മൂന്ന് ബി.എൽ.എസ് കേന്ദ്രങ്ങൾ ഇനി ഏഴു ദിവസവും
text_fieldsദുബൈ: ഇന്ത്യക്കാരുടെ പാസ്പോർട്ട്, വിസ സേവനങ്ങൾക്കായി പ്രവർത്തിക്കുന്ന യു.എ.ഇയിലെ മൂന്ന് ബി.എൽ.എസ് കേന്ദ്രങ്ങൾ ഇനി ആഴ്ചയിൽ ഏഴു ദിവസവും പ്രവർത്തിക്കുമെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
ദുബൈ അൽഖലീജ് സെന്റർ, ബർദുബൈ ഹബീബ് ബാങ്ക് എ.ജി സൂറിച്ച് അൽ ജവാറ ബിൽഡിങ്, ഷാർജ അബ്ദുൽ അസീസ് മാജിദ് ബിൽഡിങ്ങിലെ എച്ച്.എസ്.ബി.സി സെന്റർ എന്നിവയാണ് ഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവസവും തുറക്കുന്നത്.
നാളെ മുതൽ ഇത് പ്രാബല്യത്തിലാകും.
അതേസമയം, യു.എ.ഇ സർക്കാറിന്റെ അവധി ദിനങ്ങളിലും റമദാനിലെ ഞായറാഴ്ചകളിലും തുറന്നു പ്രവർത്തിക്കില്ലെന്ന് കോൺസുലേറ്റ് അറിയിച്ചു.
ഞായറാഴ്ചകളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് മൂന്നു വരെ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. https://blsindiavisa-uae.com/appointmentbls/appointment.php എന്ന ലിങ്ക് വഴിയാണ് അപ്പോയ്ന്റ്മെന്റിന് അപേക്ഷിക്കേണ്ടത്. സംശയങ്ങൾക്ക് 80046342 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കാമെന്നും അധികൃതർ വ്യക്തമാക്കി.
തൊഴിലാളികൾക്ക് ഉപകാരപ്രദം -മന്ത്രി മുരളീധരൻ
ദുബൈ: ബി.എൽ.എസ് കേന്ദ്രങ്ങൾ ഏഴ് ദിവസവും പ്രവർത്തിക്കുന്നത് തൊഴിലാളികൾക്ക് ഉപകാരപ്രദമാകുമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. യു.എ.ഇ സന്ദർശനത്തിന്റെ ഭാഗമായി ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാസ്പോർട്ട് പുതുക്കൽ പോലുള്ള കാര്യങ്ങൾക്ക് നിലവിൽ അവധി എടുത്ത് പോകേണ്ട അവസ്ഥയുണ്ടായിരുന്നു. ഇനി മുതൽ ഇത് ഒഴിവാകും. ഇന്ത്യക്കാരുടെ ക്ഷേമത്തിനായി വിദേശകാര്യ വകുപ്പിന്റെ ഇടപെടലിനെ തുടർന്നാണ് ഈ സൗകര്യം ഏർപ്പെടുത്തിയത്. ഇന്ത്യക്കാർ കൂടുതലുള്ള രാജ്യം എന്ന നിലയിലാണ് യു.എ.ഇയിൽ ഏഴ് ദിവസവും സേവനം നൽകുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
യു.എ.ഇയിലെ വിവിധ പരിപാടികളിലും മുരളീധരൻ പങ്കെടുത്തു. ഇന്ത്യൻ കോൺസുലേറ്റിൽ വിവിധ സംഘടന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. യു.എ.ഇയിലെ മലയാളി സംഘടനകളുടേതുൾപ്പെടെ പ്രതിനിധികൾ പങ്കെടുത്തു. വിമാനനിരക്ക് വർധന, പ്രവാസി വോട്ടവകാശം തുടങ്ങിയ വിഷയങ്ങൾ വീണ്ടും മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ഇവയിൽ അനുഭാവപൂർവമായ ഇടപെടലുണ്ടാകുമെന്ന് മന്ത്രി മറുപടി നൽകി. തമിഴ് സംഘം സംഘടിപ്പിച്ച പൊങ്കൽ ആഘോഷത്തിലും മന്ത്രി പങ്കെടുത്തു. ദുബൈയിലെ വിദ്യാർഥി സമൂഹവുമായി സംവാദവും സംഘടിപ്പിച്ചു. വിവിധ പരിപാടികളിൽ കോൺസുൽ ജനറൽ ഡോ. അമൻപുരി, മുൻ കോൺസുൽ ജനറൽ വിപുൽ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.