വരുന്നത് ഡാറ്റകൾ നിയന്ത്രിക്കുന്ന ലോകം
text_fieldsഅതിവേഗമാണ് ലോകം വളരുന്നത്. എന്നാൽ അതിലും വേഗം വളരുകയാണ് ഡാറ്റകൾ അഥവാ വിവരങ്ങൾ. ലോകത്ത് ഒരു ദിവസം ഏതാണ്ട് 2.5 ക്വിന്‍ ട്രില്ല്യണ്‍ ബൈറ്റ് ഡാറ്റയാണ് ഡിജിറ്റലായി സൃഷ്ടിക്കപ്പെടുന്നതെന്നാണ് കണക്ക്. ഒന്നിലധികം ഡിജിറ്റല്‍ സ്രോതസ്സുകളില്‍നിന്ന് ഒരേസമയം വിവരശേഖരണം നടത്തി, വിശകലനം ചെയ്ത് ട്രെന്‍ഡുകളും പാറ്റേണുകളും കണ്ടെത്തി ഫലപ്രദമായ തീരുമാനങ്ങളെടുക്കുന്ന പ്രക്രിയകളാണ് ഡാറ്റ സയൻസ് പഠിപ്പിക്കുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതൽ ശൂന്യാകാശ പദ്ധതികള്‍ വരെ ഡാറ്റകളുടെ സഹായത്താൽ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നിർവഹിക്കുന്ന രീതികൾ നാം കണ്ടുകഴിഞ്ഞു. വിവിധ രീതിയിലുള്ള ഗതാഗതം, വാര്‍ത്താവിനിമയം, ശൂന്യാകാശ പദ്ധതികള്‍, പലവിധത്തിലുള്ള സെന്‍സറുകള്‍, അസംഖ്യം മൊബൈല്‍ ഫോണുകള്‍, വെബ്സൈറ്റ് ലോഗുകള്‍, ബാങ്കിങ്, ഇന്‍ഷുറന്‍സ് തുടങ്ങിയ ധനകാര്യ സേവന ഇടപാടുകള്‍, സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം അതിരുകളില്ലാതെ ഉരുത്തിരിയുന്ന സംഖ്യ, സംഖ്യ ഇതര വിവര ശേഖരത്തെ അപഗ്രഥിച്ചും വിശകലനം നടത്തിയുമാണ് കൃത്യവും ഉചിതവുമായ തീരുമാനമെടുക്കുന്നത്. പുതിയ കാലം ആവശ്യപ്പെടുന്നത്, ഡാറ്റകൾ മികവോടെ കൈകാര്യം ചെയ്യാനും വേർതിരിച്ച് അപഗ്രഥിക്കാനും വിശകലനം നടത്താനുമുള്ള ശേഷിയുള്ളവരെയാണ്.
ബിഗ് ഡാറ്റയുടെ ശേഖരണത്തിനും അവ സൂക്ഷിക്കാനും കമ്പ്യൂട്ടര്‍ വിദഗ്ധരും വിശകലനം ചെയ്ത് ദൃശ്യവത്കരിക്കുന്നതിന് സാംഖ്യാശാസ്ത്ര വിദഗ്ധരും വേണ്ടിവരും. ഇതിനായി നിരവധി കമ്പ്യൂട്ടറുകള്‍ അടങ്ങിയ രാജ്യാന്തര ശൃംഖലകളാണ് പടർന്നുകൊണ്ടിരിക്കുന്നത്. ഇവയെ നിയന്ത്രിക്കുന്നതിന് ഡാറ്റ അനലിറ്റിക്സില്‍ പരിശീലനം നേടിയ വിദഗ്ധരെയും ആവശ്യമായിവരും. ഏതു മേഖലയിലാണോ ഡാറ്റാ അനലിറ്റിക്സില്‍ നിന്നുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കേണ്ടി വരുന്നത് ആ മേഖലയിൽ നിന്നുള്ള വിദഗ്ധരും കൂട്ടായിച്ചേർന്നാണ് ഡാറ്റ അനലിറ്റിക്സ് നടത്തുന്നത്. അവസരങ്ങളുടെ വലിയൊരു ലോകമാണ് ഡാറ്റ സയൻസ് തുറന്നിടുന്നത്.
ഡാറ്റ സയന്‍സ് പഠിച്ചവരുടെയും അനലിറ്റിക്സില്‍ പരിശീലനം നേടിയവരുടെയും അഭാവം വലിയ അളവിൽ പ്രകടമാണ്. വരും വർഷങ്ങളിലും വർധിക്കാനാണ് സാധ്യത. അതുകൊണ്ടുതന്നെ വന്‍ പ്രതിഫലത്തോടെയുള്ള തൊഴിലവസരങ്ങളാണ് മികച്ച രീതിയിൽ ഡാറ്റകൾ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചവരെ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.