മലീഹയിൽ മൂന്നാമത് ഗോതമ്പ് വിളവെടുപ്പിന് തുടക്കം
text_fieldsമെലീഹയിൽ മൂന്നാമത് ഗോതമ്പ് വിളവെടുപ്പിന് ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി തുടക്കം കുറിക്കുന്നു
ഷാർജ: മലീഹയില്‍ മൂന്നാമത് ഗോതമ്പ് വിളവെടുപ്പിന് തുടക്കമായി. മലീഹ ഫാമിൽ നടന്ന ചടങ്ങിൽ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് വിളവെടുപ്പിന് തുടക്കമിട്ടത്. 1428 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന കൃഷിയില്‍ വര്‍ഷത്തില്‍ 6000 ടണ്‍ ജൈവ ഗോതമ്പ് വിളവാണ് പ്രതീക്ഷിക്കുന്നത്. ഷാര്‍ജയില്‍ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉൽപന്നങ്ങളെ ആശ്രയിക്കുന്നത് കുറച്ച് പ്രാദേശിക ഉൽപന്നങ്ങള് വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. ഈ വര്‍ഷം കൃഷിയിറക്കാന്‍ 25 ടണ്‍ ഗുണമേന്മയുള്ള ഗോതമ്പ് വിത്തുകൾ ഷാര്‍ജ ഭരണാധികാരി അനുവദിച്ചിരുന്നു. ഇത് 559 കര്‍ഷകര്‍ക്ക് പ്രയോജനകരമായി. ഇരട്ടി കൃഷിയാണ് ഇത്തവണയിറക്കിയത്.
മൂന്നാം സീസണില്‍ 1450 നോണ്‍-ജി.എം.ഒ (ജനിതകമാറ്റം വരുത്തിയ വിത്ത്) ഗോതമ്പിനങ്ങളാണ് കൃഷി ചെയ്തതെന്ന് കൃഷി, കന്നുകാലി വളര്‍ത്തല്‍ വകുപ്പ് ചെയര്മാന് ഡോ. ഖലീഫാ അല്‍ തുനൈജി പറഞ്ഞു. പ്രാദേശിക ഭക്ഷ്യോൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനായി 2022ലാണ് മലീഹയിലെ തരിശായി കിടന്നിരുന്ന മരുഭൂമി ഫലഭൂയിഷ്ഠമായ മണ്ണാക്കി മാറ്റുന്നത്. ഇതിലൂടെ കൃഷിയില്‍ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനുമായി. മെലീഹയില്‍ ഗോതമ്പ് കൃഷിക്കായി നൂതന ജലസേചന സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നത്.
ഇത് ജലത്തിന്റെ ഉപയോഗം 30 ശതമാനം വരെ കുറയ്ക്കും. കഴിഞ്ഞ ഒക്ടോബറില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ച ‘പ്ലാന്റ് ദ എമിറേറ്റ്സ്’ സംരംഭത്തിന്റെ ഭാഗമായാണ് മെലീഹയില്‍ ഗോതമ്പ് കൃഷി തുടങ്ങിയത്. ഒരു ദേശീയ കാര്‍ഷിക കേന്ദ്രം സ്ഥാപിക്കുന്നത് ഉള്‍പ്പെടെ അടുത്ത അഞ്ച് വര്‍ഷത്തേക്ക് നിരവധി പദ്ധതികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്. ഫാമുകളില്‍നിന്നുള്ള ഉൽപാദനത്തില് 20 ശതമാനം വര്‍ധന, ജൈവ ഫാമുകളുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധന എന്നിവയെല്ലാം ഇതിലുള്‍പ്പെടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.