ജ്വല്ലറി കമ്പനിയിൽ മോഷണം; ഇന്ത്യക്കാരനടക്കം മൂന്നുപേർക്ക് ശിക്ഷ
text_fieldsദുബൈ: ജ്വല്ലറി കമ്പനിയിൽ നിന്ന് എട്ട് ലക്ഷത്തിലേറെ ദിർഹം വിലമതിക്കുന്ന സ്വർണം മോഷ്ടിച്ച സംഭവത്തിൽ മൂന്നുപേർക്ക് ദുബൈ കോടതി ശിക്ഷ വിധിച്ചു. രണ്ട് ഈജിപ്ത് പൗരന്മാർക്കും ഒരു ഇന്ത്യക്കാരനുമാണ് തടവും നാടുകടത്തലും അടക്കമുള്ള ശിക്ഷ ലഭിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ദുബൈ നായിഫ് പ്രദേശത്ത് കേസിനാസ്പദമായ സംഭവമുണ്ടായത്. കേസിലെ ഒന്നാമത്തെയും രണ്ടാമത്തെയും പ്രതികൾ 8,24,604.17 ദിർഹം കമ്പനിയിൽ നിന്ന് അപഹരിച്ചതായി കോടതി കണ്ടെത്തി. രഹസ്യമായി ഒരു സ്വർണ പണിശാല സ്ഥാപിച്ചും കമ്പനിയുടെ പേരിൽ തൊഴിലാളികളെ നിയമിച്ചും സ്ഥാപനത്തിലെ അധികാരം ഇവർ ചൂഷണം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. ഒളിവിൽ കഴിയുന്ന മൂന്നാം പ്രതി, ആദ്യ പ്രതികൾ കുറ്റകൃത്യത്തിലൂടെ നേടിയ പണമാണെന്ന് അറിഞ്ഞുകൊണ്ട് 2,36,823 ദിർഹം സ്വീകരിച്ചതായാണ് കേസ്. കേസിലെ ഒന്നാം പ്രതിയായ ഇന്ത്യക്കാരനാണ് കമ്പനിയുടെ അനുമതിയില്ലാതെ സ്വർണ പണിശാല ആരംഭിച്ചത്. ഇവിടെ ജ്വല്ലറിയുടെ പേരിൽ 10 ജോലിക്കാരെ നിയമിക്കുകയും ചെയ്തു. ഈ തൊഴിലാളികൾക്ക് കമ്പനിയുടെ ഫണ്ടിൽ നിന്നാണ് ശമ്പളം നൽകിവന്നത്. തൊഴിൽ കരാർ ലംഘിച്ച് സ്വന്തം ശമ്പളം 10,000 ദിർഹമിൽ നിന്ന് 50,000 ദിർഹമാക്കുകയും ചെയ്തു. രണ്ടാം പ്രതിയായ ഈജിപ്തുകാരൻ മൂന്നാം പ്രതിയായ സഹോദരന് കമ്പനിയിൽ ജോലി നൽകുകയും ഇയാൾ 15 ലക്ഷം ദിർഹം ലോണെടുത്ത് രാജ്യം വിട്ടതായും കണ്ടെത്തി. കേസിൽ ഒന്നും രണ്ടും പ്രതികൾക്ക് മൂന്നു മാസം തടവും രണ്ടുപേരും ചേർന്ന് 8,24,604.17 ദിർഹം പിഴയടക്കാനും വിധിച്ചു. തടവിനു ശേഷം രണ്ടുപേരെയും നാടുകടത്താനും വിധിച്ചിട്ടുണ്ട്. മൂന്നാം പ്രതിയുടെ അസാന്നിധ്യത്തിൽ ഒരു മാസം തടവും 2,36,823 ദിർഹം പിഴയും നാടുകടത്തലും വിധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.