മുതലാളിക്ക് ‘പണി കൊടുത്ത്’ തൊഴിലാളി മുങ്ങി; പിടിയിലായത് കൂട്ടുകാരൻ
text_fieldsദുബൈ: കറാമയിലെ സൂപ്പർമാർക്കറ്റ് മാനേജറുടെ അപ്പാർട്മെന്റിൽനിന്ന് സ്വർണമടക്കം വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോയ സംഭവത്തിൽ പ്രതി ഇതേ സ്ഥാപനത്തിലെ തൊഴിലാളിയാണെന്ന് ദുബൈ പൊലീസ് കണ്ടെത്തി. മാനേജർ അവധിയാഘോഷിക്കാനായി പോയ സമയത്താണ് ഡ്യൂപ്ലിക്കേറ്റ് ചാവി ഉപയോഗിച്ച് ഇയാൾ അപ്പാർട്മെന്റ് തുറന്ന് മോഷണം നടത്തിയത്.
80,000 ദിർഹം വിലയുള്ള സ്വർണാഭരണങ്ങൾ, പാസ്പോർട്ട് എന്നിവയാണ് പ്രധാനമായും കൈക്കലാക്കിയത്.
എന്നാൽ സംഭവശേഷം മോഷ്ടിച്ച വസ്തുക്കൾ സുഹൃത്തിന്റെ വീട്ടിൽ ഒളിപ്പിച്ചുവെച്ച ശേഷം ഇയാൾ നാടുവിട്ടു.
ഇതോടെ പൊലീസ് അന്വേഷണത്തിൽ മോഷ്ടാവിന്റെ സുഹൃത്ത് പിടിയിലായി.
ഇയാൾക്ക് മോഷണമുതലാണ് ഏൽപിക്കപ്പെട്ടതെന്ന് അറിയാമായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മാനേജർ സ്ഥലത്തില്ലാത്തതിനാൽ മകനാണ് സംഭവം നടന്നത് പൊലീസിൽ അറിയിച്ചത്. തുടർന്ന് ദുബൈ പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് തൊണ്ടിമുതൽ ഏൽപിച്ച സുഹൃത്തിനെ പിടികൂടിയത്.
ഇയാളിൽനിന്ന് മോഷണംപോയ വസ്തുക്കൾ പൂർണമായും കണ്ടെടുത്തു.
ഇരുവർക്കുമെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്. കേസ് തെളിഞ്ഞ സാഹചര്യത്തിൽ മോഷ്ടാവിനെതിരെ അസാന്നിധ്യത്തിൽ ശിക്ഷ വിധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.