ഇതു മഞ്ഞുകാലം: മറഞ്ഞിരിക്കുന്ന അപകടം കരുതണം
text_fieldsഷാര്‍ജ: യു.എ.ഇയിലെ മഞ്ഞുകാലത്തിന് ഇത്തവണ ശക്തിയും അഴകും കൂടുതലാണ്. താപനിലയില്‍ ഇത്രയധികം കുറവ് രേഖപ്പെടുത്തിയ ശീതകാലം അടുത്തൊന്നും ഉണ്ടായിട്ടില്ല. മരുഭൂമിയിലെ മഞ്ഞുകാലം ആഘോഷത്തിേൻറതാണെങ്കില് പാതകളിലെ മഞ്ഞുവീഴ്ച അപകടത്തിേൻറതാണ്. പുകമഞ്ഞ് കാഴ്ച മറച്ചതിനെ തുടര്‍ന്ന് ഇതിനകം നിരവധി അപകടങ്ങളുണ്ടായി. മലയാളി ഉള്‍പ്പെടെ നിരവധിപേര്‍ അപകടത്തില്‍ മരിച്ചു. രാത്രിയിലും പുലരിയിലും ഇറങ്ങുന്ന മഞ്ഞാണ് റോഡുകളില്‍ വില്ലനാകുന്നത്. ദൂരക്കാഴ്ച കുറയുന്നതോടെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഇടിച്ച് മറിഞ്ഞ് കത്തിയാണ് പോയവർഷങ്ങളിലെല്ലാം അപകടം നടന്നിട്ടുള്ളത്.
ദീര്‍ഘദൂര റോഡുകളാണ് ഇതില്‍ പ്രധാന വില്ലന്‍. ദുബൈ-അബൂദബി അതിര്‍ത്തിയായ ഖാന്ദൂദിലെ ആദ്യ പാലത്തിന് സമീപം അപകടമൊഴിഞ്ഞ ഒരു മഞ്ഞുകാലവും കടന്നു പോയിട്ടില്ല.റോഡിെൻറ കിടപ്പും മഞ്ഞിെൻറ കാഠിന്യവും വാഹനത്തില്‍ നിന്ന് പുറത്തേക്കിറങ്ങി നില്ക്കാന് കൂടുതല്‍ ഇടമില്ലാത്തതുമാണ് ഇവിടത്തെ പോയകാല അപകട മരണങ്ങള്‍ക്കെല്ലാം കാരണം. അപകടത്തിൽപെട്ട വാഹനത്തില്‍നിന്ന് പുറത്തേക്കിറങ്ങി നിന്നവരെയാണ് മരണം തട്ടിയെടുത്തത്. ഈ വര്‍ഷവും സമാന അപകടങ്ങൾ ഇവിടെയുണ്ടായി.
ഷാര്‍ജയില്‍നിന്ന് മലീഹ വഴി കല്‍ബയിലേക്കും ഫുജൈറയിലേക്കും പോകുന്ന പാതയില്‍ മഞ്ഞുകാലത്ത് അപകടം പതിവാണ്. അമിത വേഗതയും നിയമം തെറ്റിച്ചുള്ള മറികടക്കലുമാണ് കാരണം. മരുഭൂമിയും മലയോരവും രണ്ട് വശങ്ങളിലായി കാവല്‍ നില്ക്കുന്ന ഈ പാതയില്‍, അപകടത്തിൽപെട്ടാല്‍ രക്ഷപ്പെടല്‍ പതിവില്ല എന്നാണ് പല്ലവി.
അബൂദബിയില്‍ നിന്ന് തുടങ്ങി ദുബൈ, ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ഖുവൈന്‍ വഴി റാസല്‍ഖൈമയില്‍ സന്ധിക്കുന്ന ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലും മഞ്ഞുകാലത്ത് അപകടം പതിവാണ്. എമിറേറ്റ്സ് റോഡില്‍ ലോറികളാണ് പ്രധാനമായും അപകടങ്ങള്‍ വരുത്തിവെക്കുന്നത്. അബൂദബിയിലെ ഷഹാമയില്‍ നിന്ന് തുടങ്ങി സൗദി അതിര്‍ത്തിവരെ നീളുന്ന ഗുവൈഫാത്ത് ഹൈവേയിലും അല്‍ഐന്‍ ട്രക്ക് പാതയിലും നിരവധി അപകടങ്ങള്‍ നടന്നിട്ടുണ്ട്. ഒട്ടകം ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ ഇറങ്ങിവരുന്ന ഉള്‍നാടന്‍ റോഡുകളില്‍ മഞ്ഞുകാലത്ത് ശ്രദ്ധ അനിവാര്യമാണ്. കാര്‍ഷിക-ക്ഷീര മേഖലകളില്‍ കൂടി കടന്നുപോകുന്ന റോഡുകളും ശ്രദ്ധിക്കണം. ഷാര്‍ജയുടെ വിസ്മയ പാതയായ ഖോര്ഫക്കാന് തുരങ്കപാതയും മഞ്ഞില്‍ മറയുന്നത് പതിവാണ്.
അധികൃതര്‍ നിശ്ചയിച്ചിട്ടുള്ള വേഗതയും മഞ്ഞുകാല നിയമങ്ങളും കൃത്യമായി പാലിക്കാത്തതാണ് റോഡുകളില്‍ വിലപ്പെട്ട ജീവന് പൊലിയുന്നതിനും അംഗവൈകല്യങ്ങള്‍ സംഭവിക്കുന്നതിനും കാരണമാകുന്നത്. നിയമം തെറ്റിക്കുന്നവരെ ഉടൻ പിടികൂടാന്‍ കഴിവുള്ള റഡാറുകള്‍ വന്നതോടെ അപകടങ്ങള്‍ ഒരുപരിധിവരെ കുറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.