ഇവിടെയുണ്ടാകും ഈ കലാസൃഷ്ടികൾ
text_fieldsലോകം കാത്തിരിക്കുന്ന മഹാമേളക്ക് കൊടിയിറങ്ങുന്നതോടെ എക്സ്പോ സൈറ്റ് 'ഡിസ്ട്രിക്ട് 2020' എന്ന പേരിലുള്ള നഗരമായി രൂപാന്തരം പ്രാപിക്കുമെന്ന് സംഘാടകർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇവിടെയുള്ള കലാ സൃഷ്ടികൾ എന്തുചെയ്യും ?. ഈ ചോദ്യത്തിനും ഉത്തരം നൽകുന്നുണ്ട് സംഘാടകർ. ഇവിടെ സ്ഥാപിക്കുന്ന പല കലാ സൃഷ്ടികളും എക്സ്പോയുടെ അടയാളമായി, ചരിത്രത്തിെൻറ ഭാഗമായി ഇവിടെ തന്നെയുണ്ടാവും. ഇത്തരത്തിലെ ആദ്യ ആർട്ട് വർക്ക് കഴിഞ്ഞ ദിവസം സ്ഥാപിച്ചു. കുവൈത്തി കലാകാരൻ മൊനിറ അൽ ഖാദിരിഹാസ് നിർമിച്ച ഭീമൻ ശിൽപമാണിത്. ഓയിൽ ഡ്രിലിെൻറ രൂപത്തിലെ ശിൽപം ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള 10 പ്രമുഖ കലാകാരൻമാരുടെ സഹായത്തോടെയാണ് നിർമിച്ചത്. യു.എ.ഇയിലെ ആദ്യത്തെ സ്ഥായിയായ ആർട്ട് വർക്ക് എന്ന പ്രത്യേകതയുമുണ്ട്.
മൊനിറ അൽ ഖാദിരിഹാസിനൊപ്പം ഹംറ അബ്ബാസ്, അഫ്ര അൽ ധഹേരി, ഷെയ്ഖ അൽ മസ്റൂ, അബ്ദുല്ല അൽ സാദി, അസ്മ ബെൽഹാമർ, ഒലാഫുർ ഏലിയാസൺ, നാദിയ കാബിലിങ്ക്, ഖലീൽ റബാഹ്, യിൻക ഷോനിബാരൻഡ്, ഹേഗ് യാങ് എന്നിവരാണ് കലാസൃഷ്ടിക്ക് ജീവൻ നൽകിയത്. ആഗോള കലാരംഗത്ത് യു.എ.ഇയുടെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതാവും ഈ കലാസൃഷ്ടിയെന്നാണ് വിലയിരുത്തൽ. ഗൾഫിെൻറ ഭൂതകാലവും വർത്തമാനവും ഭാവിയുമെല്ലാം ശിൽപത്തിലെ മുത്തുകളും നിറവും പ്രതിനിധാനം ചെയ്യുന്നു. ഓപർച്യൂനിറ്റി, മൊബിലിറ്റി, സസ്റ്റൈനബിലിറ്റി ഡിസ്ട്രിക്ടുകളുടെ ഭാഗത്താണ് സ്ഥാപിച്ചിരിക്കുന്നത്.
പ്രശസ്ത അറബ് ഗണിതശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായ ഇബ്നു അൽ ഹെയ്താമിെൻറ 'ബുക്ക് ഓഫ് ഒപ്റ്റിക്സിൽ' നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് എക്സ്പോയുടെ പബ്ലിക് ആർട്ട് പ്രോഗ്രാം. മോഡേൺ ഒപ്റ്റിക്സിെൻറ പിതാവായ അദ്ദേഹത്തിെൻറ സിദ്ധാന്തങ്ങളിൽ അധിഷ്ഠിതമായിരിക്കും ഇവിടെയുള്ള കലാസൃഷ്ടികൾ. എക്സ്പോയുടെ അവശേഷിപ്പുകളായി ഏതെങ്കിലും നിർമിതികൾ സ്ഥാപിക്കുന്നത് സാധാരണമാണ്. ഓരോ എക്സ്പോ കഴിയുേമ്പാഴും ഇത്തരം നിർമിതികൾ എല്ലാ കാലത്തേക്കുമായി നിലനിർത്താറുണ്ട്.
ഹോട്ടലുകൾ കാത്തിരിക്കുന്നു
എക്സ്പോയെ വരവേൽക്കാൻ ദുബൈയിലെ ഹോട്ടലുകൾ ഒരുങ്ങിക്കഴിഞ്ഞു. വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന താമസക്കാരെ ലക്ഷ്യമിട്ട് ദുബൈയിൽ 12,000ഓളം പുതിയ മുറികളാണ് ഒരുങ്ങിയിരിക്കുന്നത്. ഇതിന് പുറമെ മറ്റ് എമിറേറ്റുകളിലും കൂടുതൽ ഹോട്ടലുകൾ തുറക്കും. കോവിഡ് എത്തിയതോടെ അടച്ചിട്ടിരുന്ന മുറികളെല്ലാം പൊടിതട്ടി തുറക്കാനുള്ള അവസരം കൂടിയാണ് എക്സ്പോ ഒരുക്കുന്നത്. വ്യക്തികൾക്കും സംഘങ്ങൾക്കും ജീവനക്കാർക്കും വിദേശത്തുനിന്നെത്തുന്നവർക്കുമെല്ലാം വ്യത്യസ്ത തരം റൂമുകളാണ് ഒരുക്കുന്നത്.
എക്സ്പോയിലെ സംരംഭകർ മുൻകൂട്ടി ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ദിവസവും ഹോട്ടലുകളിൽ നിന്ന് എക്സ്പോ വേദിയിലേക്ക് ബസ് സർവീസ് ഒരുക്കാനും പദ്ധതിയുണ്ട്. എക്സ്പോയിലെത്തുന്നവർക്ക് ഭക്ഷണം അടക്കം പ്രത്യേക പാക്കേജുകൾ നൽകും. ഹോട്ടൽ ഒക്യുപെൻസി നിരക്കിൽ ഗണ്യമായ വർധനവ് കാണിക്കുന്നുണ്ട്. 2020നെ അപേക്ഷിച്ച് ഈ വർഷത്തെ ആദ്യ അഞ്ച് മാസം ഹോട്ടൽ ഒക്യുപൻസി നിരക്ക് 58 ശതമാനമായി ഉയർന്നിട്ടുണ്ട്്. യു.എ.ഇ മാത്രമല്ല, അയൽ രാജ്യങ്ങളിലും എക്സ്പോയുടെ വരവ് ചലനങ്ങളുണ്ടാക്കുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.