ആശങ്കയുടെ കാർമേഘം നിറഞ്ഞ ആ നാളുകൾ
text_fieldsലോക്ഡൗണിൽ ലോക്കില്ലാതെ വന്ന റമദാനായിരുന്നു കഴിഞ്ഞ വർഷത്തേത്. കണ്ണുകൊണ്ട് ചിരിക്കാനും കഥ പറയാനും ഹസ്തദാനമില്ലാതെ സലാം പറയാനും മനസ്സുകൊണ്ട് ആലിംഗനം ചെയ്യാനും അകലം പാലിച്ച് അടുക്കാനും നമ്മെ പഠിപ്പിച്ച നാളുകൾ. ആരാധനാലയ വാതിലുകൾ അടച്ചിട്ടപ്പോൾ ഹൃദയ വാതിലുകൾ ജാതിമതഭേദമന്യേ തുറന്നു.
എല്ലാവർക്കും പുറത്തിറങ്ങാൻ പേടിയുള്ള സമയമായിരുന്നു അത്. കമ്പനി പി.ആർ.ഒ ആയതിനാൽ സ്‌പെഷൽ പെർമിഷൻ എടുത്ത് പുറത്തിറങ്ങി കഴിയുന്നത്ര സഹായം എത്തിക്കുകയായിരുന്നു ലക്ഷ്യം. സംഘടനകൾ തരുന്ന ഭക്ഷണപ്പൊതികളും വീട്ടിൽനിന്നുണ്ടാക്കിത്തരുന്ന ഭക്ഷണവും ജോലി നഷ്ടപ്പെട്ടവരിലേക്കെത്തിക്കുേമ്പാൾ അവരുെട കണ്ണിലെ തിളക്കവും പ്രാർഥനയുമായിരുന്നു ഞങ്ങളെ മുന്നോട്ടുനയിച്ചത്.
ഈ യാത്രകൾക്കിടയിൽ കണ്ണുനനയിക്കുന്ന കാഴ്ചകളായിരുന്നു ഏറെയും. പ്രതീക്ഷകളുടെ കൂമ്പാരവുമായി സ്വപ്നഭൂമിയിൽ വിസിറ്റ് വിസയിൽ എത്തിയ കുറെ സ്ത്രീകൾ, മകനെ തേടിയെത്തി ഇവിടെ കുടുങ്ങിയ ഒരു ഉമ്മ, ജോലി നഷ്ടപ്പെട്ടിട്ടും ശമ്പളം വെട്ടിക്കുറക്കപ്പെട്ടിട്ടും നാടണയാൻ കഴിയാതെ കഴിയുന്ന യുവാക്കൾ.
ഞാൻ കാരണം ആർക്കും അസുഖം വരരുത് എന്നുള്ളതിനാൽ ഫുഡ് കിറ്റ് വാങ്ങാൻ വരുന്നവർ മാസ്‌കും ഗ്ലൗസും നിർബന്ധമായും ധരിക്കണമെന്ന് പ്രത്യേകം പറയുമായിരുന്നു.
മിക്കവാറും നോമ്പ് തുറന്നിരുന്നത് വണ്ടിയിൽനിന്ന് ഒരു ഈന്തപ്പഴമോ വെള്ളമോ കുടിച്ചായിരിക്കും. റൂമിൽ എത്തുമ്പോൾ ഒമ്പത് മണിയാകും. ഭാര്യയും മോളും കാത്തിരിക്കും. റൂമിലെത്തി ചൂട് വെള്ളത്തിൽ ഡ്രസ് കഴുകി കുളിച്ച ശേഷമാണ് എന്തെങ്കിലും കഴിച്ചിരുന്നത്.
വാഹനത്തിരക്കില്ലാത്ത ശൈഖ് സായിദ് റോഡിനെ കുറിച്ച് ചിന്തിക്കാൻപോലും കഴിയാതിരുന്ന കാലത്താണ് ഒഴിഞ്ഞ നിരത്തിലൂടെ വാഹനമോടിച്ചത്. സ്‌പെഷൽ പെർമിറ്റ് എടുത്ത വിവരം അറിയാതെ പൊലീസുകാർ തടഞ്ഞതെല്ലാം കഴിഞ്ഞ നോമ്പിെൻറ ഓർമകളാണ്. വെറും ഒരു സുലൈമാനി മാത്രം ഉണ്ടാക്കുമായിരുന്ന എന്നെ കുക്കായി മാറ്റിയതും കഴിഞ്ഞ റമദാൻ ആയിരുന്നു.
സ്വന്തമായി വികസിപ്പിച്ചെടുത്ത 'ഇമ്യൂണോ ബൂസ്റ്റർ ഡ്രിങ്കാ'യിരുന്നു എെൻറ ആരോഗ്യ സംരക്ഷകൻ. ചെറുനാരങ്ങ നീരിൽ അര ടീ സ്പൂൺ മഞ്ഞൾപ്പൊടിയും രണ്ട് ടീ സ്പൂൺ തേനും ഒരു കഷണം ഇഞ്ചി ചതച്ചതും ആവശ്യത്തിന് ചൂട് വെള്ളം ചേർത്തിളക്കിയായിരുന്നു ബൂസ്റ്റർ ഡ്രിങ്കുണ്ടാക്കിയത്. കോവിഡിനെ പ്രതിരോധിക്കാൻ ഇത് സഹായിക്കുെമന്ന് ഇപ്പോഴും വിശ്വസിക്കുന്നു. ഒരു വർഷം പിന്നിടുമ്പോഴും ഇതിന് മാറ്റം വരുത്താതെ ആരോഗ്യ കാര്യത്തിൽ ഇപ്പോഴും ശ്രദ്ധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.