന്നവരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് കോവിഡ് പ്രതിരോധ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും നടത്തിപ്പ്. പൂർണ വിവരങ്ങൾ ഈ മാസം അവസാനം വെളിപ്പെടുത്തുമെന്ന് അംറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.