ചതുർവർണ്ണക്കൊടിയേന്തി ടോക്കിയോവിലേക്ക് ഇവർ ആറ് പേർ
text_fieldsലോകത്ത് നടക്കുന്ന എല്ലാ കായിക മേളകളിലും പങ്കെടുക്കുക എന്നതാണ് യു.എ.ഇയുടെ കായിക നയം. ഈ വർഷം 65 ശതമാനം കായിക പരിപാടികളിലും രാജ്യത്തിന്റെ പങ്കാളിത്തം ഉണ്ടാകണമെന്നാണ് തീരുമാനം. ഇക്കുറി ഒളിമ്പിക്സിലേക്കും യോഗ്യത നേടിയിട്ടുണ്ട് യു.എ.ഇയുടെ ആറ് കായിക താരങ്ങൾ. നാഷനൽ ഒളിമ്പിക്സ് കമ്മിറ്റിയാണ് ഇവരുടെ പേരുകൾ പുറത്തുവിട്ടത്. ഇവർ ഉൾപെടെ 18 അംഗ സംഘം അടുത്തദിവസം ടോക്കിയോവിലേക്ക് പറക്കും.
ജൂഡോ താരം ജുദോക വിക്ടർ സ്കോർട്ടോവിൽ യു.എ.ഇ ചെറുതല്ലാത്ത പ്രതീക്ഷ വെക്കുന്നുണ്ട്. 2014 വേൾഡ് ജൂഡോ ചാമ്പ്യൻഷിപ്പിലെയും 2018ലെ ഏഷൻ ഗെയിംസിലെയും ബ്രോൺസ് മെഡൽ ജേതാവാണ്. 73 കിലോ വിഭാഗത്തിൽ ജൂലൈ 26നാണ് മത്സരം. ജൂഡോയിലെ മറ്റൊരു പ്രതീക്ഷയാണ് ഇവാൻ റെമറെൻസോ. 2016 റിയോ ഒളിമ്പിക്സിൽ യു.എ.ഇയുടെ ഏക മെഡൽ ജൂഡോയിലായിരുന്നു. 81 കിലോ വിഭാഗത്തിൽ സെർജിയു ടോമയാണ് വെങ്കലം നേടിയത്.
100 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ യൂസുഫ് അൽ മത്റൂഷി അരങ്ങേറ്റം കുറിക്കും. ജൂലൈ 25ന് സെയ്ഫ് ബിൻ ഫുത്തൈസാണ് യു.എ.ഇക്കായി ആദ്യം കളത്തിലിറങ്ങുക. ഷൂട്ടിങ്ങാണ് ഇനം.ട്രാക്കിലും ഇക്കുറി സാന്നിദ്ധ്യമുണ്ടാകും. 100 മീറ്റർ സ്പ്രിൻറിൽ ഹസൻ അൽ നൗബിയാണ് മത്സരത്തിനിറങ്ങുന്നത്. ഡിസ്കസ് ത്രോയിൽ ഫാത്തിമ അൽ ഹൊസനിയും മത്സരിക്കും.
ഇമാറാത്തിന്റെ അന്താരാഷ്ട്ര വോളിബാൾ റഫറി ഹാമിദ് മുഹമ്മദ് അൽ റുസി അൽ ഹമ്മാദിക്ക് ഒളിമ്പിക്സ് കമ്മിറ്റിയുടെ പ്രത്യേക ക്ഷണം ലഭിച്ചിട്ടുണ്ട്.
2004 ഏതൻസ് ഒളിമ്പിക്സിലാണ് യു.എ.ഇയുടെ ഏറ്റവും മികച്ച പ്രകടനം നടന്നത്. അന്ന് ഷൂട്ടിങ്ങിൽ ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ ഹാഷർ ആൽ മക്തൂം സ്വർണം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.