തിരക്കിന് ഒരു കുറവുമില്ല; ഡിസംബറിലും ദുബൈ ഒന്നാമത്
text_fieldsദുബൈ: അന്താരാഷ്ട്ര യാത്രകളുടെ ആഗോള കേന്ദ്രമായ ദുബൈ വിമാനത്താവളം ഡിസംബറിലും ലോകത്തെ ഏറ്റവും തിരക്കേറിയ എയർപോർട്ട്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തെ അടക്കം പിന്തള്ളിയാണ് നേട്ടം നിലനിർത്തിയിരിക്കുന്നത്. പ്രമുഖ ഏവിയേഷൻ കൺസൽട്ടൻസി കമ്പനിയായ ഒ.എ.ജിയുടെ പ്രതിമാസ റാങ്കിങ്ങിലാണ് ഇക്കാര്യം വ്യക്തമായത്. വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര സീറ്റുശേഷിയും അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണവും അടക്കമുള്ളവ പരിഗണിച്ചാണ് റിപ്പോർട്ട് തയാറാക്കുന്നത്. കോവിഡിനു മുമ്പുണ്ടായിരുന്ന തിരക്കിലേക്ക് പൂർണമായും ദുബൈ വിമാനത്താവളം തിരിച്ചെത്തിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
നവംബറിനെ അപേക്ഷിച്ച് എട്ടു ശതമാനം വർധനയാണ് അന്താരാഷ്ട്ര വിമാന സീറ്റുകളുടെ എണ്ണത്തിൽ ഡിസംബറിൽ രേഖപ്പെടുത്തിയത്. 46 ലക്ഷം സീറ്റുകളുടെ ശേഷിയുള്ള ദുബൈക്കു പിറകിലുള്ള ഹീത്രു വിമാനത്താവളം 10 ലക്ഷം സീറ്റുകൾക്കു പിന്നിലായാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഈ വർഷം മൂന്നാം പാദത്തിൽ ദുബൈ വിമാനത്താവളം കൈകാര്യം ചെയ്തത് 1.85 കോടി യാത്രക്കാരെയാണ്. കോവിഡ് കാലത്തേക്കാൾ ഇരട്ടിയോളമാണ് യാത്രക്കാരുടെ എണ്ണം വർധിച്ചത്. 2020നു ശേഷം ആദ്യമായാണ് ത്രൈമാസ ട്രാഫിക്കിൽ കോവിഡിനു മുമ്പത്തെ രീതിയിൽ എത്തുന്നത്. പാരിസ്, ഇസ്തംബുൾ, സിംഗപ്പൂർ വിമാനത്താവളങ്ങളാണ് ആദ്യ അഞ്ചു വിമാനത്താവളത്തിൽ ഇടം കണ്ടെത്തിയത്.
ദുബൈ സർക്കാർ സ്വീകരിക്കുന്ന സുരക്ഷാ നടപടികൾ, ശൈത്യകാലാവസ്ഥ, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വർധന, രണ്ടു വർഷത്തെ ലോക്ഡൗണിനു ശേഷം യാത്രചെയ്യാനുള്ള ആളുകളുടെ താൽപര്യം വർധിച്ചത് എന്നിവയാണ് സന്ദർശകരെ യാത്രക്ക് ആകർഷകമായ സ്ഥലമാക്കി മാറ്റുന്നതെന്ന് വിമാനത്താവളം ചീഫ് എക്സിക്യൂട്ടിവ് പോൾ ഗ്രിഫിത്ത്സ് പറഞ്ഞു.
ചില പ്രധാന യൂറോപ്യൻ വിമാനത്താവളങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, സുഗമമായ പ്രവർത്തനവും കാലതാമസമില്ലാത്ത ഷെഡ്യൂളുമാണ് ദുബൈയിലേക്ക് യാത്രക്കാരെ ആകർഷിക്കുന്ന ഘടകമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.