കൊടും കുറ്റവാളിയെ കൈമാറി; ദുബൈ പൊലീസിന് ഡച്ച് അഭിനന്ദനം
text_fieldsദുബൈ: കൊടും കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുന്നയാളെ ദുബൈ പൊലീസിന്റെ സഹായത്തോടെ നെതർലൻഡ്സ് അധികൃതർക്ക് കൈമാറി.
ഫൈസൽ ടാഗി എന്ന കുറ്റവാളിയെയാണ് കൈമാറിയതെന്ന് ദുബൈ പൊലീസ് വൃത്തങ്ങൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഡച്ച് പൗരനായ ഇയാൾ ‘മരണത്തിന്റെ മാലാഖമാർ’ എന്ന പേരിൽ അറിയപ്പെട്ട ക്രിമിനൽ സംഘത്തിന്റെ ഭാഗമായിരുന്നു. മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, മനുഷ്യക്കടത്ത് എന്നിവയടക്കം നിരവധി കുറ്റകൃത്യങ്ങളുടെ ഭാഗമായതിനെ തുടർന്ന് ഫൈസലിനെതിരെ അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് നിലവിലുണ്ടായിരുന്നു.
കുറ്റവാളിയെ കൈമാറുന്നതിൽ യു.എ.ഇയുടെ സഹകരണത്തെയും ദുബൈ പൊലീസിന്റെ ഇടപെടലുകളെയും ഡച്ച് പ്രധാനമന്ത്രി ഡിക്ക് ഷൂഫ് അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലെ ശക്തമായ ഉഭയകക്ഷി ബന്ധത്തെയും അദ്ദേഹം അഭിനന്ദിച്ചു.
ഫൈസലിന്റെ പിതാവ് റിദൗവാൻ ടാഗി 2019ൽ ദുബൈയിൽ അറസ്റ്റിലായിരുന്നു. ഈ സമയത്ത് അയാൾ ക്രിമിനൽ സംഘത്തിന്റെ നേതാവായിരുന്നു. 2016 മുതൽ ആഡംബര വില്ലയിൽ താമസിച്ചുവന്ന ഇയാൾ വ്യാജ ഐഡന്റിറ്റി ഉപയോഗിച്ചാണ് യു.എ.ഇയിൽ പ്രവേശിച്ചിരുന്നത്.
ഈ കാലത്ത് യു.എ.ഇയും നെതർലൻഡ്സും തമ്മിൽ കുറ്റവാളികളെ കൈമാറുന്ന കരാർ നിലവിലുണ്ടായിരുന്നില്ല. കുറ്റവാളികളെ കൈമാറുന്നതിനും ക്രിമിനൽ കാര്യങ്ങളിൽ പരസ്പര സഹായത്തിനുമായി രണ്ട് ജുഡീഷ്യൽ, നിയമ കരാറുകളിൽ 2021 ആഗസ്റ്റിൽ ഇരു രാജ്യങ്ങൾ ഒപ്പുവെച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് കൈമാറ്റങ്ങൾ നടന്നത്. ഈ വർഷം ഫെബ്രുവരിയിൽ റിദൗവാൻ ടാഗിയെ ഡച്ച് കോടതി രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ക്രിമിനൽ കേസ് വിചാരണക്ക് ശേഷം ജീവപര്യന്തം തടവിന് വിധിച്ചിരുന്നു.
കൊലപാതകങ്ങൾ ഉൾപ്പെടെ 300ലധികം വ്യത്യസ്ത കുറ്റകൃത്യങ്ങളിൽ ഇയാളുടെ നേതൃത്വത്തിലുള്ള ക്രിമിനൽ സംഘം പ്രതിയാണെന്നാണ് പറയപ്പെടുന്നത്. ഇൻറർപോൾ ‘മോസ്റ്റ് വാണ്ടഡ് ക്രിമിനലു’കളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ലോകത്തെ ഏറ്റവും അക്രമാസക്തമായ ഒരു സംഘത്തിന്റെ തലവനായും തരംതിരിച്ചിരുന്നു. അക്കാലത്ത് ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് ഡച്ച് അധികാരികൾ 100,000 യൂറോ സാമ്പത്തിക പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.