ആയിരം കൊറ്റികളുടെ വീടാണീ മരം
text_fieldsനേരം ഇരുട്ടി തുടങ്ങുന്നതോടെ അൽഐൻ അബുദാബി റോഡിൽ മഖാം പ്രദേശത്തെ സിഗ്നലിനടുത്ത അറേബ്യൻ ഗം മരം (Acacia nilotica tree) ശുഭ്ര തൂവൽ ധാരികളായ കൊക്കുകളാൽ നിറയും. ഇരുൾ വ്യാപിക്കുന്നതോടെ സിഗ്നലിൽ നിന്നുള്ള പച്ചയും ചുവപ്പും മഞ്ഞയും വെളിച്ചം ഈ കൊക്കുകളിൽ പതിക്കുമ്പോൾ ദീപാലങ്കാരങ്ങൾകൊണ്ട് അലങ്കരിക്കപ്പെട്ടതായി തോന്നും. കൊക്കുകളുടെ ചിറകടിയും കലപില ശബ്ദവുംകൂടിയാകുമ്പോൾ ഉത്സവാന്തരീക്ഷം തന്നെയാണ് രൂപപ്പെടുന്നത്. പകൽ അന്നം തേടിപ്പോകുന്ന കൊക്കുകൾ രാത്രിയാകുന്നതോടെ വിശ്രമിക്കാൻ എത്തുന്നതാണ് ഈ മരത്തിൽ. കൊക്കുകൾ മുഴുവൻ ചേക്കേറുന്നതോടെ വെള്ളക്കുപ്പായമണിഞ്ഞ മട്ടിലാവും മരം.
മരുഭൂമിയിൽ ഇത്രയേറെ കൊക്കുകളെ ഒരുമിച്ചുകാണുന്നത് ആരിലും കൗതുകമുണർത്തും. സിഗ്നലിനോട് ചേർന്ന് റോഡരികിൽ വേറെയും ധാരാളം മരങ്ങളുണ്ടെങ്കിലും കൊക്കുകൾക്ക് പ്രിയം ഈ മരത്തോടാണ്. അബൂദബി, ദുബൈ, ഷാർജ തുടങ്ങിയ സ്ഥലങ്ങളിലെ പുൽത്തകിടുകളിലും പാർക്കുകളിലും പാർക്കുകളിലും ഇരതേടി അലയുന്ന വെള്ള കൊക്കുകളെ ധാരാളമായി കാണാറുണ്ടെങ്കിലും അൽഐനിൽ പൊതുവെ അങ്ങനെ കാണാറില്ല. എന്നാൽ, സന്ധ്യ മയങ്ങുന്നതോടെ അൽഐനിെൻറ പല ഭാഗത്തുനിന്നായി മഖാമിലെ ഈ മരത്തിൽവന്ന് കൊക്കുകൾ നിറയുന്നു. നേരം പുലരുന്നതോടെ പറന്നകലുന്ന ഇവ രാത്രികളെ ധന്യമാക്കാൻ വീണ്ടുമെത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.