ലോക സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് ചലഞ്ച്; വാണിജ്യ വിഭാഗത്തിൽ ചൈനീസ് കമ്പനി ഒന്നാമത്
text_fieldsദുബൈ: ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി സംഘടിപ്പിച്ച സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് ചലഞ്ചിലെ വിജയിയെ പ്രഖ്യാപിച്ചു. ഇൻഡസ്ട്രി വിഭാഗത്തിൽ ചൈനീസ് കമ്പനിയായ കിങ് ലോങ് വിജയിയായി.
10 ലക്ഷം ഡോളറാണ് സമ്മാനം. രണ്ടു ദിവസങ്ങളിലായി ദുബൈയിൽ നടക്കുന്ന ലോക സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് കോൺഗ്രസിലാണ് വിജയിയെ പ്രഖ്യാപിച്ചത്. മണിക്കൂറിൽ 69 കിലോമീറ്റർ പരമാവധി വേഗം കൈവരിക്കാനും 12ഓളം യാത്രക്കാർക്ക് സഞ്ചരിക്കാനും കഴിയുന്ന ആറു മീറ്റർ നീളമുള്ള സെൽ ഡ്രൈവിങ് ബസാണ് ചൈനീസ് കമ്പനി അവതരിപ്പിച്ചത്.
27 കാമറകൾ, സെൻസറുകൾ, 120 മിനിറ്റിനകം പൂർണതോതിൽ ചാർജ് ചെയ്യാവുന്ന ബാറ്ററികളുമുള്ള ബസാണിത്. സുരക്ഷ, സുസ്ഥിരത, മികച്ച യാത്രാനുഭവം തുടങ്ങി ഒന്നിലേറെ പരീക്ഷണങ്ങൾക്ക് വിധേയമാക്കിയശേഷമാണ് കിങ് ലോങ് ഒന്നാം സ്ഥാനം നേടിയത്. ഈജിപ്തിൽനിന്നുള്ള ബ്രൈറ്റ് ഡ്രൈവ് കമ്പനി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ആറു മീറ്റർ നീളവും മണിക്കൂറിൽ 69 കിലോമീറ്റർ വേഗവുമുള്ള സെൽഫ് ഡ്രൈവിങ് ബസ് 7,50,000 യു.എസ് ഡോളർ സമ്മാനമായി നേടി. 15 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ബസിൽ 16 കാമറകളും സെൻസറുകളും സജ്ജീകരിച്ചിട്ടുണ്ട്. 180 മിനിറ്റിനകം പൂർണമായും ചാർജ് ചെയ്യാനാകും.
പ്രാദേശിക അക്കാദമിക് വിഭാഗത്തിൽ ദുബൈയിൽ നിന്നുള്ള ഹെരിയറ്റ്-വാട്ട് യൂനിവേഴ്സിറ്റി വിജയിച്ചു. രണ്ടു ലക്ഷം യു.എസ് ഡോളറാണ് സമ്മാനം. യാത്രക്കാരുടെ സുരക്ഷയും സുഖസൗകര്യങ്ങളും ഉൾക്കൊള്ളുന്ന നൂതന ആശയമാണ് യൂനിവേഴ്സിറ്റി അവതരിപ്പിച്ചത്. അബൂദബി ഖലീഫ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഒരു ലക്ഷം യു.എസ് ഡോളർ നേടി രണ്ടാം സ്ഥാനത്തെത്തി. ആഗോളതലത്തിൽ 27 അപേക്ഷകളിൽ നിന്നാണ് അവസാന റൗണ്ടിലേക്ക് 19 ടീമുകളെ തെരഞ്ഞെടുത്തിരുന്നത്.
അപേക്ഷകരിൽ ഇൻഡസ്ട്രി ലീഡേഴ്സ് വിഭാഗത്തിൽ 130 ശതമാനവും ലോക്കൽ അക്കാദമിക് വിഭാഗത്തിൽ 175 ശതമാനവും വർധനയുണ്ടായതായി ആർ.ടി.എ നേരത്തേ വ്യക്തമാക്കിയിരുന്നു. 2030ഓടെ ദുബൈയിലെ 25 ശതമാനം യാത്രകളും സ്മാർട്ടാക്കാൻ ലക്ഷ്യമിട്ടാണ് സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് ചലഞ്ച് സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.