ഇത് വികസ്വര രാജ്യങ്ങൾക്ക് മാതൃകയായ പുതിയ ഇന്ത്യ
text_fieldsഇന്ന് ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം ആഘോഷിക്കുകയാണ്. 1947ല്‍ നമ്മുടെ നേതാക്കളും സ്വാതന്ത്ര്യസമരസേനാനികളും കണ്ട സ്വപ്നത്തിന്‍റെ സാഫല്യമെന്നോണം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിലുള്ള ഈ വിജയം വീണ്ടും ആഘോഷിക്കപ്പെടുമ്പോള്‍ നമുക്കെല്ലാവര്‍ക്കും ഇത് അഭിമാനത്തിന്‍റെ ദിനമാണ്. 1.3 ബില്യണ്‍ ജനങ്ങളുള്ള രാജ്യത്ത് അസാധ്യമെന്ന് കരുതിയിരുന്ന നിലയില്‍നിന്നും അതിവേഗം വളരുന്ന സമ്പദ്‍വ്യവസ്ഥകളിലൊന്നായി മാറാന്‍ ഇന്ത്യക്ക് ഇന്ന് സാധിച്ചിരിക്കുന്നു. ഇന്ത്യയുടെ ഒരു വിദൂര ഗ്രാമത്തില്‍നിന്നുള്ള വനിതയെ ഇന്ന് രാജ്യത്തിന്‍റെ പരമോന്നത ഭരണഘടന പദവി ഏറ്റെടുക്കുന്നതിലേക്ക് നയിച്ചത് ഈ സാമൂഹിക സമത്വത്തിന്‍റെ ശക്തിയാണ്. 75ാം സ്വാതന്ത്ര്യദിനത്തിന്‍റെ സ്മരണക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച 'ആസാദി കാ അമൃത് മഹോത്സവ്' എന്ന ഉദ്യമം ലക്ഷ്യമിട്ടതുപോലെ, ലോക രാജ്യങ്ങളുടെ നേതൃനിരയിലേക്ക് ഉയര്‍ന്നുവന്ന നമ്മുടെ രാജ്യത്തിന്‍റെ മഹത്തായ ആ നേട്ടത്തെ അംഗീകരിക്കേണ്ട സമയമാണിത്. എല്ലാ മേഖലകളിലും ലോകരാജ്യങ്ങളുടെ മുന്‍നിരയിലെത്താനുള്ള വിജയ പ്രയാണത്തിലാണ് ഇന്ത്യ. ഈ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നാമെല്ലാവരും സ്വയം മുന്നോട്ടുവരുകയും നമ്മുടെ കുട്ടികളെ അതിനായി സജ്ജമാക്കുകയും വേണം. നാം ഇപ്പോള്‍ ജീവിക്കുന്ന ഇന്ത്യയെ സ്വപ്നം കണ്ട സ്വാതന്ത്ര്യസമര സേനാനികളായ ധീരവ്യക്തിത്വങ്ങളെ നാം ആദരിക്കണം. നാനാത്വത്തില്‍ ഏകത്വം നിലകൊള്ളുന്നതിന്‍റെ യഥാർഥ ഉദാഹരണങ്ങളാണ്, വ്യത്യസ്ത ഭാഷകള്‍, മതങ്ങള്‍, ജാതികള്‍, വര്‍ഗങ്ങള്‍ എന്നിവ നിറഞ്ഞ നമ്മുടെ ഇന്ത്യ.
യു.എ.ഇയുടെ വളര്‍ച്ചയില്‍ ഇന്ത്യ എന്നും ശക്തമായ പങ്കാളിയാണ്. ഈയടുത്തുണ്ടായ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി, ഐ2യു2 (ഇന്ത്യ, ഇസ്രായേല്‍, യു.എ.ഇ, യു.എസ്.എ) സഖ്യത്തിന്‍റെ രൂപവത്കരണം തുടങ്ങി ഇരു രാജ്യങ്ങളും തമ്മിലുള്ള നിരവധി ബഹുതല തന്ത്രപ്രധാന പങ്കാളിത്തങ്ങള്‍ ഇതിനകം യാഥാർഥ്യമായിട്ടുണ്ട്. മാതൃരാജ്യത്തുനിന്ന് അകന്നുജീവിക്കുന്ന ഞങ്ങളെപ്പോലുള്ള ഇന്ത്യക്കാര്‍ വജ്രജൂബിലി ആഘോഷങ്ങളില്‍ നമ്മുടെ രാജ്യത്തെ സ്നേഹപൂർവം സ്മരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.