മരുഭൂമിയിൽ പെൻഗ്വിനുകളുമുണ്ട്; കാണാൻ അൽഐനിലേക്ക് വന്നോളൂ
text_fieldsഅൽഐൻ: വൈവിധ്യമാർന്ന പക്ഷിക്കൂട്ടങ്ങളെ അടുത്തുനിന്ന് കാണാനും ആസ്വദിക്കാനുമെല്ലാം അവസരം ലഭിക്കുേമ്പാഴും പെൻഗ്വിനുകളെ അടുത്തുനിന്ന് നേരിൽ കാണാൻ നമുക്കാവാറില്ല. മനുഷ്യരോട് പെെട്ടന്ന് ഇണങ്ങുന്ന ശീലക്കാരാണെങ്കിലും ഇവയെക്കാണാൻ ദക്ഷിണാർദ്ധഗോളം വരെ പോകാൻ ആർക്കാണ് കഴിയുക. എന്നാലിപ്പോഴിതാ ഈ കൗതുകപ്പക്ഷികളെ അടുത്തുനിന്ന് കാണാനും അവയെക്കുറിച്ച് പഠിക്കാനും യു.എ.ഇയിലുള്ളവർക്ക് അവസരം കൈവന്നിരിക്കുന്നു.
ശൈത്യം ശക്തമാകുകയും അന്തരീക്ഷ താപനില കുറയുകയും ചെയ്തതോടെ അൽഐൻ മൃഗശാലയാണ് ഈ സൗകര്യം ഒരുക്കിയത്. യു.എ.ഇയുടെ ഉദ്യാനനഗരമായ അൽഐനിലെ ഈ മൃഗശാലയിൽ പെൻഗ്വിനുകളുടെ ആവാസവ്യവസ്ഥ കൃത്രിമമായും അതിമനോഹരവുമായി സൃഷ്ടിച്ചിരിക്കുകയാണ്.
വലിയൊരു ചില്ലുകൂടിനകത്ത് തങ്ങളൊരു മരുഭൂമിയിലാണെന്ന വിവരമൊന്നും അറിയാതെ, തണുത്ത വെള്ളത്തിൽ നീന്തിത്തുടിച്ച് ഉല്ലാസഭരിതരായി കഴിയുന്നു ഇവർ. അന്തരീക്ഷ ഊഷ്മാവ് പെൻഗ്വിനുകളുടെ ആവാസ വ്യവസ്ഥയോട് ഇണങ്ങുന്ന രീതിയിലേക്ക് മാറിയതോടെ ഇവയെ മൃഗശാലയിലെ പുൽത്തകിടിയിലേക്ക് ഇറക്കിവിടുന്നുണ്ട്. സായാഹ്ന സവാരി നടത്തുന്ന പെൻഗ്വിനുകളെ അടുത്തുനിന്ന് കാണാനും ഫോട്ടോ എടുക്കാനും സന്ദർശകർക്ക് ഇപ്പോൾ അവസരം ലഭിക്കും.
എല്ലാ ദിവസവും വൈകുന്നേരം 4.30 മുതലാണ് പെൻഗ്വിൻ ഷോ. ഇതിന് പ്രത്യേകം ഫീസൊന്നുമില്ല. മൃഗശാലയിലെ പക്ഷികളെ പ്രദർശിപ്പിക്കുന്ന ഏരിയയിലാണ് പെൻഗ്വിനുകളെയും കാണാനാവുക. സന്ദർശകർക്ക് സംശയ നിവാരണത്തിന് അവസരവും ഒരുക്കിയിട്ടുണ്ട്.
ഐ.യു.സി.എന്നിന്റെ റെഡ് ലിസ്റ്റിൽ വംശനാശ ഭീഷണി നേരിടുന്ന ഇനത്തിൽപെട്ട ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ പെൻഗ്വിനുകളെകുറിച്ച് സന്ദർശകരെ ബോധവത്കരിക്കാനുള്ള അവസരം കൂടിയായാണ് മൃഗശാല ഉദ്യോഗസ്ഥർ ഇതിനെ കാണുന്നത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സന്ദർശകർക്കായി വിപുലമായ സൗകര്യവും മൃഗശാല അധികൃതർ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.