ഇറ്റലിയിൽ മോഷണത്തിനിരയായി; സഹായഹസ്തവുമായി ദുബൈ പൊലീസ്
text_fieldsദുബൈ: ഇറ്റലിയിൽ അവധിയാഘോഷിക്കുന്നതിനിടെ മോഷണത്തിനിരയായ ഇമാറാത്തി കുടുംബത്തിന് സഹായവാഗ്ദാനം നൽകി ദുബൈ പൊലീസിന്റെ ഫോൺവിളി. അഹ്മദ് അൽ ദൗല എന്നയാളും കുടുംബവുമാണ് ഇറ്റലിയിൽ മോഷണത്തിനിരയായത്. പാർക്ക് ചെയ്ത കാറിൽനിന്ന് ജനൽചില്ല് തകർത്താണ് മോഷ്ടാക്കൾ ഇവരുടെ വസ്തുക്കൾ എടുത്തത്. ഇറ്റലി പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിക്കുകയും ഇവരുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. പിന്നീട് അഹമ്മദ് തന്റെ അനുഭവം വിവരിച്ച് ഒരു വിഡിയോ പോസ്റ്റ് ചെയ്തു. തുടർന്നാണ് ദുബൈ പൊലീസിന്റെ അന്താരാഷ്ട്ര സഹകരണ വിഭാഗത്തിൽനിന്ന് ഇദ്ദേഹത്തിന് ഫോൺവിളി ലഭിച്ചത്. ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ നിർദേശത്തെ തുടർന്നാണ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടത്.
പൊലീസ് കാര്യങ്ങൾ ചോദിച്ചറിയുകയും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടണമെന്ന് പറയുകയും ചെയ്തതായി അഹ്മദ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അതിനുമുമ്പായി ദുബൈ പൊലീസ് ഇറ്റാലിയൻ പൊലീസിനെ വിളിക്കുകയും വിഷയം അന്വേഷിക്കുകയും ചെയ്തിരുന്നു. രാജ്യത്തിനകത്തായിരിക്കുമ്പോഴും പുറത്തായിരിക്കുമ്പോഴും കാര്യങ്ങൾ അന്വേഷിക്കുകയും ആവശ്യങ്ങൾ തിരക്കുകയും ചെയ്യുന്ന പൊലീസിനും യു.എ.ഇ സർക്കാറിനും ഏറെ നന്ദിയുണ്ടെന്നും അഹ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.