വേൾഡ് ട്രേഡ് സെന്ററിൽ മേളകളുടെ പൊടിപൂരം
text_fieldsദുബൈ: ലോകമേളകളുടെ ആസ്ഥാനകേന്ദ്രമായ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്നതും നടക്കാനിരിക്കുന്നതും മേളകളുടെ പൊടിപൂരം. കോവിഡ് എത്തിയശേഷം ഏറ്റവും കൂടുതൽ പരിപാടികൾ നടന്നത് ഈ വർഷമാണ്. വരും മാസങ്ങളിലും ഒരുദിവസംപോലും ഇടവേളകളില്ലാതെ വിവിധ പരിപാടികൾക്ക് ഒരുങ്ങിയിരിക്കുകയാണ് വേൾഡ് ട്രേഡ് സെന്റർ. ഗൾഫുഡ് മാനുഫാക്ചറിങ്, ഓട്ടോമെക്കാനിക്ക, ബ്യൂട്ടി വേൾഡ്, സിറ്റിസ്കേപ് ഗ്ലോബൽ, ബിഗ് 5, ജൈടെക്സ് ഷോപ്പർ എന്നിവയാണ് വരും മാസങ്ങളിലെ പ്രധാന പരിപാടികൾ.
മുൻ വർഷങ്ങളെ അപേക്ഷിച്ച് പരിപാടികളിൽ 41 ശതമാനം വർധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ പാദത്തിൽ 79 വാണിജ്യ പരിപാടികൾക്ക് വേദിയൊരുക്കി. ആരോഗ്യം, റിയൽ എസ്റ്റേറ്റ്, നിർമാണം, വിദ്യാഭ്യാസം, ഭക്ഷണം, ടെക്നോളജി തുടങ്ങിയ മേഖലകളിലെയെല്ലാം പരിപാടികൾ അരങ്ങേറി. ഈ മാസം മാത്രം ഒമ്പത് പരിപാടികളാണ് നടന്നത്.
കഴിഞ്ഞ ആഴ്ചയായിരുന്നു കൂടുതൽ പരിപാടികളും. അറബ് ലാബ് എക്സിബിഷൻ, ഇന്റർനാഷനൽ കോൺഫറൻസ് ആൻഡ് എക്സിബിഷൻ ഫോർ ഫാമിലി മെഡിസിൻ, ദുബൈ ഒട്ടോളജി ആൻഡ് ന്യൂറോസർജറി കോൺഫറൻസ് ആൻഡ് എക്സിബിഷൻ, അഗ്രികൾച്ചറൽ മിഡിലീസ്റ്റ് എക്സിബിഷൻ, അഗ്രികൾച്ചറൽ മിഡിലീസ്റ്റ് എക്സിബിഷൻ എന്നിവയാണ് കഴിഞ്ഞ ദിവസങ്ങളിൽ സമാപിച്ചത്.
ദുബൈ ബോഡി ബിൽഡിങ് എക്സിബിഷൻ, ബ്യൂട്ടി വേൾഡ് മിഡിലീസ്റ്റ് എന്നിവ ഇപ്പോൾ നടക്കുന്നുണ്ട്. നവംബർ രണ്ടിനാണ് ബ്യൂട്ടി വേൾഡ് അവസാനിക്കുന്നത്. ഭക്ഷ്യമേഖലയിലെ പ്രധാന പരിപാടിയായ ഗൾഫുഡ് മാനുഫാക്ചറിങ് നവംബർ എട്ട് മുതൽ 10വരെ നടക്കും. ഭക്ഷ്യമേഖലയിലെ നൂതനാശയങ്ങൾ പങ്കുവെക്കുന്ന മേളയാണിത്. ഇന്റർനാഷനൽ ഹോസ്പിറ്റൽ ഫെഡറേഷൻ കോൺഫറൻസിന്റെ 45ാം എഡിഷൻ നവംബർ ഒമ്പത് മുതൽ 11 വരെ നടക്കും. ആയിരത്തോളം പേർ പങ്കെടുക്കുന്ന കോൺഫറൻസിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 150ഓളം പ്രഭാഷകർ സംസാരിക്കും. നവംബർ 15 മുതൽ 17വരെയാണ് ഗ്ലോബൽ എക്സിബിഷൻ ഫോർ എജുക്കേഷൻ സപ്ലൈസ്.
വിദ്യാഭ്യാസ മന്ത്രാലയമാണ് സംഘടിപ്പിക്കുന്നത്. റിയൽ എസ്റ്റേറ്റുകാരുടെ സംഗമമായ 'സിറ്റിസ്കേപ് ഗ്ലോബൽ' നവംബർ 21 മുതൽ 23വരെ നടക്കും. വാഹനമേഖലയിലെ ഏറ്റവും വലിയ പ്രദർശനങ്ങളിലൊന്നായ ഓട്ടോമെക്കാനിക്ക നവംബർ 22 മുതൽ 24വരെയാണ്. നിർമാണമേഖലയിലെ ഏറ്റവും പ്രധാന പരിപാടിയായ 'ദി ബിഗ് 5' ഡിസംബർ അഞ്ച് മുതൽ എട്ട് വരെയാണ്. സാങ്കേതികമേഖലയിലെ നൂതന ഉൽപന്നങ്ങൾ വിലക്കുറവിൽ വാങ്ങാൻ അവസരമൊരുക്കുന്ന ജൈടെക്സ് ഷോപ്പർ ഡിസംബർ 14 മുതൽ 18വരെ നടക്കും.
2023ന്റെ ആദ്യ മാസങ്ങളിലും വമ്പൻ പരിപാടികളാണ് ദുബൈ നിവാസികളെ കാത്തിരിക്കുന്നത്. അറബ് ഹെൽത്ത്, ഇന്റർനാഷനൽ സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ട്രേഡ് ഫെയർ (ഇന്റർസെക്), ദുബൈ ഇന്റർനാഷനൽ കോൺഫറൻസ് ആൻഡ് എക്സിബിഷൻ ഫോർ ഫാർമ്യൂട്ടിക്കൽ ആൻഡ് ടെക്നോളജി, ഐ.എഫ്.എക്സ് എന്നിവയാണ് ജനുവരിയിൽ നടക്കുന്ന പരിപാടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.