വിളകളാൽ സമൃദ്ധം, വിഷരഹിതം ഈ അടുക്കളത്തോട്ടം
text_fieldsഷാർജ: സാജിത പാഷയുടെ അടുക്കളത്തോട്ടം വിഭവങ്ങളാൽ സമൃദ്ധമാണ്. പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് കൺകുളിർക്കുന്ന കാഴ്ചകൾ സമ്മാനിക്കുകയാണ് ഷാർജയിലെ സാജിദ പാഷ.
അൽ അസ്റയിലെ തങ്ങളുടെ വില്ലയുടെ മുറ്റത്ത് വിത്ത് പാകി വിളയിച്ചിരിക്കുന്നത് നിരവധി വിളകളാണ്. മത്തങ്ങ, കുമ്പളങ്ങ, തണ്ണീർമത്തൻ, വഴുതന, തക്കാളി, വിവിധ തരം മുളകുകൾ, ചീര, മുള്ളങ്കി, കാബേജ്, വെള്ളരി, ഷമാം, കയ്പക്ക, പപ്പായ, കറിവേപ്പ്, നാരങ്ങ, അഗസ്തി ചീര, തുളസി, പൊതീന, പനിക്കൂർക്ക, സപ്പോട്ട, പീച്ചിങ്ങ, കൂസ, വിവിധ തരം പയറുകൾ, മുരിങ്ങ തുടങ്ങിയവ വീട്ടുമുറ്റത്ത് നട്ടു വളർത്തിയിരിക്കുകയാണ് ഇവർ. ഷാർജയിലെ മഹത്തയിൽ താമസിച്ചിരുന്ന സമയത്ത് ബാൽക്കണിയിൽ ചെറിയ രീതിയിൽ കൃഷി ചെയ്തിരുന്നു. കുടുംബം വലുതായതോടെ അടുത്തിടെയാണ് ഷാർജയിലെ അസ്റയിലെ വില്ലയിലേക്ക് താമസം മാറിയത്. പുതിയ വീട് നോക്കാനെത്തിയ കുടുംബാംഗങ്ങളെല്ലാം വില്ലയുടെ അകം നടന്നുകാണുമ്പോൾ സാജിദ മുറ്റത്തെ സൗകര്യം പരിശോധിച്ച് നടക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈയിൽ താമസം മാറിയശേഷം മുറ്റത്തെ പരമാവധി ഇടത്തെ ടൈൽസ് ഇളക്കി സാജിദ തന്റെ പണി ആരംഭിച്ചു. മണ്ണ് പാകപ്പെടുത്തി നല്ല വളം നിക്ഷേപിച്ചു. സെപ്റ്റംബറിൽ ചൂട് കുറഞ്ഞതോടെ വിത്ത് പാകി. ഒഴിവുസമയമെല്ലാം ഉപയോഗപ്പെടുത്തി പരമാവധി പരിചരിച്ചു. നാലു മാസം പിന്നിടുമ്പോൾ മുറ്റത്ത് കൺകുളിർക്കുന്ന വിളകൾ. കുമ്പളങ്ങ, വെള്ളരിക്ക, ചിരങ്ങ, ഷമാം, പീച്ചിങ്ങ, പാവക്ക, പയർ, തക്കാളി, ചീര എന്നിവ നിറയെ. ജൈവവളം മാത്രമാണ് ഉപയോഗിച്ചത്. വീട്ടിലെ ആവശ്യങ്ങൾക്ക് തന്റെ കൃഷിയിടത്തെ മാത്രമാണ് സാജിദ ആശ്രയിക്കുന്നത്. അധികമായുണ്ടായ വിഭവങ്ങൾ സുഹൃത്തുക്കളായ നിരവധി കുടുംബങ്ങൾക്ക് നൽകി.
ജൈവവളം കൊണ്ട് ഉണ്ടാക്കിയതാണ് എന്നതിനാൽ വിളവുകൾക്ക് നിരവധി ആവശ്യക്കാരാണ്. നാട്ടിൽനിന്ന് വിത്ത് എത്തിച്ചും വീട്ടിൽ വാങ്ങുന്ന പച്ചക്കറികളുടെ വിത്തുകൾ ഉപയോഗപ്പെടുത്തിയുമാണ് കൃഷി ചെയ്യുന്നത്. ചാണകം, ആട്ടിൻകാഷ്ഠം, വീട്ടിൽ ഉപയോഗിക്കുന്ന പച്ചക്കറികളുടെ വേസ്റ്റ് ഉപയോഗപ്പെടുത്തിയുള്ള കമ്പോസ്റ്റ് എന്നിവയാണ് വളം.
വഴിവക്കിൽ നഗരസഭ വെട്ടിയിടുന്ന മരക്കമ്പുകൾ കൊണ്ടുവന്ന് വളമാക്കിയും ഉപയോഗിക്കുന്നുണ്ട്. ഭർത്താവ് ഓഫിസിലേക്കും കുട്ടികൾ സ്കൂളിലേക്കും പോയിക്കഴിഞ്ഞാലുള്ള ഒഴിവുസമയം ഉപയോഗപ്പെടുത്തിയാണ് കൃഷിയിടത്തേക്ക് ഇറങ്ങുന്നത്. പൂച്ചെടികൾ കൂടി നട്ടു വളർത്തുന്നത് കൂടുതൽ പരാഗണത്തിന് ഗുണകരമാകുമെന്നാണ് സാജിദ പറയുന്നത്. ചരിത്രകാരനായ പ്രഫ. ഡോ. കമാൽപാഷയുടെ ഏഴാമത്തെ മകളാണ് സാജിദ പാഷ. മാതാവും പിതാവും പകർന്നുതന്നതാണ് കൃഷിപാഠങ്ങളെന്ന് സാജിദ അനുസ്മരിക്കുന്നു. ലീഗൽ കൺസൽട്ടന്റായ ഈസ അനീസാണ് ഭർത്താവ്. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും ഭർത്താവിന്റെ അകമഴിഞ്ഞ സഹായം വലിയ അനുഗ്രഹമാണ്. ഷാർജയിലെ പ്രവാസിശ്രീ പ്രവർത്തകകൂടിയാണ് സാജിദ പാഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.