പെരുന്നാൾ പുലരിയിലേക്ക് പ്രവാസ ലോകം
text_fieldsദുബൈ: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ദീപ്തസ്മരണകളുണർത്തുന്ന ബലിപെരുന്നാൾ ആഘോഷങ്ങളിലേക്കുണർന്ന് യു.എ.ഇ. പെരുന്നാളിനോടനുബന്ധിച്ച് വ്യത്യസ്ത ആഘോഷ പരിപാടികളാണ് വിവിധ എമിറേറ്റുകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. പെരുന്നാൾ പ്രമാണിച്ച് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് നാലു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് മുൻകൂട്ടിക്കണ്ട് മലയാളികളായ പ്രവാസികൾ നാട്ടിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ്. പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി വിവിധ എമിറേറ്റുകൾ കഴിഞ്ഞ ദിവസങ്ങളിലായി തടവുകാർക്ക് മോചനം പ്രഖ്യാപിച്ചിരുന്നു. ദുബൈ, ഷാർജ, അബൂദബി എമിറേറ്റുകളിൽ പെരുന്നാൾ അവധി ദിനങ്ങളിൽ സൗജന്യ പാർക്കിങ്ങും അനുവദിച്ചിട്ടുണ്ട്. പെരുന്നാൾ വന്നെത്തിയെന്ന് അറിയിക്കുന്നതിനായി ദുബൈയിൽ ഏഴിടത്ത് ദുബൈ പൊലീസ് പീരങ്കി മുഴക്കും.
സഅബീൽ ഗ്രാൻഡ് മോസ്ക്, ഉമ്മു സുഖൈം ഈദ് ഗാഹ്, നാദൽ ഹമർ, അൽ ബർഷ, നാദൽ ഷിബ, അൽ ബറഹ, ഹത്ത എന്നിവിടങ്ങളിലാണ് പീരങ്കി മുഴങ്ങുകയെന്ന് കാനൻ ടീം കമാൻഡർ ലഫ്റ്റനന്റ് കേണൽ അബ്ദുല്ല താരിഷ് അൽ അമീമി പറഞ്ഞു. പെരുന്നാൾ വിപണികൾ ഒരാഴ്ച മുമ്പേ സജീവമാണ്. ഹൈപ്പർ മാർക്കറ്റുകളും മറ്റും വമ്പൻ ഓഫറുകളുമായാണ് സന്ദർശകരെ ആകർഷിക്കുന്നത്.
ബലിയറുക്കുന്നതിനും മാംസം വിതരണം ചെയ്യുന്നതിനുമായി ദുബൈ മുനിസിപ്പാലിറ്റി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആവശ്യക്കാർക്ക് മികച്ച ഉരുക്കളെ തിരഞ്ഞെടുക്കുന്നതിനായി പ്രത്യേക ആപ്പ് മുനിസിപ്പാലിറ്റി വികസിപ്പിച്ചിരിക്കുകയാണ്. ഇതിലൂടെ ഉരുക്കളെ തിരഞ്ഞെടുക്കാനും പണമടക്കാനുമുള്ള സൗകര്യം ലഭ്യമാണ്. രാത്രി വൈകുംവരെ ആഘോഷിക്കാനായി ദുബൈ, ഷാർജ എമിറേറ്റുകളിലെ പാർക്കുകളിലെയും വിനോദ കേന്ദ്രങ്ങളിലെയും സമയങ്ങളിൽ അധികൃതർ മാറ്റം വരുത്തിയിട്ടുണ്ട്. ദുബൈയിലും ഷാർജയിലും മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഈദ് ഗാഹുകൾ സജ്ജമാക്കിയിട്ടുണ്ട്.
രാവിലെ 5.45നാണ് ദുബൈയിൽ പെരുന്നാൾ നമസ്കാരം. ഷാർജയിൽ ഇസ്ലാമിക കാര്യ വകുപ്പ് പെരുന്നാൾ നമസ്കാരത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. 640 ഈദുഗാഹുകളിലും പള്ളികളിലുമായി പെരുന്നാൾ നമസ്കാരം നടക്കും. അബൂദബി എമിറേറ്റിലും ഈദ് ഗാഹുകളും പള്ളികളും പെരുന്നാൾ നമസ്കാരത്തിന് സൗകര്യം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.