ആ കരങ്ങൾ ഇപ്പോഴും അലിക്കൊപ്പം
text_fieldsഅബൂദബി: യു.എ.ഇയുടെ അമരക്കാരനായി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അധികാരമേൽക്കുമ്പോൾ അദ്ദേഹത്തിന്‍റെ കരുണയുടെ നേരടയാളമായി മലപ്പുറം സ്വദേശി മുല്ലപ്പള്ളി അലി ഇപ്പോഴും അബൂദബിയിലുണ്ട്. നാല് വർഷം മുൻപ് രോഗക്കിടക്കയിലേക്ക് വീണുപോയ അലിയെ ആശുപത്രിയിലെത്തി സന്ദർശിച്ച ശൈഖ് മുഹമ്മദ് തന്നെയാണ് ഇപ്പോഴും അദ്ദേഹത്തിന് കരുതലിന്‍റെ കരവലയമൊരുക്കുന്നത്. രോഗബാധിതനായ ശേഷം ജോലിയിൽ നിന്ന് വിശ്രമം അനുവദിച്ചെങ്കിലും രാജകുടുംബത്തിന്‍റെ വിസയും താമസവും ശമ്പളവുമൊന്നും ഇപ്പോഴും മുടങ്ങിയിട്ടില്ല.
തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് 2018 ഡിസംബർ 23നാണ് ശൈഖ് മുഹമ്മദിന്‍റെ പേഴ്സനൽ സ്റ്റാഫ് അംഗമായ മലപ്പുറം കുറുവ പഴമള്ളൂർ മുല്ലപ്പള്ളി അലി (60) അബൂദബിയിലെ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായത്. വിവരം ലഭിച്ചയുടൻ കിരീടാവകാശിയുടെ ഓഫിസിൽ നിന്ന് അലിയുടെ കുടുംബാംഗങ്ങളെ വിളിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ശൈഖ് മുഹമ്മദിന്‍റെ നിർദേശപ്രകാരം അബൂദബിയിലെ ഏറ്റവും മികച്ച ആശുപത്രിയിലായിരുന്നു ചികിത്സ. ശസ്ത്രക്രിയക്ക് ശേഷം കൂടുതൽ ശ്രദ്ധ നൽകുന്നതിനായി റോയൽ കോർട്ട് ഓഫിസ് ഇടപെട്ട് ക്ലീവ് ലാൻഡ് ആശുപത്രിയിലേക്ക് മാറ്റി.
ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോൾ ആശുപത്രിയിൽ ഒരു വിശിഷ്ടാതിഥി എത്തി, സാക്ഷാൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. അന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഉപ സർവ സൈന്യാധിപനുമായിരുന്നു ശൈഖ് മുഹമ്മദ്. കൂടുതൽ ആരോഗ്യത്തോടെ തിരിച്ചുവരണമെന്ന് കൈകൾ ചേർത്ത് പിടിച്ച് ആശംസിച്ചാണ് അദ്ദേഹം മടങ്ങിയത്. അന്ന് ചേർത്തുപിടിച്ച കരങ്ങൾ ശൈഖ് മുഹമ്മദ് ഇപ്പോഴും കൈവിട്ടിട്ടില്ല.
അബൂദബി സർക്കാരിന്‍റെ വിസയിലാണ് അലിയും കുടുംബവും ഇപ്പോഴും യു.എ.ഇയിൽ തങ്ങുന്നത്. ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കാനും ജോലിക്ക് വരേണ്ടെന്നുമായിരുന്നു നിർദേശം. എന്നാൽ, അന്ന് കിട്ടിയിരുന്ന ആനുകൂല്യങ്ങളൊന്നും ഇന്നും മുടങ്ങാതെ ലഭിക്കുന്നു. ഈ രാജ്യത്തെയും ഇവിടുത്തെ ഭരണാധികാരികളെയും ഇപ്പോഴും ലോകം നെഞ്ചോട് ചേർക്കുന്നത് ഇതുകൊണ്ടൊക്കെയാണെന്ന് അലി പറയുന്നു. 16ാം വയസിൽ യു.എ.ഇയിൽ എത്തിയ അലി മൂന്ന് പതിറ്റാണ്ടിലേറെ അബൂദബി കൊട്ടാരത്തിലെ ജീവനക്കാരനായിരുന്നു. ശൈഖ് മുഹമ്മദിന്‍റെ പല വിദേശ യാത്രകളിലും അലിയും ഒപ്പമുണ്ടായിരുന്നു. ഭാര്യ റംല, മക്കളായ നസീബ്, നസീർ, നിസാർ എന്നിവർക്കൊപ്പം അബൂദബിയിലാണ് അലിയുടെ താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.