ഒരു വർഷമായി യുവാവ് ആശുപത്രിയിൽ; പ്രതീക്ഷ സുമനസ്സുകളുടെ സഹായത്തിൽ
text_fieldsസലീംനൂർ
അജ്‌മാൻ: അജ്ഞാതന്‍റെ ആക്രമണത്തിൽ പരിക്കേറ്റ മലയാളി യുവാവ് ഒരു വർഷമായി ആശുപത്രിയിൽ. തൃശൂർ ജില്ലയിലെ തളി സ്വദേശി നാസറാണ് കഴിഞ്ഞ ഫെബ്രുവരി മുതൽ ആശുപത്രിയിൽ കിടക്കുന്നത്.
വിസിറ്റ് വിസയിലായിരുന്ന നാസർ കഴിഞ്ഞ വർഷം ജോലി അന്വേഷണാർഥം അബൂദബിയിൽ പോയതായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ബസ് സർവിസ് നിന്നുപോയതിനാൽ തൊഴിലുടമയുടെ നിർദേശപ്രകാരം ടാക്സിലായിയിരുന്നു യാത്ര. അബൂദബിയിലെത്തിയപ്പോൾ ടാക്സിക്ക് വലിയ വാടകയായി. ഇത്രയധികം വാടക നൽകാൻ തൊഴിലുടമ തയാറായില്ല. ഇതേ തുടർന്ന് ഇതേ ടാക്സിയിൽ തന്നെ നാസർ മടങ്ങി. ടാക്സിയുടെ മൊത്തം വാടക നൽകാൻ കഴിയാതിരുന്ന നാസർ തന്‍റെ പാസ്പോർട്ട് ടാക്സിക്കാരന് ജാമ്യമായി നൽകി.
കമ്പനിയുടെ പോളിസി പ്രകാരം ടാക്സി കമ്പനി ഈ പാസ്പോർട്ട് പൊലീസിൽ എൽപ്പിച്ചു. മറ്റൊരിടത്ത് ജോലി ലഭിച്ചപ്പോൾ ടാക്സിക്കാരന് നൽകാനുള്ള പണവുമായി പൊലീസിൽ ഹാജരായി. പാസ്പോർട്ട് ലഭിക്കുന്നതിന് വേണ്ടി പുറത്ത് കാത്തിരിക്കുകയായിരുന്ന നാസറിനെ ആരോ പുറത്ത് വടികൊണ്ട് ശക്തമായി അടിച്ചു. പരിക്ക് പറ്റിയ നാസറിനെ അവിടെയുണ്ടായിരുന്നവരെല്ലാം കൂടി ആശുപത്രിയിൽ എത്തിച്ചു.
മാസങ്ങൾ അവിടെ ചികിത്സയിൽ കഴിഞ്ഞ ശേഷം അജ്‌മാനിലെ ഒരു ആശുപത്രിയിലെ റീഹാബിലിറ്റേഷൻ വിഭാഗത്തിലേക്ക് മാറ്റി. ശിരസ്സിനുതാഴെ തളർന്ന് പൂർണമായും കിടപ്പിലാണ്. കൈയോ കാലോ ഇളക്കാൻ പോലും കഴിയാത്ത അവസ്ഥ.
ഉമ്മയും ഭാര്യയും രണ്ട് മക്കളുമാണ് നാസറിന്. അവരാകട്ടെ വാടക വീട്ടിലാണ് താമസം. നാസറിനെ പ്രതീക്ഷിച്ചാണ് ഈ കുടുംബം കഴിയുന്നത്.
നാട്ടിലെത്തി കൂടുതൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കിയാൽ നാസറിന് എഴുന്നേറ്റ് നടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
സുമനസ്സുകളായ പ്രവാസികളിൽ പ്രതീക്ഷയർപ്പിച്ച് ഓരോ നിമിഷവും തള്ളി നീക്കുകയാണ് ഈ ചെറുപ്പക്കാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.