അണിയറയിലുണ്ട്, പ്രവാസി പോരാളികൾ
text_fieldsദുബൈ: നാട്ടിൽ എന്ത് നടന്നാലും അതിലൊരു പങ്ക് പ്രവാസികൾക്കുണ്ടാവും. തെരഞ്ഞെടുപ്പാണെങ്കിൽ പറയുകയേ വേണ്ട. അവിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ നാടിനെക്കാൾ വേഗത്തിൽ അതിെൻറ ആവേശം ഏറ്റെടുത്തവരാണ് പ്രവാസികൾ. സോഷ്യൽ മീഡിയയിൽ സ്ഥാനാർഥികൾക്ക് വേണ്ടി പോർവിളികൾ നടത്തുന്നവരിൽ പ്രവാസികളും ഒട്ടും കുറവല്ല. മുമ്പ് ഡിസൈനിങ് ജോലികൾ ചെയ്തിരുന്നവരായിരുന്നു സ്ഥാനാർഥികൾക്കായി സോഷ്യൽ മീഡിയ പോസ്റ്ററുകൾ തയാറാക്കിയിരുന്നത്.
ഗൾഫിലുള്ളവർ ജോലിയുടെ ഒഴിവുസമയങ്ങളിൽ ഇത്തരം പോസ്റ്ററുകൾ തയാറാക്കി അയച്ചിരുന്നു. ഇപ്പോൾ മൊബൈലിെൻറ വരവോടെ ആർക്കും പോസ്റ്ററുകൾ തയാറാക്കാമെന്ന സ്ഥിതിയായി. മൊബൈൽ ഫോണിൽ ഇതിനായുള്ള ആപ്പുകൾ നിരവധിയാണ്. ഇഷ്ടപ്പെട്ട സ്ഥാനാർഥികളുടെ ചിത്രങ്ങളും ഡയലോഗുകളും ചേർത്ത് ഫേസ്ബുക്കും വാട്സാപ്പും വഴി പ്രചരിപ്പിക്കലാണ് ഇവരുടെ പ്രധാന പണി. ഫേസ്ബുക്കിലും വാട്സാപ്പ് ഗ്രൂപ്പുകളിലും സ്വന്തം സ്ഥാനാർഥികൾക്ക് വേണ്ടി വാദിക്കുന്നതിലും പ്രവാസികൾ മുന്നിലാണ്. നേരത്തേ താമസ മുറികളിലായിരുന്നു തർക്കമെങ്കിൽ ഇപ്പോൾ അത് മൊബൈലിലേക്ക് മാറി എന്ന് മാത്രം.
നാട്ടിലെ അനൗൺസ്മെൻറ് വാഹനങ്ങളിൽ ഉപയോഗിക്കാൻ പാട്ടുകൾ തയാറാക്കി അയക്കുന്നവരുമുണ്ട്. കഴിഞ്ഞദിവസം പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ തയാറാക്കിയ പാട്ടുകൾ പ്രകാശനം ചെയ്തിരുന്നു. വരികളും ഓർക്കസ്ട്രയും ഗാനാലാപനവുമെല്ലാം പ്രവാസികൾ തന്നെ. നാട്ടിലെ മതിലുകളിൽ പതിയുന്ന പോസ്റ്ററുകൾക്ക് പിന്നിലും പ്രവാസിക്കൈകളുണ്ട്. പ്രതിഫലമൊന്നും വാങ്ങാതെയാണ് ഇവിടെ നിന്ന് പോസ്റ്ററുകൾ തയാറാക്കി അയക്കുന്നത്. പ്രതിഫലം വാങ്ങി പോസ്റ്ററുകൾ തയാറാക്കുന്നവരുമുണ്ട്. പ്രവാസി സംഘടനകളാണ് ഇതിനുള്ള ചെലവ് വഹിക്കുന്നത്. ക്വാറൻറീൻ പേടിച്ച് നാട്ടിൽ പോകാത്ത നിരവധി പ്രവാസികളുണ്ട്. അവർ ഈ തെരഞ്ഞെടുപ്പ് ആഘോഷിക്കുന്നത് ഇങ്ങനെയൊക്കെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.