ലോകത്തിലെ ആദ്യ ഇൻഡോർ ഫുട്ബാൾ വിനോദപാർക്ക് തുറന്നു
text_fieldsദുബൈ: ലോകോത്തര ഫുട്ബാളിെൻറ വിസ്മയ ലോകത്തേക്ക് ആരാധകരെയും കുട്ടികളെയും മുതിർന്നവരെയും കൂട്ടിക്കൊണ്ടുപോകുന്ന 'ഫുട്ലാബ്' ദുബൈയിൽ തുറന്നു.ഫുട്ബാളിനൊപ്പം മറ്റ് വിനോദങ്ങളും ഒരു കുടക്കീഴിൽ അണിനിരക്കുന്ന ലോകത്തിലെ ആദ്യ അന്താരാഷ്ട്ര ഇൻഡോർ ഫുട്ബാൾ വേദിയാണ് ദുബൈയിൽ തുറന്നത്. നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ് പ്രവർത്തനം.
ഫുട്ബാൾ ഗ്രൗണ്ടിന് പുറമെ അമ്യൂസ്മെൻറ് പാർക്കിന് സമാനമായ വിനോദോപാധികളും ഫിറ്റ്നസ് സെൻററുകളും കുട്ടികളുടെ പരിശീലന കേന്ദ്രങ്ങളുമെല്ലാം അണിനിരക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. യൂറോ കപ്പിെൻറ ആരവങ്ങളിലേക്ക് ആവേശം വിതറുന്നതിന് ഫുട്ലാബിെൻറ ഉദ്ഘാടനം മുൻ പോർച്ചുഗീസ് താരം റൂയി കോസ്റ്റ നിർവഹിച്ചു. കോസ്റ്റയുടെ നേതൃത്വത്തിലാണ് ഫുട്ലാബ് തുടങ്ങിയത്.
ദുബൈ സ്പോർട്സ് സിറ്റിയിലെ 2000 ചതുരശ്ര മീറ്ററിലാണ് ഫുട്ലാബ് തുറന്നത്. സ്ട്രീറ്റ് സോക്കർ, ഫുട്വോളി, ഫൈവ്സ് ഫുട്ബാൾ ഗ്രൗണ്ട്, സ്കിൽ പരിശീലിക്കാനുള്ള സൗകര്യം എന്നിവ ഇവിടെയുണ്ട്. ഞായർ മുതൽ ബുധൻ വരെ രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെയും ബാക്കി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ രാത്രി ഒരു മണി വരെയും തുറന്നിരിക്കും.
നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ് ഫുട്ബാൾ സ്കിൽ പരിശീലനം.പെനാൽറ്റിയും ഫ്രീക്കിക്കും ഇങ്ങനെ ഗോൾവല ലക്ഷ്യമിട്ട് ഷൂട്ട് ചെയ്യാം. വമ്പൻ മൈതാനങ്ങളിലേക്ക് താരങ്ങൾ ഇറങ്ങിവരുന്ന ചാമ്പ്യൻസ് ടണലും നിർമിത ബുദ്ധിയുടെ സഹായത്തോടെ സ്ഥാപിച്ചിരിക്കുന്നു. ആരവങ്ങൾക്ക് നടുവിലൂടെ ഇറങ്ങിവരുന്ന പ്രതീതി കുട്ടികൾക്കടക്കം വേറിട്ട അനുഭവമാകും. കുട്ടികൾ, കൗമാരക്കാർ, മുതിർന്നവർ, സുഹൃത്തുക്കൾ, കുടുംബങ്ങൾ, സ്ഥാപനങ്ങൾ, സംഘടനകൾ തുടങ്ങിയവർക്ക് ഒരുമിച്ച് കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയും.
തങ്ങളുടെ ആദ്യ അന്താരാഷ്ട്ര ഫുട്ലാബിന് ഏറ്റവും അനുയോജ്യമായ വേദിയാണ് ദുബൈ എന്ന് റൂയി കോസ്റ്റ പറഞ്ഞു. ഫുട്ബാൾ എെൻറ ജീവിതമാണ്. ഫുട്ബാളിനോടുള്ള എെൻറ സ്നേഹം പങ്കിടാൻ കഴിയുന്ന ഏറ്റവും മികച്ച നഗരമാണ് ദുബൈ. എല്ലാ പ്രായത്തിലുമുള്ള ഫുട്ബാൾ താരങ്ങളെ വളർത്തുക എന്നതാണ് പ്രധാന ലക്ഷ്യം. പ്രഫഷനൽ ആകാതെ ഫുട്ബാളിെൻറ സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്നു എന്നതാണ് ഫുട്ലാബിെൻറ പ്രത്യേകത.
നിങ്ങളുടെ കായികക്ഷമത അളക്കാനും ഏതൊക്കെ മേഖലകളിലാണ് മെച്ചപ്പെടേണ്ടത് എന്ന് വ്യക്തമാക്കാനും ഇവിടെയുള്ള കൃത്രിമ ബുദ്ധി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളുമായി ഫുട്വോളി കളിക്കാനും അദ്ദേഹം സമയം കണ്ടെത്തി.ഇത് ദുബൈയുടെ പുതിയ വിനോദ സഞ്ചാര ലക്ഷ്യസ്ഥാനമാണെന്ന് ഫുട്ലാബ് മാനേജിങ് ഡയറക്ടർ ഹുസൈൻ മുറാദ് പറഞ്ഞു. യു.എ.ഇയിലെ എല്ലാ സമൂഹങ്ങളെയും ഇവിടേക്ക് ക്ഷണിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.